ദേശീയതാ വാദം ആര്‍എസ്എസ് പറയുന്നതല്ല; അറിയേണ്ട യാഥാര്‍ഥ്യങ്ങള്‍

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായി സംസാരിക്കുന്നവരെയെല്ലാം ദേശദ്രോഹികളായി ചിത്രീകരിക്കുവാനുള്ള പ്രവണത ശക്തിപ്പെട്ടുവരുന്നതായി കാണാന്‍ കഴിയും. ജവഹര്‍ലാല്‍നെഹ്റു സര്‍വകലാശാലാ വിദ്യാര്‍ഥി സമരത്തോടനുബന്ധിച്ചാണ് ഇതു ശക്തിപ്പെട്ടത്. ദേശീയത എന്നാല്‍ ഹിന്ദു ദേശീയതയാണെന്ന് വ്യാഖ്യാനിക്കുവാനും അതുവഴി ആര്‍എസ്എസിന്റെ ഹിന്ദുത്വ സിദ്ധാന്തത്തിനെതിരായി നില്‍ക്കുന്നവരെല്ലാം ദേശദ്രോഹികളാണെന്ന് വരുത്താനുമാണ് ശ്രമം നടക്കുന്നത്.

എന്താണ് ദേശീയത?

ദേശീയതയും മാര്‍ക്സിസവും എന്ന ലഘുലേഖയില്‍ സ്റ്റാലിന്‍ ഇങ്ങനെ പറയുന്നു: ”പൊതുവായ ഭാഷയുടെയും ഭൂപ്രദേശത്തിന്റെയും സാമ്പത്തിക ജീവിതത്തിന്റെയും പൊതു സംസ്‌കാരത്തില്‍ പ്രകടിതമാവുന്ന മാനസിക അവബോധ നിര്‍മ്മിതിയുടെയും അടിസ്ഥാനത്തില്‍ സുസ്ഥിരമാക്കപ്പെട്ടതും ചരിത്രപരമായി സ്ഥാപിതവുമായ ജനങ്ങളുടെ സുസ്ഥിര സമൂഹമാണ് രാഷ്ട്രം”.
ഇതനുസരിച്ച്,
1. ഒരു രാഷ്ട്രമെന്നത് പ്രാഥമികമായും നിയതമായ സ്വഭാവമുള്ള ഒരു ജനസമൂഹമാണ്.
2. അത് വംശീയമോ ഗോത്രപരമോ ആയി രൂപംകൊണ്ടതല്ല; മറിച്ച് ചരിത്രപരമായി രൂപംകൊണ്ടതാണ്.
3. ചരിത്രപരമായി രൂപംകൊണ്ട ഈ സമൂഹം താല്‍ക്കാലികമോ അല്‍പായുസോ ആയ ഒരു സമുച്ചയമല്ല മറിച്ച് അത് സുസ്ഥിരമായ സ്വഭാവമുള്ള ഒന്നാണ്.
4. അതിന് പൊതുവായ ഒരു ഭാഷയുണ്ടായിരിക്കും.
5. ആ ജനസമൂഹം ദീര്‍ഘകാലമായി പൊതുവായ ഒരു ഭൂപ്രദേശത്ത് താമസിച്ചുവരുന്നവരായിരിക്കും.
6. ആ ജനസമൂഹത്തിന് പൊതുവായ ഒരു സാമ്പത്തിക ജീവിതം മാത്രമല്ല സാമ്പത്തികമായ പരസ്പരാശ്രിതത്വവും ഉണ്ടായിരിക്കും.
ഇതിനെല്ലാത്തിനും പുറമെ ഈ ജനസമൂഹത്തിന് പൊതുവായ സംസ്‌കാരത്തിലൂടെ പ്രകടിതമാവുന്ന ഒരു പൊതു മാനസികാവബോധം രൂപം കൊണ്ടിട്ടുണ്ടായിരിക്കും.

