കാമുകിയെച്ചൊല്ലി കൊലപാതകം; ഒന്നാം പ്രതി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി; കീഴടങ്ങിയത് ഒളിവിലായിരുന്ന റഷീദ്

പാലക്കാട്: തൃശ്ശൂര്‍ അയ്യന്തോളില്‍ ഫ് ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് പാലക്കാട് കോടതിയില്‍ കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് വി.എ റഷീദാണ് പാലക്കാട് അതിവേഗ കോടതിയില്‍ കീഴടങ്ങിയത്. കൊലപാതകത്തിനു ശേഷം റഷീദ് ഒളിവിലായിരുന്നു. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച കെപിസിസി മുന്‍ സെക്രട്ടറി എം.ആര്‍ രാംദാസിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈമാസം മൂന്നിനാണ് ഷൊര്‍ണൂര്‍ സ്വദേശി സതീശന്‍ അയ്യന്തോളിലെ ഫ് ളാറ്റില്‍ വച്ച് കൊലചെയ്യപ്പെട്ടത്. ചോദ്യം ചെയ്യലിനായി റഷീദിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.

കൊലനടന്ന് മുന്നാഴ്ചയാകുമ്പോഴാണ് ഒളിവിലായിരുന്ന റഷീദിന്റെ കീഴടങ്ങല്‍. റഷീദുമായി അടുപ്പമുണ്ടായിരുന്ന ഗുരുവായൂര്‍ സ്വദേശിനി ശാശ്വതിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് സതീശന്‍ കൊല്ലപ്പെട്ടത്. മര്‍ദ്ദനത്തില്‍ പങ്കാളികളായ ശാശ്വതി, കൃഷ്ണപ്രസാദ് എന്നിവരുള്‍പ്പടെ അഞ്ചു പേര്‍ മുമ്പ് പിടിയിലായിരുന്നു. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതിനും തെളിവ് നശിപ്പിച്ചതിനും കെപിസിസി മുന്‍ സെക്രട്ടറി എം.ആര്‍ രാംദാസിനെ ഇന്നലെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമിച്ചതായി രാംദാസ് കുറ്റസമ്മതം നടത്തി. രാംദാസാണ് കൊലയുടെ സൂത്രധാരനായ റഷീദിന് കേരളത്തിനു പുറത്ത് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയത്. റഷീദും എം.ആര്‍ രാംദാസും ജില്ലയിലെ ഐ ഗ്രൂപ്പ് എംഎല്‍എയുടെ കച്ചവട പങ്കാളികളാണ്. ബിസിനസ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിനാണ് സതീശനെ മര്‍ദിച്ച് കെലപ്പെടുത്തിയത് എന്നും സൂചനയുണ്ട്. രാംദാസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റഷീദിന്റെ ഒളിത്താവളം കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് റഷീദ് കീഴടങ്ങിയത്.

ഷൊര്‍ണൂര്‍ സ്വദേശി സതീശനാണ് അയ്യന്തോളിലെ പഞ്ചിക്കലിലുള്ള ഫ് ളാറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്. ഈ മാസം മൂന്നിനായിരുന്നു സംഭവം. റഷീദും കാമുകി ശാശ്വതിയും കൂട്ടാളി കൃഷ്ണപ്രസാദും ചേര്‍ന്ന് ഫ് ളാറ്റിനുള്ളില്‍ വെച്ച് സതീശനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here