ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് അവധിയില്‍ പോയ വൈസ് ചാന്‍സിലര്‍ ഡോ. അപ്പാറാവു തിരിച്ചെത്തിയതിനെത്തുടര്‍ന്നു കാമ്പസില്‍ സംഘര്‍ഷം. ഔദ്യോഗിക വസതിയില്‍ വി സി വിളിച്ചുചേര്‍ത്ത യോഗത്തിലേക്ക് വിദ്യര്‍ഥികളില്‍ ഒരു വിഭാഗം പ്രതിഷേധവുമായി എത്തുകയായിരുന്നു. അപ്പറാവുവിന്റെ നടപടികളാണ് രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
രോഹിത് വെമുലയുടെ മരണത്തെത്തുടര്‍ന്നു ജനുവരി 24നാണ് അപ്പറാവു അവധിയില്‍ പ്രവേശിച്ചത്. ഡോ. വിപിന്‍ ശ്രീവാസ്തവയ്ക്കായിരുന്നു പകരം ചുമതല. സര്‍വകലാശാലയുടെ പ്രവര്‍ത്തനം സാധാരണനിലയിലായ സാഹചര്യത്തിലാണ് അവധി കഴിഞ്ഞ് അപ്പറാവു ഇന്നു ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയത്. അപ്പറാവുവിനെ കാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
കാമ്പസിലെ വിദ്യാര്‍ഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനായി ജെഎന്‍യു സമരനേതാവ് കനയ്യകുമാര്‍ നാളെ ഹൈദരാബാദിലെത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാമ്പസില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിനിടെയാണ് ഇന്ന് അപ്പറാവു ജോലിയില്‍ തിരികെയെത്തിയത്. കാമ്പസില്‍ മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി കനയ്യ നാളെ ഹൈദരാബാദിലെത്തുന്നതു തടയുകയാണ് കേന്ദ്ര സര്‍ക്കാരിന്റെയും സര്‍വകലാശാലാ അധികാരികളുടെയും ലക്ഷ്യമെന്നും സൂചനയുണ്ട്.
Get real time update about this post categories directly on your device, subscribe now.