റിയാദ്: ബാഗില്‍ കണ്ടെത്തിയ പ്രാര്‍ഥനാക്കുറിപ്പുകള്‍ മന്ത്രവാദരേഖയാണെന്നു തെറ്റിദ്ധരിച്ച് മലയാളി വീട്ടമ്മയെ സൗദി മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ലൈല(37)യാണ് അറസ്റ്റിലായത്. സ്‌പോണ്‍സറുടെ പരാതിയിലാണ് നടപടി. ശമ്പളവും ഭക്ഷണവും നല്‍കുന്നില്ലെന്നു സ്‌പോണ്‍സര്‍ക്കെതിരേ ലൈല നേരത്തേ പരാതി നല്‍കിയിരുന്നു. പൊലീസില്‍ അഭയം തേടിയ ലൈല നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങാനിരിക്കവേയാണ് അറസ്റ്റിലായത്. കുറിപ്പിലുള്ളത് പ്രാര്‍ഥനാ രേഖകളാണെന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ ലൈലയെ കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ച് നാട്ടിലേക്കയച്ചു.

നാട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങുകയായിരുന്ന ലൈലയുടെ ബാഗ് സ്‌പോണ്‍സര്‍ പരിശോധിക്കുകയായിരുന്നു. ഈ ബാഗില്‍നിന്നു ലഭിച്ച പ്രാര്‍ഥനാക്കുറിപ്പുകളാണ് മന്ത്രവാദരേഖയാണെന്നു തെറ്റിദ്ധരിക്കപ്പെട്ടത്. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കിയതിന് സ്‌പോണ്‍സര്‍ ലൈലയോടു പ്രതികാരം വീട്ടിയതാണെന്നാണ് സൂചന. സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം പട്ടാമ്പി ഇടപെട്ടാണ് കുറിപ്പിലുള്ളത് പ്രാര്‍ഥനാ രേഖയാണെന്നു പൊലീസിനെ അറിയിച്ചത്.

സൗദി നിയമപ്രകാരം ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ തടവു ലഭിക്കാവുന്ന ശിക്ഷയാണ് ലൈലയ്ക്കു മേല്‍ ചുമത്തിയിരുന്നത്. മന്ത്രവാദ രേഖകള്‍, ഇസ്ലാം വിരുദ്ധമായ അച്ചടി രേഖകള്‍, എല്ലാവിധ പ്രതിമകളും, കുരിശു രൂപം, കുരിശ്, ഒന്നിലധികം ബൈബിള്‍, ഏലസ്, മന്ത്രിച്ച ചരടുകള്‍, ഇസ്ലാം വിരുദ്ധ പുസ്തകങ്ങള്‍, സിഡികള്‍, ദൈവങ്ങളുടെ ചിത്രങ്ങള്‍, മൃഗങ്ങളുടെയോ മനുഷ്യരുടെയോ തലഭാഗം, പ്രതിമകളോ പൂര്‍ണ പ്രതിമളോ തുടങ്ങിയവ കൈവശം വയ്ക്കുന്നതില്‍ നിരോധനമുണ്ട്.