പത്താന്‍കോട്ട് ഭീകരാക്രമണം; പാക് അന്വേഷണസംഘത്തിന് വ്യോമത്താവളത്തിനുള്ളിലേക്ക് പ്രവേശനം നല്‍കാന്‍ സാധ്യത; കേന്ദ്ര സര്‍ക്കാര്‍ ഉചിത തീരുമാനമെടുക്കുമെന്ന് എന്‍ഐഎ

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തുന്ന പാകിസ്ഥാന്‍ സംഘത്തിന് വ്യോമത്താവളത്തിനുള്ളിലേക്ക് പ്രവേശനം നല്‍കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പാക് സംഘം മാര്‍ച്ച് 27ന് ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വിഭാഗങ്ങളായി എത്തുന്ന അന്വേഷണ സംഘത്തിലെ ആദ്യത്തേത് ദില്ലിയില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാമത്തെ വിദഗ്ധ സംഘത്തിനാണ് പത്താന്‍കോട്ട് വ്യോമത്താവളം പരിശോധിക്കാന്‍ അനുമതി നല്‍കുക. തീവ്രവാദികള്‍ നുഴഞ്ഞുകയറി സൈന്യവുമായി ഏറ്റുമുട്ടിയ സ്ഥലമാണ് പാക് സംഘം പരിശോധിക്കുക.

അതേസമയം, വാര്‍ത്ത നിഷേധിച്ച് കൊണ്ട് എന്‍ഐഎ മേധാവി ഷാരത് കുമാര്‍ രംഗത്തെത്തി. പാക് അന്വേഷണ സംഘത്തെ വ്യോമത്താവളത്തിലേക്ക് കയറ്റുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉചിത തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി. പാക് സംഘത്തോടൊപ്പം എന്‍ഐഎ ഉദ്യോഗസ്ഥരും ഉണ്ടാകും. കേസില്‍ അറസ്റ്റിലായവരുടെ വിവരവും, അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെക്കുറിച്ചും എന്‍ഐഎ പാക് സംഘവുമായി ചര്‍ച്ച ചെയ്യും.

അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആറ് ഭീകരരില്‍ നാലു തീവ്രവാദികളുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. അവരുടെ ശരീരത്തിന്റെ നീളവും ഭാരവും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എന്‍ഐഎ നേരത്തെ ഇന്റര്‍പോളിനെ സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here