നാട്ടിലിറങ്ങിയ ആനകള്‍ കൊമ്പില്‍ കോര്‍ത്തെടുത്തത് നാല് ജീവനുകള്‍; മൂന്നിടത്തായി അരങ്ങേറിയ ദാരുണകാഴ്ച ബംഗാളിലെ ബര്‍ധമാനില്‍; വീഡിയോ കാണാം

ബര്‍ധമാന്‍ (പശ്ചിമബംഗാള്‍): നാട്ടിലിറങ്ങിയ കാട്ടാനകള്‍ കൊമ്പില്‍ കോര്‍ത്ത് വലിച്ചെറിഞ്ഞത് നാല് ഗ്രാമീണരെ. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. രണ്ട് പേര്‍ ആനയുടെ പിടിയില്‍നിന്ന് കഷ്ടിച്ച് രക്ഷപെട്ടു. പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ ജില്ലയിലാണ് സംഭവം.

അനന്തമയി റായ് (60), നാരായണ്‍ ചന്ദ്രമാജി (60) എന്നിവരാണ് കൊല്ലപ്പെട്ട രണ്ട് പേര്‍. ബര്‍ധമാന്‍ ജില്ലയിലെ നഷിഗ്രാം വില്ലേജില്‍ നടന്ന സംഭവത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. അതിരാവിലെ പാടത്ത് കൃഷിക്കിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്.

ബര്‍ധമാനിലെ മന്ദേശ്വര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മറ്റ് രണ്ട് സംഭവങ്ങള്‍ അരങ്ങേറിയത്. ബഘസോള്‍ ഗ്രാമത്തിലാണ് രണ്ടാമത്തെ സംഭവം. നാട്ടിലിറങ്ങിയ ആന പ്രകാശ് ബോയ്‌റ എന്ന നാല്‍പതുകാരനെ തുമ്പിക്കൈയില്‍ ചുഴറ്റി കൊമ്പില്‍ കോര്‍ത്തെടുത്തു. തുടര്‍ന്ന് ആന ഇയാളെ നിലത്തടിച്ച ശേഷം ചവിട്ടിയരച്ച് കൊന്നു. കൃഷിസ്ഥലം പരിശോധിക്കുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം.

മന്ദേശ്വര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തന്നെ വരുന്ന കുസുംഗ്രാമിലാണ് കാട്ടാനയുടെ മൂന്നാമത്തെ ആക്രമണം ഉണ്ടായത്. കൃഷിയിടത്തില്‍ പണിയെടുക്കുകയായിരുന്ന സിറാജ് ഷെയ്ഖ് എന്ന നാല്‍പ്പത്തഞ്ചുകാരനാണ് മരിച്ചത്. ഇവിടെ നടത്ത സംഭവത്തിലാണ് രണ്ട് പേര്‍ക്ക് പരുക്കേറ്റത്.

ദലാമ കാടിന് സമീപമാണ് കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനെടുത്തത്. ദാമോദര്‍ വാലി നദി കടന്ന അഞ്ച് ആനകളാണ് നാട്ടിലിറങ്ങിയത്. നാല് പേരുടെ ജീവനെടുത്ത ആനകള്‍ വ്യാപകമായി കൃഷിയും നശിപ്പിച്ചുവെന്ന് പ്രദേശത്തെ ഫോറസ്റ്റ് ഓഫീസര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here