ട്വന്റി-20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് അഫ്ഗാനിസ്താന്‍ കീഴടങ്ങി; ജയം 37 റണ്‍സിന്

മുംബൈ: ട്വന്റി-20 ലോകകപ്പില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് അഫ്ഗാനിസ്താന്‍ കീഴടങ്ങി. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 172 റണ്‍സിന് പുറത്തായി. 44 റണ്‍സെടുത്ത മുഹമ്മദ് ഷഹ്‌സാദാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. 4 വിക്കറ്റു വീഴ്ത്തിയ ക്രിസ് മോറിസാണ് അഫ്ഗാനിസ്താന്റെ വിജയമോഹങ്ങള്‍ തല്ലിക്കെടുത്തിയത്. ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനോടു തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഈ ജയം കൂടുതല്‍ ആത്മവിശ്വാസം പകരും.

ടോസ് നേടി ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഹാഷിം അംലയെ നഷ്ടമായി. എന്നാല്‍, ഒരറ്റത്ത് ഉറച്ചുനിന്ന ഡി കോക്കും ഡുപ്ലെസിസും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ അതിവേഗം മുന്നോട്ടു പോയി. 45 റണ്‍സെടുത്ത് ഡികോക്കും 41 റണ്‍സെടുത്ത് ഡുപ്ലെസിസും പുറത്താകുമ്പോഴേക്കും കളിയുടെ ചുക്കാന്‍ ഡിവില്ലിയേഴ്‌സ് പിടിച്ചെടുത്തിരുന്നു. 29 പന്തില്‍ 64 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സാണ് ടോപ് സ്‌കോറര്‍. 29 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡുമിനിയുടെയും 19 റണ്‍സെടുത്ത മില്ലറുടെയും ഇന്നിംഗ്‌സ് കൂടി ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 209 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ്ഫ്ഗാന്റെ ബാറ്റിംഗ് കരുതലോടെയായിരുന്നു. ശ്രദ്ധയോടെ കളിച്ച ഷഹ്‌സാദും നൂര്‍ അലി സദ്രാനും ചേര്‍ന്ന് പതിയെ സ്‌കോര്‍ മുന്നോട്ടു നയിച്ചു. ഷഹ്‌സാദ് 44ഉം സദ്രാന്‍ 25ഉം റണ്‍സെടുത്ത് പുറത്തായി. നായകന്‍ അസ്ഗര്‍ സാറ്റ്‌നിസ്‌കായ് 7 റണ്‍സെടുത്ത് വേഗത്തില്‍ മടങ്ങി. പിന്നീട് ഗുല്‍ബാദിന്‍ നബി (26), സമിയുള്ള ഷെന്‍വാരി (25) എന്നിവരുടെ ചെറുത്തുനില്‍പ് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും വാലറ്റം അതിവേഗം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ വിജയം അഫ്ഗാന് അന്യമാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News