ഹിന്ദു ദേശീയത

ഇങ്ങനെ പൊതുവായ ഒരു ദേശീയത ഇന്ത്യന്‍ ജനതയ്ക്ക് എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? സവര്‍ക്കറുടെ അഭിപ്രായത്തില്‍” നാം ഹിന്ദുക്കള്‍ ഒരു രാഷ്ട്രം മാത്രമല്ല ഒരു ജാതി കൂടെയാണ്. എന്നാല്‍ ഇത് രണ്ടും ആയിരിക്കുന്നതിന്റെ ഫലമായി പ്രകടമായും ഒരു പൊതു സംസ്‌കാരത്തിന്റെ ഉടമകള്‍ കൂടെയാണ്. അത് കാത്തു സൂക്ഷിക്കപ്പെടുന്നത് മുഖ്യമായും മൗലികമായി നമ്മുടെ വംശത്തിന്റെ യഥാര്‍ഥ മാതൃഭാഷയായ സംസ്‌കൃതത്തിലൂടെയാണ്. ഈ സംസ്‌കാരത്തിനെ ഹിന്ദുവായിരിക്കുന്ന ഏതൊരാളും പൂര്‍വ്വാര്‍ജിത സ്വത്തെന്നപോലെ സ്വായത്തമാക്കുകയും സ്വന്തം പൂര്‍വ്വ ചിന്തകളുടെ രക്തത്തെപ്പോലെയും ഈ ഭൂമിയുടെ ഭാഗമെന്ന നിലയില്‍ സ്വ ശരീരത്തെപ്പോലെയും ആത്മീയമായി അതിനോട് കടപ്പെട്ടിരിക്കുന്നു”. ഇതാണ് ഹിന്ദുദേശീയത സംബന്ധിച്ച ഹിന്ദുത്വ സിദ്ധാന്തം. ഇതനുസരിച്ച് ഹിന്ദുക്കളുടെ പൊതു ഭാഷയാണ് സംസ്‌കൃതം. മാത്രമല്ല ഹിന്ദുക്കള്‍ക്കാകെ പൊതുവായ ഒരു സംസ്‌കാരവുമുണ്ട്. ഈ രണ്ടു കാരണങ്ങളാല്‍ ഹിന്ദു ദേശീയതയാല്‍ പരസ്പരബന്ധിതമായ ഒരു രാഷ്ട്ര സമൂഹമാണ് ഹിന്ദുക്കള്‍ എന്നാണവരുടെ വാദം.

സംസ്‌കൃതം ഇന്നൊരു മൃതഭാഷയാണ്. അതുകൊണ്ടുതന്നെ ആ ഭാഷയ്ക്ക് ഇന്ന് ജനങ്ങളുടെ ആശയ സംവേദനവുമായി യാതൊരു ബന്ധവുമില്ല. അത് ഉപയോഗിക്കുന്നവര്‍ ഒരു വരേണ്യ ന്യൂനപക്ഷം മാത്രമാണ്. പണ്ടും അങ്ങനെയായിരുന്നു. അതുകൊണ്ടുതന്നെ സംസ്‌കൃതഭാഷ ഇന്ത്യന്‍ ജനതയുടെ ആകെ ഭാഷയാണെന്ന വാദം വസ്തുതാവിരുദ്ധമാണ്.
രണ്ടാമത്തെ കാര്യം ഇന്ത്യയ്ക്കാകെ ഒരു പൊതു സംസ്‌കാരമുണ്ടോ എന്നതാണ്. സവര്‍ക്കറുടെ വാദം ശ്രീരാമന്‍ ഇന്ത്യയാകെ കീഴടക്കി ഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം നടത്തിയ അശ്വമേധയാഗത്തിലെ അശ്വം വിജിഗീഷു ആയി തിരിച്ചുവന്നതോടെ യഥാര്‍ഥ ഹിന്ദു ജനിച്ചുവീണു എന്നുമാണ്.

”വെല്ലുവിളിക്കിരയാവാതെയും വെല്ലുവിളിക്കപ്പെടാതെയും അശ്വം അയോധ്യയിലേക്ക് തിരിച്ചെത്തിയ ആ ദിനത്തില്‍ രാമചന്ദ്ര മഹാരാജാവിന്റെ കിരീടത്തിന് മുകളില്‍ സര്‍വ്വാധികാരത്തിന്റെ ശുഭ്രപതാക വിരിഞ്ഞു. ധീരനും നന്മയുടെ ആള്‍ രൂപവുമായ ശ്രീരാമന്‍ സ്നേഹപൂര്‍ണ്ണമായ യജമാനഭക്തി നല്‍കാന്‍ ആര്യരക്തത്തില്‍ പിറന്ന രാജാക്കന്മാര്‍ മാത്രമല്ല ദക്ഷിണ ഭാഗത്തുനിന്നുള്ള ഹനുമാനും സുഗ്രീവനും വിഭീഷണനും അടക്കമുള്ളവര്‍ തയ്യാറായ അന്നാണ് ഹിന്ദു ജനതയുടെ യഥാര്‍ഥ ജന്മദിനം (ഹിന്ദുത്വ സവര്‍ക്കര്‍) എന്നാണ് സവര്‍ക്കര്‍ അവകാശപ്പെടുന്നത്.

