ഇന്ത്യയെന്നാല്‍ ‘ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍’ മാത്രമല്ലെന്ന് തരൂര്‍; കൃഷ്ണനും കനയ്യകുമാറും ഉള്‍ക്കൊള്ളുന്നതാകണം ഇന്ത്യ; പ്രസ്താവനയില്‍ അമര്‍ഷവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ദില്ലി: ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ദേശീയത നിര്‍ണയിക്കരുതെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഭാരത് മാതാ കീ ജയ് എന്നു വിളിച്ചാല്‍ മാത്രമേ രാജ്യസ്‌നേഹിയാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നതില്‍ സന്തോഷമുണ്ട്. പക്ഷെ മറ്റുള്ളവരും ഇതു പറയണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും തരൂര്‍ പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം വിശ്വാസത്തോടൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കേണ്ട കടമ പൗരന്‍മാര്‍ക്കുണ്ട്. എന്ത് പറയണം, ചിന്തിക്കണം, വിശ്വസിക്കണം എന്നതിനെ കുറിച്ച് പൗരന്‍മാര്‍ക്ക് ഭരണഘടന സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. കൃഷ്ണനും കനയ്യ കുമാറും ഉള്‍പ്പെടുന്നതാകണം ഇന്ത്യ. വിവിധ മതങ്ങളെയും ആശയങ്ങളും സ്വീകരിച്ചാണ് ഇന്ത്യ വളര്‍ന്നത്. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ തുടങ്ങിയവയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇന്ത്യയെന്നും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വയ്ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്ന ആശയത്തെ കുറിച്ച് രാജ്യത്തെ ജനങ്ങളെയും പാര്‍ലമെന്റിനെയും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ബോധവാന്‍മാരാക്കിയെന്നും തരൂര്‍ പറഞ്ഞു.

അതേസമയം കനയ്യ കുമാറിനെ ഭഗത് സിംഗിനോട് ഉപമിച്ച ശശി തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് അമര്‍ഷം രേഖപ്പെടുത്തി. ഈ തലമുറയിലെ ഒരു വിദ്യാര്‍ഥിയേയും ഭഗത് സിംഗിനോട് ഉപമിക്കാന്‍ ആകില്ലെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. ഹൈക്കമാന്റ് വിമര്‍ശനം ഉന്നയിച്ചതോടെ ന്യായീകരണവുമായി ശശി തരൂര്‍ രംഗത്തെത്തി.

നേതൃത്വം അതൃപ്തി വ്യക്തമാക്കിയതോടെ വിശദീകരണവുമായി തരൂര്‍ രംഗത്തെത്തി. പ്രഭാഷണത്തിനിടയില്‍ സദസില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയതതെന്ന് ശശരി തരൂര്‍ പ്രതികരിച്ചു. അതേസമയം അസമില്‍ വോട്ട് നേടാന്‍ കനയ്യയുടെ ചിത്രങ്ങളാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News