മണിയുടെ മരണം; ഭാര്യാപിതാവിനെ ചോദ്യം ചെയ്തു; കൊച്ചിയിലെ ഗുണ്ടാ നേതാവായ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനെ ചോദ്യം ചെയ്യുമെന്ന് സൂചന

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് സുധാകരനെ അന്വേഷണസംഘം ചോദ്യം ചെയ്തു. മണിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്ന് പൊലീസ് പരിശോധനയില്‍ വ്യക്തമായിരുന്നു. പത്ത് വീടും ഏക്കര്‍ കണക്കിന് പുരയിടവുമാണ് മണിയുടെ പേരിലുള്ളത്. ഇതിന്റെയെല്ലാം വരുമാനം ഭാര്യാ പിതാവ് സുധാകരനാണ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് ചോദ്യം ചെയ്തത്.

സുധാകരന്റെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു. ഇയാള്‍ ബിനാമിയായി ഭൂമി വാങ്ങിയിട്ടുണ്ടോ എന്നറിയാനും പൊലീസ് ശ്രമിക്കുന്നുണ്ട്. മണി നിമ്മിയെ വിവാഹം ചെയ്തതിനു ശേഷമാണ് ഇയാള്‍ ചേനത്തുനാട്ടിലെത്തുന്നത്. മണി ഇയാളുടെ പേരില്‍ നിര്‍മ്മിച്ച വീട്ടിലായിരുന്നു താമസം. സുധാകരന്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസും നടത്തി വരികയാണ്.

അന്വേഷണത്തിന്റെ ഭാഗമായി മണിയുടെ മറ്റു ബന്ധുക്കള്‍, സഹായികള്‍ എന്നിവരുടെയും സ്വത്തുക്കള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ ബിനാമി സ്വത്തുക്കളും ഉള്ളതായി സൂചന ലഭിച്ചിരുന്നു. മണിയുടെ മരണത്തിന് പിന്നില്‍ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കമാണോയെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. കസ്റ്റഡിയിലുള്ള സഹായികളുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേക്ഷണം ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തുന്നത്.

അതേസമയം, മണിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ കൂടിയായ കുപ്രസിദ്ധ ഗുണ്ടാത്തലവനെ ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്. മണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നു വിശേഷിപ്പിക്കുന്ന ഇയാള്‍ക്ക് മണിയുടെ സമ്പാദ്യങ്ങളെപ്പറ്റി വ്യക്തമായ അറിവുണ്ടെന്ന നിഗമനത്തിലാണ് തീരുമാനം. തൃശൂര്‍ കേന്ദ്രീകരിച്ച് മണി ഇയാള്‍ക്കൊപ്പം ഒത്തുതീര്‍പ്പ് ഇടപാടുകള്‍ നടത്തിയിരുന്നെന്നും അതുവഴി മണിക്ക് നിരവധി ശത്രുക്കളുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here