ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകന്‍ സി എന്‍ പരമേശ്വരന്റെ സുഭാഷിതം ബിജെപി സംസ്ഥാന സെക്രട്ടറിക്കു ‘ദഹിച്ചില്ല’; ശാസ്ത്ര സത്യം പ്രക്ഷേപണം ചെയ്തതിന്റെ പേരില്‍ വനിത അടക്കം ആകാശവാണി ഉദ്യോഗസ്ഥര്‍ക്കു ഭീഷണി

തൃശൂര്‍: ആകാശവാണിയിലെ സുഭാഷിതം പരിപാടി കാലങ്ങളായി നിരവധി ശ്രോതാക്കളുള്ളതാണ്. സൂര്യനു കീഴിലുള്ള ഏതു വിഷയത്തെക്കുറിച്ചു സുഭാഷിതങ്ങള്‍ പങ്കുവച്ചു വരാറുള്ളതു വിവിധ മേഖലകളിലെ പ്രമുഖരും. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകന്‍ എത്തിയപ്പോള്‍ അതു ബിജെപി നേതാവിന് പിടിച്ചില്ല. ശാസ്ത്ര സത്യം സുഭാഷിതമായി പറഞ്ഞതിന്റെ പേരില്‍ ബിജെപി നേതാവ് തൃശൂര്‍ ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ക്കും വനിതാ പ്രോഗ്രാം എക്‌സിക്യൂട്ടീവിനെയുംഫോണില്‍ പച്ചത്തെറി വിളിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ഗോപാലകൃഷ്ണനാണ് ആകാശവാണി ജീവനക്കാരെ അസഭ്യം വിളിച്ചതും ഭീഷണിപ്പെടുത്തിയതും.

ഈ മാസം 13നും 14നും 15നും പ്രക്ഷേപണം ചെയ്ത സുഭാഷിതത്തിനെതിരെയാണ് ഗോപാലകൃഷ്ണന്‍ സംസ്‌കാരശൂന്യമായി പ്രതികരിച്ചത്.. ഭാരതസംസ്‌കാരത്തിന് യോജിക്കാത്ത പരിപാടികള്‍ പ്രക്ഷേപണം ചെയ്താല്‍ ഫലം അനുഭവിക്കാന്‍ തയ്യാറാകണമെന്നായിരുന്നു ഭീഷണി. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ഗോപാലകൃഷ്ണന്‍ എന്ന് പരിചയപ്പെടുത്തിയാണ് അദ്ദേഹം സംസാരം ആരംഭിച്ചത്.

ആകാശവാണിയില്‍ വരുന്ന കാര്യങ്ങള്‍ ഹിന്ദു വിരുദ്ധമാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്ഷേപണം ചെയ്ത സുഭാഷിതം ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നും ഇതിനു ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഭീഷണി. ചില വ്യക്തികള്‍ക്ക് ആകാശവാണിയില്‍ വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പരാതി പറയാന്‍ സ്റ്റേഷന്‍ ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചപ്പോഴാണ് സമാന അനുഭവം അദ്ദേഹത്തിനുണ്ടായതായി പ്രോഗ്രാം എക്‌സിക്യുട്ടീവ് അറിഞ്ഞത്.

പ്രശസ്ത എഴുത്തുകാരനും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനുമാണ് ഡോ. സി എന്‍ പരമേശ്വരന്‍. കാട് കൈയേറ്റവും ആദിവാസിപീഡനവും പുതിയതല്ലെന്നും പുരാണത്തിലും ഇതിനുദാഹരണം കണ്ടെത്താനാകുമെന്നും പരമേശ്വരന്‍ പരിപാടിയില്‍ പറഞ്ഞു. ഇതാണ് ഭീഷണിക്ക് കാരണം. ആര്യന്മാരും അനാര്യന്മാരും തമ്മിലെ യുദ്ധം യഥാര്‍ഥത്തില്‍ കാട് കൈയേറിയ ആര്യന്മാരും കാട്ടില്‍നിന്ന് ആട്ടിയകറ്റപ്പെട്ട തദ്ദേശീയരായ കാട്ടുവാസികളും തമ്മിലുള്ള സമരങ്ങളായിരുന്നുവെന്നും ഡോ. പരമേശ്വരന്‍ വിശദീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here