ദേശീയ ഗാനം തെറ്റിച്ചുപാടി; കൂടുതല്‍ സമയമെടുത്തു; അമിതാഭ് ബച്ചനെതിരെ ദില്ലി പൊലീസില്‍ പരാതി

ദില്ലി: ദേശീയ ഗാനം തെറ്റിച്ച് പാടിയെന്ന് ആരോപിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ പൊലീസില്‍ പരാതി. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ആരംഭിക്കുന്നതിന് മുമ്പ് അമിതാഭ് ബച്ചന്‍ ദേശീയ ഗാനം ആലപിച്ചിരുന്നു. ഇത് തെറ്റിയെന്ന് ആരോപിച്ചാണ് ദില്ലി അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഉല്ലാസ് എന്നയാള്‍ പരാതി നല്‍കിയിരിക്കുന്നത്. ദേശീയ ഗാനം ആലപിക്കുന്നതിന് ബച്ചന്‍ കൂടുതല്‍ സമയമെടുത്തെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ 19ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ട്വന്റി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായിട്ടാണ് ബച്ചന്‍ ദേശീയഗാനം ആലപിച്ചത്. നിയമപ്രകാരം 52 സെക്കന്റ് കൊണ്ട് പാടിതീര്‍ക്കേണ്ട ദേശീയഗാനം ആലപിക്കാന്‍ ബച്ചന്‍ ഒരു മിനിറ്റും 22 സെക്കന്റും എടുത്തെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഭാവിയില്‍ ഈ തെറ്റ് ആരും പിന്തുടരാതിരിക്കാന്‍ വേണ്ടിയാണ് പരാതി നല്‍കിയതെന്നും ഉല്ലാസ് പറഞ്ഞു.

ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കുന്നതിനായി ബച്ചന്‍ നാലു കോടി രൂപ പ്രതിഫലം വാങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇക്കാര്യം നിഷേധിച്ചിരുന്നു. യാത്രാചെലവും താമസവും ഉള്‍പ്പെടെ 30 ലക്ഷം രൂപ മുടക്കിയാണ് ബച്ചന്‍ കൊല്‍ക്കത്തയിലെത്തിയതെന്നാണ് വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News