മണിയുടെ മരണം; ചോദ്യം ചെയ്യാന്‍ തീരുമാനിച്ച ഗുണ്ടാത്തലവന്‍ മണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍; വനപാലകരുമായി തര്‍ക്കമുണ്ടായപ്പോള്‍ മണിക്കൊപ്പം ഇയാളും സുഹൃത്തിന്റെ ഭാര്യയും

തൃശൂര്‍: കലാഭവന്‍ മണിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ തീരുമാനിച്ച ഗുണ്ടാത്തലവന് താരവുമായി അടുത്തബന്ധം. കൊച്ചിയിലെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ കൂടിയായ ഈ ഗുണ്ടാത്തലവനെ മണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നാണ് അടുത്തസുഹൃത്തുക്കളും ബന്ധുക്കളും വിശേഷിപ്പിക്കുന്നത്.

മണിയുടെ സമ്പാദ്യങ്ങളെപ്പറ്റി ഇയാള്‍ക്ക് വ്യക്തമായ അറിവുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഇയാളെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. മണിക്ക് 30 കോടിയുടെ സ്വത്തുണ്ടെന്ന് കണ്ടെത്തിയെങ്കിലും അത് എവിടെയാണെന്ന് വ്യക്തമല്ല. ഇത് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇയാളെയും ചോദ്യം ചെയ്യുന്നത്.

കൊച്ചി സിറ്റി പൊലീസ് പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. തൃശൂര്‍ കേന്ദ്രീകരിച്ച് മണി ഇയാള്‍ക്കൊപ്പം ചില ഒത്തുതീര്‍പ്പ് ഇടപാടുകള്‍ നടത്തിയിരുന്നെന്നും അതിലൂടെ മണിക്ക് നിരവധി ശത്രുക്കളുണ്ടെന്നും അന്വേഷണ സംഘത്തെ ഉദ്ധരിച്ച് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മണിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി നാട്ടിലുണ്ടായിരുന്ന ഇയാള്‍ സംസ്ഥാനത്തിന് പുറത്താണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

മണി നടത്തിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഗുണ്ടാത്തലവനുമായുള്ള ബന്ധം പൊലീസ് കണ്ടെത്തിയത്. ഇയാളെ രണ്ടു തവണ പൊലീസ് പിടികൂടിയപ്പോള്‍ പുറത്തിറക്കാന്‍ മണിയുടെ ഇടപെട്ടിരുന്നു. സംസ്ഥാനത്തെ സ്വര്‍ണവ്യാപാരികളുടെയും വന്‍കിട റിയല്‍ എസ്‌റ്റേറ്റുകാരുടെയും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതും ഇയാളാണ്. മുന്‍പ് വനപാലകരുമായി വാക്കുതര്‍ക്കമുണ്ടായപ്പോള്‍ സുഹൃത്തിന്റെ ഭാര്യയും ഇയാളും മണിക്കൊപ്പമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മണിയുടെ പേരിലുള്ള ആഡംബര വാഹനം ഇയാളാണ് ഉപയോഗിച്ചിരുന്നതെന്നും വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News