അഫ്രീദിയുടെ പാക് നായകസ്ഥാനം തെറിച്ചേക്കും; ഇന്ത്യക്കെതിരായ തോല്‍വിയെ തുടര്‍ന്ന് പാക് ക്രിക്കറ്റ് ബോര്‍ഡില്‍ അഫ്രീദിക്കെതിരെ പടയൊരുക്കം

കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പിലെ മത്സരത്തില്‍ ഇന്ത്യയോടു തോറ്റതോടെ പാകിസ്താന്‍ നായകന്‍ അഫ്രീദിക്കെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡില്‍ പടയൊരുക്കം. അഫ്രീദിയുടെ നായകസ്ഥാനം തെറിച്ചേക്കുമെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണിത്. ടൂര്‍ണമെന്റ് അവസാനിക്കാന്‍ പോലും കാത്തു നില്‍ക്കാതെ അഫ്രീദിയുടെ തൊപ്പി തെറിക്കുമെന്ന സൂചന പാക്ക് ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടു കഴിഞ്ഞു. ഇന്നലെ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് പാകിസ്താന്‍ ഇന്ത്യയോട് തോറ്റത്. പാക്കിസ്ഥാന്‍ കോച്ച് വഖാര്‍ യൂനിസും പുറത്താകുമെന്ന് സൂചനകള്‍ പുറത്തുവരുന്നുണ്ട്.

അഫ്രീദിയുടെ പ്രകടനത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനുള്ളില്‍ കടുത്ത അമര്‍ഷമുണ്ട്. ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് അഫ്രീദി നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാല്‍ പോലും പോലും ക്യാപ്റ്റന്‍ സ്ഥാനത്ത് അദ്ദേഹത്തെ നിലനിര്‍ത്താന്‍ സാധ്യതയില്ല. മാത്രമല്ല, വിരമിച്ചില്ലെങ്കിലും കളിക്കാരനെന്ന നിലയിലുള്ള അഫ്രീദിയുടെ ടീമിലെ സ്ഥാനത്തിലും ഉറപ്പില്ല. ഇന്ത്യയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചതുള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ അഫ്രീദി നടത്തിയ പ്രസ്താവനകളും അദ്ദേഹത്തെ ബോര്‍ഡിന്റെ കണ്ണിലെ കരടാക്കിയിട്ടുണ്ട്.

ലോകകപ്പിന് ശേഷം ടീം സെലക്ഷന്‍ കമ്മിറ്റി തന്നെ പിരിച്ചുവിടുമെന്ന് പിസിബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പാകിസ്താന്‍ ലോകകപ്പ് ജയിച്ചാല്‍പോലും ഹാറൂണ്‍ റഷീദിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിടുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News