ശ്രീനിവാസന്‍ പറഞ്ഞ മീന്‍ അവിയല്‍ ഒരു സംഭവം തന്നെ; മീന്‍ അവിയല്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിക്കാം

ഈശ്വരാ.. മീന്‍ അവിയല്‍ എന്തായോ എന്തോ.. ശ്രീനിവാസന്റെ ഈ ഡയലോഗിലൂടെയാണ് മീന്‍ അവിയല്‍ എന്നൊരു സാധനത്തെ പറ്റി കേള്‍ക്കുന്നത്. എങ്കില്‍ പിന്നെ അതൊന്നു ഉണ്ടാക്കി നോക്കിയാല്‍ എന്താ. മീന്‍ അവിയല്‍ ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവര്‍ വീണ്ടും വീണ്ടും അത് കഴിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന മീന്‍ അവിയല്‍ എങ്ങനെ ഉണ്ടാക്കാം എന്നു പഠിക്കാം.

അവശ്യവസ്തുക്കള്‍

  • മീന്‍-അരക്കിലോ (നല്ല മീനായിക്കോട്ടെ, ചളമായാല്‍ കാശുപോകും, മറക്കേണ്ട)
  • മല്ലി-2 ടേബിള്‍ സ്പൂണ്‍
  • ചുവന്ന മുളക്-6 എണ്ണം
  • മഞ്ഞള്‍പൊടി-ഒരു നുള്ള്
  • ചെറിയ ഉള്ളി-5 എണ്ണം
  • വെളുത്തുള്ളി-3 അല്ലി
  • പച്ചമാങ്ങ തൊലികളഞ്ഞ് അരിഞ്ഞത്-ഒരു കപ്പ്
  • കറിവേപ്പില-ആവശ്യത്തിന്
  • ജീരകം-അര ടീസ്പൂണ്‍ (നിര്‍ബന്ധമില്ല)
  • സവാള അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍
  • ഇഞ്ചി അരിഞ്ഞത്-അര ടീസ്പൂണ്‍
  • പച്ചമുളക് നെടുകെ പിളര്‍ന്നത്-3 എണ്ണം
  • തേങ്ങ ചിരകിയത്-അരക്കപ്പ് (മിക്‌സിയിലിട്ട് ഒന്ന് ഒതുക്കിയാല്‍ നല്ലത്)
  • വെളിച്ചെണ്ണ-2 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്-ആവശ്യത്തിന്., അനാവശ്യത്തിന് ഇട്ടാല്‍ അവനവന്‍ തന്നെ അനുഭവിക്കേണ്ടി വരും.

ഉണ്ടാക്കുന്നത് എങ്ങനെ?

ചുവടുകട്ടിയുള്ള ഒരു പാത്രമാണ് ആദ്യം വേണ്ടത്. പാത്രം നന്നായി കഴുകി അടുപ്പില്‍ വയ്ക്കുക. അല്‍പം എണ്ണയൊഴിച്ച് എണ്ണ ഒന്നു ചൂടായാല്‍ മല്ലി, ചുവന്ന മുളക്, മഞ്ഞള്‍പൊടി, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ കരിഞ്ഞു പോകതെ ഒന്നു മൂപ്പിച്ചെടുക്കുക. ശേഷം ഇവ നന്നായി അരച്ചെടുക്കുക. ഈ അരപ്പില്‍ മീന്‍, പച്ചമാങ്ങ, കറിവേപ്പില, ഉപ്പ് എന്നിവയും ചേര്‍ത്ത് മീനിന് വേദനിക്കാത്ത രീതിയില്‍ നന്നായി മിക്‌സ് ചെയ്യുക. ശേഷം രണ്ട് കപ്പ് വെള്ളമൊഴിച്ച്, ഇടത്തരം തീയില്‍ വേവിക്കുക. അടുപ്പത്തുള്ള ഐറ്റം തിളച്ചാല്‍ അതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, തേങ്ങ, കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ക്കുക. കറി കട്ടിയാകന്‍ വേണ്ടി തിളക്കാത്ത രീതിയില്‍ കുറച്ചു നേരം കൂടി വേവിക്കുക.

ഒരു മേമ്പൊടിക്ക് വേണമെങ്കില്‍ മുരിങ്ങക്കായ, കാരറ്റ് എന്നിവയും ചേര്‍ക്കാം. അവിയലിനുള്ള പച്ചക്കറികളും കൂടെ ചേര്‍ക്കാം. വേവിന് അനുസരിച്ച് പല സ്റ്റെപ്പുകളായിട്ടാണ് ചേര്‍ക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News