അങ്ങനെയെങ്കില്‍ ഇന്ത്യ, ഭാരതമെന്നല്ല രാമരാജ്യം എന്നായിരുന്നു അറിയപ്പെടേണ്ടത്. ദുഷ്യന്തന്റെയും ശകുന്തളയുടെയും പുത്രനായ ഭരതനാണ് ആദ്യമായി ഇന്ത്യയാകെ കീഴ്പ്പെടുത്തി ഭരിച്ചത് എന്നതുകൊണ്ടാണ് ഭാരതം എന്ന പേരു വന്നത് എന്ന് പുരാണങ്ങള്‍തന്നെ പറയുന്നു. ഭരതന്‍ ജനിക്കുന്നത് ശ്രീരാമനു ശേഷമാണ്. ഭരതന്റെ അനന്തര തലമുറകളില്‍പ്പെട്ടവരാണ് പാണ്ഡവരും കൗരവരുമൊക്കെ. അപ്പോള്‍ ഒരേ ഭൂപ്രദേശത്തിനുകീഴില്‍ ഒരു ഭരണാധികാരിയുടെ കീഴില്‍ ഇന്ത്യ കഴിഞ്ഞത് ശ്രീരാമന്റെ കാലത്തല്ല ഭരതന്റെ കാലത്താണ്. ശ്രീരാമന്റെ അശ്വം അയോധ്യയില്‍ തിരിച്ചെത്തിയതോടെ ഭാരതത്തിലെ ഹിന്ദുക്കളാകെ ഒരു സംസ്‌കാരത്തിന്‍ കീഴിലായി എന്ന വാദത്തെ പുരാണങ്ങള്‍തന്നെ തിരസ്‌കരിക്കുന്നു. വെട്ടിപ്പിടിച്ച് ഭാരതത്തെയാകെ കാല്‍ക്കീഴിലാക്കിയ ഭരതന് ഇന്ത്യയിലാകെ ഒറ്റ ദേശീയത കൊണ്ടുവരാന്‍ കഴിഞ്ഞോ? ഇല്ല എന്നാണല്ലോ മഹാഭാരതയുദ്ധംതന്നെ വ്യക്തമാക്കുന്നത്.

എത്രമാത്രം രാജാക്കന്മാരാണ് കുരുക്ഷേത്ര ഭൂമിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഭൂപ്രദേശം വെട്ടിപ്പിടിച്ചതുകൊണ്ടുമാത്രം ദേശീയമായ ഐക്യബോധം വരുമെങ്കില്‍ ഇന്ത്യയാകെ വെട്ടിപ്പിടിച്ച ബ്രിട്ടീഷുകാരുടെ ദേശീയത നാം ഉള്‍ക്കൊള്ളുമായിരുന്നല്ലോ? അതുണ്ടായില്ല എന്നു മാത്രമല്ല അതിനെ എതിര്‍ക്കുകയാണ് ഇന്ത്യക്കാര്‍ ചെയ്തത്. വെട്ടിപ്പിടിച്ചതുകൊണ്ടോ കീഴ്പ്പെടുത്തല്‍കൊണ്ടോ ദേശീയബോധം അങ്കുരിപ്പിക്കാനാവില്ല.
ഇതില്‍നിന്ന് വ്യക്തമാവുന്നത് ഹിന്ദു ദേശീയത എന്നപേരില്‍ ഒന്ന് ഇല്ല എന്നുതന്നെയാണ്. ഒന്നാമതായി ഒരു രാജഭരണത്തിനു കീഴിലെ പ്രജകള്‍ക്ക് എങ്ങനെയാണ് രാജാവിന്റെ രാജ്യം തന്റെ രാജ്യമാണെന്ന തോന്നലുണ്ടാവുക? ദേശീയത മുതളിത്തത്തിന്റെ സൃഷ്ടിയാണ്. പ്രജ എന്നതില്‍നിന്ന് ഭരണത്തില്‍ പങ്കാളിത്തമുള്ള പൗരന്‍ എന്ന നിലയിലേക്ക് ജനം ഉയര്‍ത്തപ്പെടുമ്പോഴാണ് രാജ്യം തന്റേതാണെന്ന ബോധം, ദേശീയബോധം, അവര്‍ക്കുണ്ടാവുക. അങ്ങനെയൊരു ബോധം സൃഷ്ടിക്കാന്‍ രാജഭരണത്തിന് കഴിയില്ല.

