ആപ്പിളിന്റെ പുതിയ ഐഒഎസ് വേര്‍ഷന്‍ അടുത്തമാസം എത്തും; ഐഒഎസ് 9.3 എങ്ങനെ ഐഫോണില്‍ അപ്‌ഡേറ്റ് ചെയ്യാം?

ഒട്ടേറെ പുതിയ ഫീച്ചേഴ്‌സുമായി ആപ്പിളിന്റെ ഐഒഎസ് 9.3 വേര്‍ഷന്‍ അടുത്തമാസം എത്തും. ജനുവരിയില്‍ പുറത്തിറക്കിയ ഐഒഎസ് 9.3 ഏപ്രില്‍ 3നാണ് ഔദ്യോഗികമായി റണ്‍ ചെയ്യാന്‍ തുടങ്ങുന്നത്. നിലവില്‍ ഐഒഎസ് 9 അടക്കമുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 9.3 വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ പറ്റും. ഐഒഎസ് 9.2.1 വേര്‍ഷനെ അപേക്ഷിച്ച് ഒട്ടനവധി പുതിയ ഫീച്ചേഴ്‌സ് 9.3 വേര്‍ഷനിലുണ്ട്.

നൈറ്റ്ഷിഫ്റ്റ് ആണ് ഒരു പുതിയ ഫീച്ചര്‍. ഫോണിലെ കടുത്ത നീലനിറത്തിന്റെ എക്‌സ്‌പോസര്‍ കുറയ്ക്കുന്നതിനുള്ള ഒരു പുതിയ മോഡാണിത്. ഇത് നിങ്ങള്‍ കിടക്കാന്‍ പോകുന്നതിനു മുമ്പ് മോഡ് ഓണ്‍ ആകും. ഫോണിലെ ക്ലോക്കും ജിയോലൊക്കേഷനും ഉപയോഗിച്ചാണ് നിങ്ങളുടെ സ്ഥലത്തെ സൂര്യാസ്തമയം നൈറ്റ് ഷിഫ്റ്റ് മോഡ് തീരുമാനിക്കുന്നത്. തുടര്‍ന്ന് കണ്ണുകള്‍ക്ക് കുറേക്കൂടി ആയാസരഹിതമായ കളറുകളിലേക്ക് ഫോണ്‍ ഓട്ടോമാറ്റിക്കായി തന്നെ ഷിഫ്റ്റ് ആകുന്നു. രാവിലെ ഫോണ്‍ ഓട്ടോമാറ്റിക്കായി തന്നെ നോര്‍മല്‍ സെറ്റിംഗ്‌സിലേക്ക് മടങ്ങി വരുകയും ചെയ്യും.

പുതിയ കുറേ എജ്യുക്കേഷന്‍ ഫീച്ചേഴ്‌സും അടങ്ങിയിട്ടുണ്ട് ഐഒഎസ് 9.3 വേര്‍ഷനില്‍. ഐപാഡുകള്‍ക്കാണ് ഈ ഫീച്ചേഴ്‌സ് കുറേക്കൂടി ഉപകാരപ്രദമാകുക. അതായത് മറ്റേതെങ്കിലും ഐപാഡിലുള്ള എജ്യുക്കേഷന്‍ ആപ്പുകള്‍, ബുക്കുകള്‍, ഡോക്യുമെന്റുകള്‍ എന്നിവ വളരെ വേഗത്തില്‍ കുട്ടികള്‍ക്ക് സ്വന്തമാക്കാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും. ഒരിക്കല്‍ ലോഗിന്‍ ചെയ്താല്‍ പിന്നീട് കുട്ടിയുടെ ഫോട്ടോയും കാണാന്‍ സാധിക്കും. ഇനി ക്ലാസില്‍ ഐപാഡ് ഉപയോഗിക്കുന്ന കുട്ടികളുടെ ഐപാഡിനെ നിയന്ത്രിക്കാന്‍ ടീച്ചര്‍മാര്‍ക്ക് ഉപകരിക്കുന്ന ക്ലാസ് റൂം ആപ്പും ഉണ്ട്.

ഇനി എങ്ങനെ ഐഒഎസ് 9.3 വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാം എന്നല്ലേ. അത് എളുപ്പമാണ്. ആദ്യം ഫോണില്‍ 2 ജിബി സ്‌പേസ് ഉണ്ടെന്നു ഉറപ്പു വരുത്തണം. ഇല്ലെങ്കില്‍ കുറച്ചു ആപ്ലിക്കേഷനുകളും മറ്റു ഫയലുകളും ഡിലീറ്റ് ചെയ്ത് 2 ജിബി സ്‌പേസ് ഉണ്ടാക്കിയെടുക്കണം. ഫോണിലുള്ള സകല ഫോട്ടോസും ഫയലുകളും മ്യൂസികും വീഡിയോയും എല്ലാം കംപ്യൂട്ടറിലേക്കോ മാക്കിലേക്കോ ബാക്ക്അപ് ചെയ്തു വയ്ക്കുക. ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുമ്പ് ഫോണ്‍ ഫുള്‍ ചാര്‍ജ് ചെയ്തിരിക്കണം. കാരണം ഡൗണ്‍ലോഡിംഗ് കുറച്ചധികം സമയം എടുക്കും. ഒടിഎയിലേക്കാണോ അതോ ഐട്യൂണ്‍സിലേക്ക് പ്ലഗിംഗ് ചെയ്യുകയാണോ എന്നും ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുമ്പായി ഉറപ്പു വരുത്തേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here