ദുബായിൽ ജീവിക്കാന്‍ സാധാരണവരുമാനക്കാര്‍ക്കാവില്ല; ഒറ്റമുറി ഫ്‌ളാറ്റ് വാടക 1.15 ലക്ഷം ദിര്‍ഹം; ശമ്പളം കുറഞ്ഞപ്പോള്‍ വാടകയും കുട്ടികളുടെ ഫീസും താങ്ങാനാവില്ല; പ്രവാസികള്‍ നാട്ടിലേക്ക് ഒഴുകുന്നു

ദുബായ്: ശമ്പളം വെട്ടിക്കുറയ്ക്കുകയും നിര്‍ബന്ധിച്ച അവധി നടപ്പാക്കുകയും ചെയ്യാന്‍ കമ്പനികള്‍ തുടങ്ങിയതിനു പിന്നാലെ ദുബായിലും ഒട്ടുമിക്ക ഗള്‍ഫ് പ്രദേശങ്ങളിലും ഫ്‌ളാറ്റുകള്‍ക്കു വാടക മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചു. ഒറ്റമുറി ഫ്‌ളാറ്റുകളുടെ വാടക ഒന്നേകാല്‍ ലക്ഷം ദിര്‍ഹം വരെയായാണു വര്‍ധിച്ചത്. പ്രതിവര്‍ഷ വാടക വര്‍ധിച്ചതോടെ പല പ്രവാസി കുടുംബങ്ങളും കൂടുംബസമേതം നാട്ടിലേക്കു മടങ്ങുകയാണെന്നാണു റിപ്പോര്‍ട്ട്. ഗള്‍ഫിലെ വരുമാനംകൊണ്ട് അവിടെത്തന്നെ കുടുംബമായി കഴിയാന്‍കഴിയാത്ത സാഹചര്യമായതോടെ നാട്ടില്‍ ജോലി നോക്കാമെന്നാണ് കുടുംബങ്ങളുടെ തീരുമാനം.

പതിവില്‍കവിഞ്ഞ് അവധിക്കാല യാത്രയ്ക്കു തിരക്കേറിയതായി വിമാനക്കമ്പനികളും ചൂണ്ടിക്കാട്ടുന്നുണ്ട്. സ്‌കൂളുകളിലാകട്ടെ കുട്ടികള്‍ക്കു ടിസി വാങ്ങുന്ന തിരക്കും. മിക്ക സ്‌കൂളുകളിലും മലയാളിക്കുട്ടികളെ ടിസി വാങ്ങി നാട്ടിലേക്കു കൊണ്ടുപോയി. ഇതോടെ, പലരും ഈ അവധിക്കാലത്തു നാട്ടിലേക്കു പോയാല്‍ മടങ്ങിവന്നേക്കില്ലെന്നാണു സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ദുബായിലെ കമ്പനികള്‍ അഞ്ചു ശതമാനം വരെ ശമ്പളം വര്‍ധിപ്പിച്ചിരുന്നു. ഇത് ഒരുതരത്തിലും പ്രതിസന്ധി കുറയ്ക്കാന്‍ സഹായിച്ചില്ലെന്നാണ് പ്രവാസികള്‍ പറയുന്നത്. കനത്ത വിലക്കയറ്റമാണ് ദുബായ് അടക്കം ഗള്‍ഫിലെവിടെയും. അതിനിടയിലാണ് ഫ്‌ളാറ്റ് വാടകയും കൂടിയത്. വാടക നിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് ഫ്്‌ളാറ്റുകളുടെ വാടക കുതിച്ചുയര്‍ന്നത്.

ഒറ്റമുറി ഫ്‌ളാറ്റിന് 55000 മുതല്‍ 86500 ദിര്‍ഹം വരെയായിരുന്നു വാടക. അതാണ് 70000 മുതല്‍ 1.15 ലക്ഷം വരെയായത്. ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്കു പരിഗണിക്കുമ്പോള്‍ 13.6 ലക്ഷം രൂപയാണ് ഒരു ഫ്‌ളാറ്റിന് പ്രതിവര്‍ഷം വാടക നല്‍കണ്ടിവരിക. ഇരുപതു ലക്ഷം രൂപ വാര്‍ഷിക ശമ്പളം ഉള്ളവര്‍ക്കുപോലും കുട്ടികളും കുടുംബമവുമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍. പ്രതിവര്‍ഷം അരക്കോടി രൂപയെങ്കിലും ശമ്പളം കിട്ടാത്തവര്‍ക്ക് കുടുംബസമേതം ദുബായില്‍ താമസിക്കാനാവില്ല. മലയാളികളായ പ്രവാസികളിലേറെയും ഇതിനേക്കാള്‍ എത്രയോ കുറഞ്ഞ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്.

