മണിയുടെ മരണം; തിടുക്കപ്പെട്ട് നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടെന്ന് അന്വേഷണഉദ്യോഗസ്ഥര്‍; കൊലപാതകമോ ആത്മഹത്യയോയെന്ന കാര്യത്തില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ വ്യക്തത വരുത്തും

തൃശൂര്‍: കലാഭവന്‍മണിയുടെ ദുരുഹമരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ തിടുക്കപ്പെട്ട് നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിലെ വിലയിരുത്തല്‍. എല്ലാ സാധ്യതകളും പരിഗണിച്ചുള്ള അന്വേഷണമാണ് രണ്ടാം ഘട്ടത്തില്‍ നടക്കുക. മരണം കൊലപാതകമോ ആത്മഹത്യയോ എന്ന കാര്യത്തില്‍ ഒരാഴ്ച്ചയ്ക്കകം വ്യക്തത വരുത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം എത്തിയെന്ന പരിശോധനാ ഫലം പുറത്തു വന്നതോടെ സംഭവത്തിലെ ദൂരൂഹതകള്‍ ഇരട്ടിയായിരുന്നു. ഇതിന്റെ ഉറവിടത്തിനായി നടത്തിയ അന്വേഷണത്തില്‍ മണിയുടെ കുടുംബവീടിനടുത്തുനിന്ന് കീടനാശിനി കുപ്പി കണ്ടെത്തിയതും നിര്‍ണായക വഴിത്തിരിവായി. പാടിയില്‍ കൂട്ടം ചേര്‍ന്നുള്ള മദ്യപാനം നടന്നെങ്കിലും മണിയുടെ ശരീരത്തില്‍ വിഷാശം എത്തിയത് പുലര്‍ച്ചെ അഞ്ചു മണിക്ക് ശേഷമാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഇതോടെ പാടിയില്‍ കഴിഞ്ഞ മണിയുടെ ശരീരത്തില്‍ കീടനാശിനി എത്താനുള്ള സാധ്യതകളിലേക്കായി പ്രധാന അന്വേഷണം. ആത്മഹത്യ, ബോധപൂര്‍വ്വമായ അപടകടപ്പെടുത്തല്‍ തുടങ്ങി എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു

മണിയുടെ സഹായികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നുവരികയാണ്. കണ്ടെടുത്ത കീടനാശിനികളുടെ രാസപരിശോധനാ ഫലം ലഭ്യമാകുന്നതോടെ വിഷാംശത്തിന്റെ ഉറവിടത്തില്‍ വ്യക്തത ഉണ്ടാവും. സുഹൃത്തുകളുടെയും ബന്ധുക്കളുടെയും മൊഴികള്‍ വീണ്ടും ശേഖരിക്കും. തിടുക്കപ്പെട്ട് നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടതില്ല എന്ന തീരുമാനമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം കൈക്കൊണ്ടത്. എന്നാല്‍ മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ ഒരാഴ്ച്ചയ്ക്കകം സ്ഥിരീകരണം നല്‍കാനാവും എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News