സൗദിയില്‍ തൊഴിലുടമയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ്; പ്രവാസിയെ അറസ്റ്റ് ചെയ്തു; വിവാദ പോസ്റ്റിന്റെ ഉള്ളടക്കം തൊഴിലുടമയുടെ പീഡനങ്ങള്‍; അപേക്ഷിച്ചിട്ടും മോചിപ്പിക്കാന്‍ ഇടപെടാതെ കേന്ദ്രസര്‍ക്കാര്‍

റിയാദ്: സൗദിയില്‍ തൊഴിലുടമ പീഡിപ്പിക്കുന്നതായി പറയുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഇന്ത്യക്കാരനായ പ്രവാസിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. 35 വയസുള്ള അബ്ദുള്‍ സത്താര്‍ മകാന്ദര്‍ എന്നയാളെയാണ് തൊഴിലുടമ പീഡിപ്പിക്കുന്നു എന്ന് ആരോപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് അറസ്റ്റ് ചെയ്തത്. കുന്ദന്‍ ശ്രീവാസ്തവ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് അബ്ദുള്‍ സത്താറിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇത്. വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്.

തൊഴിലുടമ തനിക്ക് കൃത്യമായി ശമ്പളം തരുന്നില്ലെന്നും ഭക്ഷണത്തിനു പോലും പണം തരുന്നില്ലെന്നുമായിരുന്നു അബ്ദുള്‍ സത്താര്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്. വീഡിയോ വളരെ വേഗം തന്നെ ഇന്ത്യയില്‍ വന്‍ പ്രചാരം നേടി. എന്നാല്‍, ഇത് ഗുണത്തേക്കാളേറെ ദോഷമാണ് സത്താറിന് വരുത്തിവച്ചത്. വീഡിയോ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് പറഞ്ഞ് സത്താറിനെ അറസ്റ്റ് ചെയ്തു. വീഡിയോ പോസ്റ്റ് ചെയ്ത ശ്രീവാസ്തവയെ വിളിച്ച സത്താറിന്റെ തൊഴിലുടമ വീഡിയോ പിന്‍വലിച്ച് പകരം മാപ്പുപറഞ്ഞ് പോസ്റ്റിടാനും ആവശ്യപ്പെട്ടു.

ഇതുപ്രകാരം മാപ്പുപറഞ്ഞ ശേഷം സത്താറിനെ വിട്ടയച്ചു. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ അറിയപ്പെടാത്ത കുറ്റങ്ങള്‍ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. സത്താര്‍ ജോലി ചെയ്തിരുന്ന അല്‍ സുറൂര്‍ യുണൈറ്റഡ് ഗ്രൂപ്പ്, സത്താറിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. സത്താറിന് കൃത്യമായി ശമ്പളം നല്‍കുന്നുണ്ടെന്നു കമ്പനി അറിയിച്ചു. മാത്രമല്ല, തൊഴിലാളികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും രാജിവച്ചു പോകാന്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. സത്താറിനെ ജോലിക്ക് റിക്രൂട്ട് ചെയ്ത റിക്രൂട്ടിംഗ് ഏജന്‍സിയും ഇക്കാര്യമാണ് പറഞ്ഞത്.

സത്താറിനെ മോചിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് ശ്രീവാസ്തവ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, അപേക്ഷ ഇതുവരെ മന്ത്രി തിരിഞ്ഞു നോക്കിയിട്ടു പോലുമില്ല. സത്താര്‍ ഇപ്പോഴും ജയിലിലാണെന്നും സര്‍ക്കാര്‍ ഇതുവരെ സഹായിക്കാന്‍ തയ്യാറായിട്ടില്ലെന്നും ശ്രീവാസ്തവ പറഞ്ഞു. സത്താര്‍ അയച്ച മെസേജുകള്‍ ഉള്‍പ്പെടുത്തി ശ്രീവാസ്തവ മന്ത്രിക്ക് ഇ-മെയില്‍ അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News