ദുബായിലും പല ഗള്‍ഫ് നഗരങ്ങളിലും ഒറ്റമുറി ഫ്‌ളാറ്റുകള്‍ വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ വന്‍ തുക കൊടുത്തു ഫ്‌ളാറ്റെടുത്തു താമസിച്ചാല്‍ ചെലവുകള്‍ക്കു പണം കണ്ടെത്താന്‍ കഴിയാത്ത നിലയായിരിക്കും സാധാരണ പ്രവാസികള്‍ക്കുണ്ടാവുക. അബുദാബിയിലും ദുബായിലും ജോലിയുണ്ടായിരുന്നവര്‍ കുടുംബസമേതം താമസിക്കാന്‍ ഷാര്‍ജ, റാസല്‍ഖഖൈമ, ഉംഉല്‍ ഖുവൈന്‍, ബുജേറ എന്നിവിടങ്ങളിലായിരുന്നു ഫ്‌ളാറ്റുകളെടുത്തിരുന്നത്. ഇവിടെയും വന്‍തോതില്‍ ഫ്‌ളാറ്റ് വാടക ഉയര്‍ത്തി. ഇതോടെയാണ് കൂടുതല്‍ പ്രവാസികളും ജോലി അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്.

ഭാര്യയെയും കുട്ടികളെയും നാട്ടിലേക്കയച്ചു കൂട്ടുകാര്‍ ചേര്‍ന്ന് ഒരു മുറി, രണ്ടു മുറി ഫ്‌ളാറ്റുകള്‍ പങ്കിടാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കുമുണ്ട് പ്രശ്‌നം. ഒരു ഫ്‌ളാറ്റില്‍ താമസക്കാരുടെ എണ്ണം മൂന്നില്‍ കൂടരുതെന്നു നിയമം കര്‍ക്കശമാക്കിയിട്ടുണ്ട്. ഒരു ഫ്‌ളാറ്റിലാകട്ടെ എത്ര മുറിയുണ്ടെങ്കിലും ഒരു കുടുംബത്തിനു മാത്രമേ താമസിക്കാന്‍ അനുമതിയുള്ളൂ. ഷെയര്‍ ചെയ്തു ഫ്‌ളാറ്റുകളിലും മുറികളിലും താമസക്കാരുണ്ടോ എന്നറിയാന്‍ റെയ്ഡുകള്‍ കര്‍ക്കശമാക്കിയിട്ടുമുണ്ട്. ഇതിനു പുറമേയാണ് വൈദ്യുതി, വെള്ളം, പാചക വാതകം എന്നിവയ്ക്കുള്ള വില വര്‍ധനയും. മാലിന്യ സംസ്‌കരണത്തിനു നികുതി നല്‍കണമെന്ന നിയമം കൂടി വരുന്നതോടെ ഗള്‍ഫിലെ മലയാളികള്‍ അടക്കമുള്ള എല്ലാ പ്രവാസികളുടെയും ജീവിതം കടുത്ത പ്രതിസന്ധിയിലാകും.

സ്‌കൂള്‍ ഫീസാണ് പ്രവാസികളെ ബാധിക്കുന്ന മറ്റൊരു പ്രശ്‌നം. നഴ്‌സറി ക്ലാസില്‍ പ്രതിമാസം ഒരു ലക്ഷം രൂപവരെ ഫീസ് നല്‍കേണ്ടിവരും. ഇന്ത്യന്‍ രൂപയുടെ കണക്കില്‍ നോക്കിയാല്‍ പ്രതിവര്‍ഷം ദശലക്ഷങ്ങളാണ്ഫീസ് നല്‍കേണ്ടിവരിക. രണ്ടു കുട്ടികളുടെ സ്‌കൂള്‍ ബസ് ഫീസ് മാത്രം പ്രതിവര്‍ഷം 4500 ദിര്‍ഹമാണ്. പലരും കമ്പനിയുടെ നില മെച്ചപ്പെടുമെന്നു കരുതി കടം വാങ്ങി ജീവിക്കുന്നുണ്ട്. ഇവര്‍ക്ക് ഈകടമൊക്കെ വീട്ടിയാല്‍ മാത്രമേ ഗള്‍ഫില്‍നിന്നു നാട്ടിലേക്കു വരാനാകൂ. കടം കൊടുക്കുന്നതിലും മലയാളികള്‍ മുന്നിലാണ്. മലയാളികള്‍ വരും നാളുകളില്‍ കൂട്ടത്തോടെ മടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. അവധിക്കാലത്ത് നാട്ടിലേക്കു മടങ്ങി തിരിച്ചുവരേണ്ടെന്നാണു പലരുടെയും തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News