അണ്ണന്മാര് കനിഞ്ഞാ താമസിയാതെ വരും; പൊഡ്യൂസേഴ്‌സ് അസോസിയേഷനെ പരിഹസിച്ച് ‘ലീല’യുടെ ടീസര്‍

leela-movie

നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് എതിരെ പരോക്ഷ വിമര്‍ശനവുമായി രഞ്ജിത് ചിത്രം ലീലയുടെ ടീസര്‍ റിലീസ് ചെയ്തു. അണ്ണന്മാര് കനിഞ്ഞാല്‍ താമസിയാതെ വരും എന്നാണ് ടീസറിന്റെ തലവാചകം. ചിത്രത്തിലെ നായകനായ കുട്ടിയപ്പനെ പരിചയപ്പെടുത്തുന്നതാണ് ലീലയുടെ ടീസര്‍. ബിജുമേനോനാണ് കുട്ടിയപ്പനെ അവതരിപ്പിക്കുന്നത്. ആര്‍ ഉണ്ണിയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് രഞ്ജിത് ലീല ഒരുക്കിയത്.

ലീലയുടെ ചിത്രീകരണത്തെ നേരത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയിരുന്നു. തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ച കൂലി നല്‍കാനാകില്ല എന്നതായിരുന്നു നിര്‍മാതാക്കളുടെ നിലപാട്. വേതനതര്‍ക്ക വിഷയത്തില്‍ സിനിമാ ചിത്രീകരണം നിര്‍ത്തിവെയ്ക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍ദേശവും നല്‍കി.

എന്നാല്‍ നിര്‍ദേശം തള്ളിയ രഞ്ജിത് സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ട നിരക്കില്‍ വേതനം നല്കാന്‍ തയ്യാറായി. അസോസിയേഷന്‍ നിര്‍ദ്ദേശം കണക്കിലെടുക്കാതെ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ രഞ്ജിത് ചിത്രീകരണവും തുടര്‍ന്നു. ഇതാണ് നിര്‍മ്മാതാക്കളുടെ സംഘടന ലീലയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണം.

തീയറ്ററുടമകളെ കൂട്ടുപിടിച്ച് ലീലയ്ക്ക് വിലക്കേര്‍പ്പെടുത്താനായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റ് നീക്കം. തീയറ്റര്‍ ഉടമകള്‍ അസോസിയേഷന്റെ നിലപാടിനൊപ്പം നിന്നില്ല. ഇതോടെ പ്രൊഡ്യൂസര്‍മാരുടെ നീക്കം പൊളിഞ്ഞു. ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here