ഭാരത് മാതാ കി ജയ് വിളിക്കാത്തവരെ സംഘപരിവാര്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നുവെന്ന് യെച്ചൂരി; ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന ഹിന്ദു രാഷ്ട്രം നിര്‍മ്മിക്കാനാണ് സംഘപരിവാറിന്റെ ശ്രമം

ദില്ലി: ഭാരത് മാതാ കി ജയ് വിളിക്കാത്തവരെയെല്ലാം സംഘപരിവാര്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാ യെച്ചൂരി. ജാതി വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു ഹിന്ദു രാഷ്ട്രം നിര്‍മ്മിക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്നും യെച്ചൂരി പറഞ്ഞു. വര്‍ഗ്ഗീയതയ്ക്കും വിദ്യാഭ്യാസ രംഗത്തെ കാവി വത്കരണത്തിനും എതിരെ ഇടത് ജനാധിപത്യ യുവജന സംഘടനകള്‍ ദില്ലിയില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത സമ്പത്തിന്റ സിംഹഭാഗവും ചുരുക്കം ചില കോടീശ്വരന്‍മാരുടെ കയ്യിലാണുള്ളതെന്ന് യെച്ചൂരി പറഞ്ഞു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമായി മാറിക്കൊണ്ടിരിക്കുന്നു. ഇതില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാര്‍ വര്‍ഗ്ഗീയത ആയുധമാക്കുന്നു. ജയ് ഹിന്ദ്, ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, ഇന്‍ക്വിലാബ് മുദ്രാവാക്യങ്ങളൊന്നും സംഘപരിവാറിന്റെ കണക്കില്‍ രാജ്യസ്‌നേഹ മുദ്രാവാക്യങ്ങളല്ല. ഭാരത് മാതാ കീ ജയ് വിളിക്കാത്തവരെയെല്ലാം സംഘപരിവാര്‍ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണെന്നും യെച്ചൂരി പറഞ്ഞു.

വര്‍ഗ്ഗീയ ഭിന്നിപ്പുണ്ടാക്കി തെരഞ്ഞെടുപ്പ് വിജയം നേടുകയാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും തന്ത്രമെന്നും യെച്ചൂരി കുറ്റപ്പെടുത്തി. വര്‍ഗ്ഗീയതയെ ചെറുത്തുതോല്‍പ്പിക്കാന്‍ യുവാക്കളും യുവജന സംഘടനകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും യെച്ചൂരി പറഞ്ഞു.

ഡിവൈഎഫ്‌ഐ, എഐവൈഎഫ്, ആര്‍വൈഎഫ് തുടങ്ങി 12 യുവജന സംഘടനകളാണ് ദില്ലിയില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. വര്‍ഗ്ഗീയതയ്‌ക്കെതിരെ മാര്‍ച്ച് 23 മുതല്‍ 31 വരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. പ്രതിഷേധത്തിന്റ ഭാഗമായി മാര്‍ച്ച് 23ന് മനുഷ്യചങ്ങല തീര്‍ക്കും. സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും നേരെ സംഘപരിവാര്‍ പിന്തുണയോടെ മോഡി സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങളെ കണ്‍വെന്‍ഷന്‍ അപലപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News