കീടനാശിനി വാങ്ങിയത് മണിയുടെ ഭാര്യപിതാവെന്ന് കടയുടമ; കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് സുധാകരന്റെ മൊഴി; അസ്വാഭാവികതയില്ലെന്ന നിഗമനത്തില്‍ പൊലീസ്

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തിന് കാരണമെന്ന് സംശയിക്കുന്ന ക്ലോര്‍ പൈറിഫോസ് എന്ന കീടനാശിനി ചാലക്കുടിയിലെ കടയില്‍ നിന്ന് വാങ്ങിയത് ഭാര്യാപിതാവ് സുധാകരനാണെന്ന് മൊഴി. സുധാകരന്‍ സാധാരണയായി കീടനാശിനി വാങ്ങാറുണ്ടെന്ന് കടക്കാരനാണ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് വീട്ടിലെ കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി വാങ്ങിയതാണെന്നാണ് ചോദ്യംചെയ്യലില്‍ സുധാകരന്‍ പറഞ്ഞത്. കീടനാശിനി വാങ്ങിയത് സുധാകരനാണെങ്കിലും കൃഷിയിടത്തിലെ വാഴയ്ക്ക് തളിച്ചത് ജീവനക്കാരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം, വീട്ടിലെ കൃഷി ആവശ്യങ്ങള്‍ക്ക് വാങ്ങിയ കീടനാശിനിയാണോ മണിയുടെ ശരീരത്തിലെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതെങ്ങനെ പാടിയിലെത്തിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടില്ല. ഇതില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ്. വാഴയിലും മറ്റും തളിക്കുന്നതിനായി മേഖലയില്‍ വ്യാപകമായി കീടനാശിനി ഉപയോഗിക്കാറുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മണിയുടെ ശരീരത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെ പാടിയിലും മണിയുടെ തറവാട്ട് വീട്ടിലും നടത്തിയ പരിശോധനയിലാണ് സമാന കീടനാശിനിയുടെ കുപ്പികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചാലക്കുടിയിലെ നാലു കടകളില്‍ ഈ കീടനാശിനി വില്‍ക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കീടനാശിനി വാങ്ങിയത് ഭാര്യാപിതാവാണെന്ന് കണ്ടെത്തിയത്.

മണിയുടെ ആന്തരികാവയവങ്ങളും മൂത്രവും രക്തവും ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ അയച്ച് പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അളവ് എത്രയെന്ന് കണ്ടെത്താന്‍ ഹൈദരാബാദിലെ പരിശോധനയില്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

മണിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്ന് പൊലീസ് പരിശോധനയില്‍ വ്യക്തമായിരുന്നു. പത്ത് വീടും ഏക്കര്‍ കണക്കിന് പുരയിടവുമാണ് മണിയുടെ പേരിലുള്ളത്. ഇതിന്റെയെല്ലാം വരുമാനം ഭാര്യാ പിതാവ് സുധാകരനാണ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് ചോദ്യം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News