88 വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസ് പ്രസിഡന്റ് ക്യൂബയില്‍; ഒബാമ ഫിഡല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് സൂചന; ക്യൂബന്‍ വിമതരുമായുള്ള കൂടിക്കാഴ്ച നാളെ

ഹവാന: ചരിത്രം മാറ്റിയെഴുതി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ക്യൂബയിലെത്തി. 88 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു യു.എസ് പ്രസിഡന്റ് ക്യൂബയില്‍ എത്തുന്നത്. ലാറ്റിനമേരിക്കന്‍ പര്യടനങ്ങളുടെ ഭാഗമായാണ് രണ്ട് ദിവസത്തെ ക്യൂബന്‍ സന്ദര്‍ശനം.

ഇന്നും നാളെയും വിവിധ പരിപാടികളില്‍ ഒബാമ പങ്കെടുക്കും. മിഷേല്‍ ഒബാമയും മക്കളായ മാലിയയും സാഷയും ഒബാമക്കൊപ്പമുണ്ട്. ആദ്യദിവസം ക്യൂബന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്ന ഒബാമ അത്താഴവിരുന്നിലും പങ്കെടുക്കും. രണ്ടാം ദിവസം ക്യൂബന്‍ ടിവിയില്‍ പ്രസംഗിക്കും. ക്യൂബന്‍ വിമതരുമായുള്ള കൂടിക്കാഴ്ചയും ഒരുക്കിയിട്ടുണ്ട്.

അതേസമയം, മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച ഉണ്ടാവില്ലെന്നാണ് അന്തര്‍ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ക്യൂബന്‍ സന്ദര്‍ശനത്തിന് ശേഷം ഒബാമ അര്‍ജന്റീനയിലേക്ക് പോകും.

അരനൂറ്റാണ്ടുകാലത്തെ ശത്രുത വെടിഞ്ഞ് ഇരുരാജ്യങ്ങളും കൈകോര്‍ക്കുമ്പോള്‍ അമേരിക്കയുടെയും ക്യൂബയുടെയും വ്യാപാര മേഖലക്ക് പുതുജീവന്‍ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. 1960കള്‍ മുതല്‍ യുഎസ്-ക്യൂബ വ്യാപാര ബന്ധം മരവിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തങ്ങളുടെ തലസ്ഥാനങ്ങളില്‍ എംബസികള്‍ തുറന്നിട്ടുണ്ട്.

1928ല്‍ കാല്‍വിന്‍ കൂളിഡ്ജാണ് ക്യൂബ സന്ദര്‍ശിച്ച അവസാന അമേരിക്കന്‍ പ്രസിഡന്റ്. 2014ല്‍ റൗള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ ക്യൂബ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here