ക്യൂബക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുമെന്ന് ഒബാമ; മനുഷ്യാവകാശങ്ങളുടെ പേരില്‍ ഇനി ക്യൂബയുമായി തര്‍ക്കങ്ങള്‍ക്കില്ല

ഹവാന: ക്യൂബക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ക്യൂബയുമായി മികച്ച സാമ്പത്തിക ബന്ധം പുലര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും ഉപരോധം അവസാനിക്കുമെന്നും അതിനുവേണ്ട നടപടികള്‍ തുടരുമെന്നും ഒബാമ പറഞ്ഞു.

ഉപരോധം അവസാനിക്കേണ്ടത് ആവശ്യമാണെന്നും പക്ഷേ, എന്നാണെന്ന കാര്യം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപരോധത്തിന്റെ കാര്യത്തില്‍ യു.എസ് നിരവധി ഭരണനടപടികളെടുത്തിട്ടുണ്ട്. ഉപരോധം നീക്കാന്‍ യു.എസ് കോണ്‍ഗ്രസിലും സെനറ്റിലും ഭൂരിപക്ഷം ആവശ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇത്തരം സംഭാഷണങ്ങള്‍ ഇതിനുള്ള സാഹചര്യമൊരുക്കുമെന്നും ഒബാമ പറഞ്ഞു.

മനുഷ്യാവകാശങ്ങളുടെ പേരില്‍ ഇനി ക്യൂബയുമായി തര്‍ക്കങ്ങള്‍ക്കില്ല. രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ക്യൂബന്‍ ജനത തന്നെയാണ്. ക്യൂബയുടെ വിധി നിര്‍ണയിക്കുന്നത് അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ ആയിരിക്കില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നുവെന്നും ഒബാമ പറഞ്ഞു. ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു ഇരുവരുടെയും വാര്‍ത്താ സമ്മേളനം.

ഉപരോധം അവസാനിപ്പിക്കണമെന്നും ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടണമെന്നും റൗള്‍ കാസ്‌ട്രോ ആവശ്യപ്പെട്ടു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ക്യൂബക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. മനുഷ്യാവകാശ പൗരാവകാശ നിലവാരം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ 61 അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. ഇവയില്‍ ക്യൂബ 40 എണ്ണത്തോളം പാലിക്കുന്നുണ്ടെന്നും റൗള്‍ കാസ്‌ട്രോ ചൂണ്ടിക്കാട്ടി.

ഞായറാഴ്ച വൈകിട്ടാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഒബാമ ക്യൂബയിലെത്തിയത്. ഹവാന കത്തീഡ്രല്‍ സന്ദര്‍ശിച്ച ഒബാമ കര്‍ദിനാള്‍ ജെയ്മി ഓര്‍ടേഗ അലാമിനോയുമായും കൂടിക്കാഴ്ച നടത്തി. ക്യൂബന്‍ ദേശീയനായകരുടെ സ്മാരകങ്ങളും സന്ദര്‍ശിച്ചു. കനത്ത സുരക്ഷയിലായിരുന്നു സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ അവസാനദിനമായ ഇന്ന് ഒബാമ ഹവാനയില്‍ ക്യൂബന്‍ ജനതയെ അഭിസംബോധന ചെയ്യും.

1962ല്‍ ജോണ്‍ എഫ് കെന്നഡിയാണ് ക്യൂബക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. 2014 ഡിസംബറില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്രബന്ധം പുനരാരംഭിച്ചെങ്കിലും ക്യൂബയ്‌ക്കെതിരായ ഉപരോധങ്ങള്‍ തുടരുകയായിരുന്നു.

അതേസമയം, മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുമായി ഒബാമ കൂടിക്കാഴ്ച നടത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News