യുഎഇയില്‍നിന്നുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വര്‍ധിപ്പിക്കുന്നു; 39 സര്‍വീസുകള്‍ വര്‍ധിക്കും; കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ക്കു മുന്‍ഗണനയെന്ന് സിഇഒ

ദുബായ്: യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് വര്‍ധിപ്പിക്കുന്നു. 107-ല്‍നിന്നു 146 ആയാണു സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. പ്രതിദിനം 21 സര്‍വീസുകള്‍ എന്ന നിലയിലേക്കു വര്‍ധിപ്പിക്കാനാണ് എയര്‍ ഇന്ത്യ എക്‌സപ്രസ് വര്‍ധിപ്പിക്കുന്നതെന്നു സിഇഒ കെ ശ്യാം സുന്ദര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആറു പുതിയ വിമാനങ്ങള്‍ ഫ്‌ളീറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.

ജൂണ്‍ മുതല്‍ കരിപ്പൂരില്‍നിന്നു ദുബായിലേക്കും തിരിച്ചും ദിവസം രണ്ടു സര്‍വീസുകള്‍ വീതമുണ്ടാകും. പുതിയ സര്‍വീസ് വൈകിട്ട് അഞ്ചിന് ദുബായില്‍നിന്നു പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിക്കുക. കരിപ്പൂരില്‍നിന്നു ബഹ്‌റൈനിലേക്കും ദോഹയിലേക്കും തിരിച്ചും പുതിയ സര്‍വീസുകള്‍ ആരംഭിക്കും. കോഴിക്കോട്-കുവൈത്ത് സര്‍വീസ് ആഴ്ചയില്‍ മൂന്നില്‍നിന്ന് അഞ്ചായി വര്‍ധിപ്പിക്കും. ദുബായ്-തിരുവനന്തപുരം സര്‍വീസ് അഞ്ചില്‍നിന്ന് ആറാക്കും. കണ്ണൂര്‍ വിമാനത്താവളം സജ്ജമാകുന്ന മുറയ്ക്ക് അവിടേക്കും സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ തിരുവനന്തപുരം-ദുബായ് സെക്ടറില്‍ 930 സീറ്റുകളാണുള്ളത്. ഇത് 1116 ആയായിരിക്കും വര്‍ധിപ്പിക്കുക. റാസല്‍ ഖൈമയില്‍നിന്നും അല്‍ഐനില്‍നിന്നും രണ്ടു വിമാനങ്ങളും കോഴിക്കോട്ടേക്കു സര്‍വീസ് ആരംഭിക്കും.

സംസ്ഥാനത്തിനു പുറത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കും. മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടി സര്‍വീസ് നടത്തും. അല്‍ ഐന്‍-കോഴിക്കോട് സര്‍വീസ് ആഴ്ചയില്‍ നാലു ദിവസം നടത്തും. പുതിയ ആറ് ബോയിംഗ് 737 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാങ്ങുക. ഏപ്രില്‍ ഏഴിന് ദുബായ്-മുംബൈ, ദുബായ്-ഷാര്‍ജ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും. വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചകളിലുമാണ് കോഴിക്കോട് അല്‍ ഐന്‍ റാസല്‍ ഖൈമ-കോഴിക്കോട് വിമാനങ്ങള്‍ ഉണ്ടാകുക. ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ഇത് കോഴിക്കോട്-റാസല്‍ ഖൈമ, അല്‍ ഐന്‍ – കോഴിക്കോട് എന്ന നിലയിലായിരിക്കും. പ്രത്യേക ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് വിഷുക്കാലത്തോടെ തുടങ്ങും. സൗജന്യമായി ഭക്ഷണം നല്‍കുന്ന ഏക ബജറ്റ് എയര്‍ലൈനാണ് എയര്‍ ഇന്ത്യ. വിഷുക്കാലത്തോടെ ആവശ്യക്കാര്‍ക്ക് പണം നല്‍കി ഭക്ഷണം നല്‍കുന്ന രീതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News