വിജയ് ചിത്രം തെറിയിലൂടെ പ്രശസ്ത നടി മീനയുടെ മകളും സിനിമയിലേക്ക്. ചിത്രത്തില്‍ വിജയ്‌യുടെ മകളുടെ വേഷമാണ് നാലുവയസുകാരി നൈനിക അവതരിപ്പിക്കുന്നത്. നാല്‍പ്പതോളം സീനുകളില്‍ വിജയ്‌ക്കൊപ്പം നൈനിക പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ വൈറലായതോടെ നൈനിക ആരാധകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്.
‘നൈനികയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം ചെറുതല്ല. അറ്റ്‌ലീ തിരക്കഥയുമായി തന്നെ സമീപിച്ചപ്പോള്‍ തനിക്ക് വേണ്ടിയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കഥ വായിച്ചപ്പോഴാണ് നൈനികയുടെ റോള്‍ മനസിലായത്.’- മീന പറയുന്നു. മകള്‍ക്ക് വിജയ്‌ക്കൊപ്പം നല്ലൊരു തുടക്കം ലഭിച്ചതില്‍ സന്തോഷം തോന്നുന്നുണ്ടെന്നും മീന പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിലറിനും വന്‍സ്വീകരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ 28 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ട്രെയിലറിലും നിറഞ്ഞ് നില്‍ക്കുന്നത് നൈനികയാണ്.
മൂന്ന് വേഷങ്ങളിലാണ് വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ജോസഫ് കുരുവിള, വിജയ്കുമാര്‍, ധാര്‍മ്മേശ്വര്‍ എന്നീ കഥപാത്രങ്ങളായാണ് വിജയ് എത്തുക. അതില്‍ ഒന്ന് പൊലീസ് വേഷമാണ്. ജോസഫ് കുരുവിള എന്ന കഥാപാത്രം മലയാളിയാണെന്നാണ് അണിയറ പ്രവര്‍ത്തകരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ വിജയ്‌യുടെ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ കോട്ടയമാണ്, സര്‍ക്കാര്‍ ആശുപത്രിയുടെ ബോര്‍ഡ് മലയാളത്തിലാണ്, ആശുപത്രിക്ക് മുന്നിലെ ആംബുലന്‍സിന്റെ രജിസ്‌ട്രേഷനും കോട്ടയമാണ്- ഇത്രയും കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോസഫ് കുരുവിള എന്ന കഥാപാത്രം മലയാളിയാണെന്ന് ആരാധകര്‍ പറയുന്നത്.
സമാന്ത, എമി ജാക്‌സണ്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജി.വി പ്രകാശ്കുമാറാണ് സംഗീതം. ഏപ്രില്‍ 14നാണ് തെറിയുടെ റിലീസ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post