ബഹുഭാഷാ-ബഹു ദേശീയരാഷ്ട്രം

ദേശീയത സംബന്ധിച്ച സ്റ്റാലിന്റെ നിര്‍വ്വചനമനുസരിച്ച് ഇന്ത്യ ഒരു ഏക ദേശീയ രാഷ്ട്രമല്ല, മറിച്ച് അത് ഒരു ബഹുഭാഷ-ബഹുദേശീയ രാഷ്ട്രമാണ്. ഇതിനെ ഏകദേശീയ സ്വഭാവത്തിലേക്ക് വളര്‍ത്തിയത് സാമ്രാജ്യത്വവിരുദ്ധ പോരാട്ടമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ഇന്ത്യയിലെ ബഹുജനങ്ങള്‍ ഒന്നായി നടത്തിയ പോരാട്ടത്തിലൂടെയാണ് ഇന്ത്യയില്‍ പൊതുവായ ഒരു ദേശീയബോധം ജാതിക്കും മതത്തിനും വര്‍ഗത്തിനും വര്‍ണത്തിനും ഭാഷയ്ക്കും അതീതമായി വളര്‍ന്നുവന്നത്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ-ഭൂപ്രഭുവര്‍ഗം ജനതയ്ക്കുമുമ്പില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനം നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാതെ നിക്ഷിപ്ത താല്‍പര്യ സംരക്ഷണത്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചത് എന്നതിനാല്‍ വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ ഇന്ത്യക്കാരല്ല എന്ന മനോഭാവം വളര്‍ന്നുവരുന്നതിനിടയാക്കി. ഖാലിസ്ഥാന്‍വാദവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേറിട്ടുപോകല്‍ വാദങ്ങളുമൊക്കെ ഇതിന്റെ അനുരണങ്ങളായിരുന്നു. ഇന്ന് ഭരണത്തിലിരിക്കുന്ന പാര്‍ടിതന്നെ ഹിന്ദുക്കളൊഴികെയുള്ളവരെയൊക്കെ രണ്ടാംതരം പൗരന്മാരായി കാണുന്ന സിദ്ധാന്തമാണ് നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത് പുതിയ രീതിയിലുള്ള അമര്‍ഷത്തിനും സമരങ്ങള്‍ക്കും ഇടയാക്കിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ഒന്നായി കാണാനും അവര്‍ക്ക് പ്രാഥമിക ജീവിത സൗകര്യങ്ങളെങ്കിലും ഉണ്ടാക്കിക്കൊടുക്കാനും അന്തസ്സോടെ ഇന്ത്യന്‍ പൗരന്മാരായി കഴിയാനുമുള്ള അവസരം ഭരണവര്‍ഗം നല്‍കിയാല്‍ മാത്രമെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലൂടെ വളര്‍ത്തിയെടുത്ത ദേശീയബോധത്തെ ശക്തിപ്പെടുത്തി മുന്നേറാനാവൂ.

എന്നാല്‍ ഇന്ന് ഇന്ത്യന്‍ ഭരണവര്‍ഗംതന്നെ ആഗോള ധനമൂലധന ശക്തികള്‍ക്ക് കീഴ്പ്പെട്ടുകൊണ്ട് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയാകെ വിദേശ മൂലധനശക്തികള്‍ക്ക് തുറന്നിട്ടുകൊടുത്തിരിക്കുകയാണ്. സാമ്രാജ്യത്വ വിരുദ്ധത എന്നത് സ്വയം അലിഞ്ഞില്ലാതായിക്കൊണ്ടിരിക്കുകയാണ്. ദേശീയതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ഘടകം സാമ്രാജ്യത്വം സ്പോണ്‍സര്‍ചെയ്യുന്ന നവലിബറല്‍ നയങ്ങള്‍ തന്നെയാണ്. അതിനെതിരായ പോരാട്ടം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ ദേശീയത സംരക്ഷിക്കാനാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News