ആചാരങ്ങളുടെ പേരില്‍ ഇന്ത്യയില്‍ ഇപ്പോഴും ലൈംഗികചൂഷണങ്ങള്‍; സോനാഗച്ചിയില്‍ കണ്ട കാര്യങ്ങള്‍; അടുത്തമാസം പുറത്തിറങ്ങുന്ന ‘വിശുദ്ധപാപങ്ങളുടെ ഇന്ത്യ’ എന്ന പുസ്തകത്തില്‍നിന്ന്

ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ആചാരങ്ങളുടെ പേരിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങളുടെ കഥ വെളിപ്പെടുത്തുന്ന പുസ്തകം അടുത്തമാസം പുറത്തിറങ്ങുന്നു. മാധ്യമപ്രവർത്തകനായ അരുൺ എഴുത്തച്ഛൻ തയ്യാറാക്കിയ ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’ എന്ന പുസ്തകമാണ് രാജ്യത്തെ ലൈംഗികചൂഷണങ്ങളുടെ കഥ വെളിപ്പെടുത്തുന്നത്. സർക്കാർ നിരോധനം നിലനിൽക്കുമ്പോഴും വിശ്വാസത്തിന്റെ പേരിൽ പെൺകുട്ടികളെ ദേവദാസികളാക്കി ലൈംഗികത്തൊഴിലിന് നിർബന്ധിക്കുന്ന പ്രവണത ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. ദാരിദ്ര്യവും വിശ്വാസവും ഇന്ത്യയിൽ സ്ത്രീജീവിതത്തിന് വിലയിടുന്നതിന്റെ നേർച്ചിത്രങ്ങളാണ് ഈ പുസ്തകം. എട്ടുവർഷത്തോളം അരുൺ എഴുത്തച്ഛൻ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ യാത്രചെയ്ത് തയ്യാറാക്കിയ പുസ്തകമാണ് വിശുദ്ധപാപങ്ങളുടെ ഇന്ത്യ. ഡി സി ബുക്സാണ് പുസ്തം പ്രസിദ്ധീകരിക്കുന്നത്. കർണാടകയിലെ ദേവദാസികളിൽ മിക്കവരും പിൽക്കാലത്ത് ചെന്നെത്തുന്നത് കാമാത്തിപുരയിലും സോനാഗച്ചിയിലുമാണ്. സോനാഗച്ചിയെക്കുറിച്ചുള്ള അധ്യായത്തിൽ നിന്നുള്ള ഭാഗം ചുവടെ:
പഴഞ്ചനിൽ പഴഞ്ചനായ ഒരു എട്ടു നില കെട്ടിടത്തിലേക്കാണ് ഗോപാൽദാസ് ഞങ്ങളെ നയിച്ചത്. ഓരോ നിലയിലേക്കുമുള്ള കോണികൾ കയറുമ്പോഴും, മുറിയിലിരിക്കുന്ന പെൺകുട്ടികളെ ജനാലകളിലൂടെ കാണാമായിരുന്നു. ആറും ഏഴും പെൺകുട്ടികൾ ഒരു കിടക്കയിലിരിക്കുകയാണ്. ഞങ്ങൾ വരുന്ന ശബ്്ദം കേട്ട്് ചില പെൺകുട്ടികൾ സൂക്ഷിച്ചു നോക്കുന്നു. പുറത്തു കണ്ട പെൺകുട്ടികളെപ്പോലെ തന്നെ അവരും മോഡേൺ വേഷങ്ങളിലാണ്. മൂന്നാം നിലയിലെത്തിയപ്പോൾ അയാൾ ഞങ്ങളെ വലിയൊരു മുറിയിലേക്കു കയറ്റി. കിടക്കയിൽ മെലിഞ്ഞ ഒരുവൻ കിടക്കുന്നു. തൊട്ടടുത്ത് ഒരു പെൺകുട്ടിയും കിടക്കുന്നുണ്ട്. താഴെ നിലത്തു വിരിച്ച പായയിൽ മറ്റൊരുവൾ ഉറക്കത്തിലാണ്. ഞങ്ങൾ വരുന്ന ശബ്ദം കേട്ട്് പെൺകുട്ടികൾ ചാടിയെഴുന്നേറ്റു. കിടക്കയിൽ കിടക്കുന്നയാൾ ഒന്നു ചെരിഞ്ഞ് ഗോപാൽദാസിനെ നോക്കി ചിരിച്ചു.
ഗോപാൽദാസ് ഞങ്ങളുടെ ആവശ്യം ബംഗാളിയിൽ വിശദീകരിച്ചു. 1,700 വേണമെന്ന് അയാൾ ആവശ്യപ്പെട്ടു. 1,500 രൂപയേ ഉള്ളൂ എന്ന് ഞങ്ങളും തറപ്പിച്ചു പറഞ്ഞു. കുറച്ചു നേരത്തെ തർക്കത്തിനു ശേഷം 50 രൂപ കൂടി കൊടുക്കാമെന്നു ഞങ്ങൾ സമ്മതിച്ചു. പണം കൊടുത്തപ്പോൾ തൊടാൻ അറപ്പുള്ള എന്തോ സാധനം കണ്ടാലെന്നപോലെ ഗോപാൽദാസ് മറ്റയാൾക്കു നേരെ വിരൽ ചൂണ്ടി; പണം അയാൾക്കു നൽകിയാൽ മതി എന്ന അർഥത്തിൽ. പണം വാങ്ങി അയാൾ തലയണയ്ക്കടിയിലേക്കു വയ്ക്കുമ്പോൾ അവിടെ വേറെയും കുറെ നോട്ടുകൾ കാണാമായിരുന്നു- അന്നത്തെ കളക്ഷൻ ആയിരിക്കണം. പണം എടുത്തുവച്ചു കഴിഞ്ഞപ്പോൾ അയാൾ ഗൗരവക്കാരനായി- ”ഇതിൽ ഏതു വേണം?”- മുറിയിലുണ്ടായിരുന്ന പെൺകുട്ടികളെ ചൂണ്ടി അയാൾ ചോദിച്ചു.

ഞങ്ങൾ പരസ്പരം നോക്കി-”ഏതായാലും മതി.”

”അതല്ല, നിങ്ങൾ തന്നെ പറയൂ.”- അയാൾ നല്ല കച്ചവടക്കാരനെപ്പോലെ ഉപഭോക്താക്കളുടെ താത്പര്യത്തിന് തീരുമാനം വിട്ടു. 

രണ്ടു പെൺകുട്ടികൾക്കും പതിനെട്ടിൽ താഴെയേ പ്രായം കാണൂ. ടീഷർട്ടും പാന്റ്സും ആണ് ഒരുവളുടെ വേഷം കാൽമുട്ടു പോലും മറയ്ക്കാത്ത മിനി സ്‌കർട്ട് ആണ് ഉറക്കത്തിലായിരുന്നവൾ ധരിച്ചിരുന്നത്. ഉറക്കത്തിലായിരുന്നെങ്കിലും അവളും ലിപ്സ്റ്റിക് ഇട്ടിരുന്നു. ഞങ്ങൾ പാന്റ്സ് ധരിച്ച കുട്ടിയുടെ നേരെ വിരൽ ചൂണ്ടി. മറ്റവൾ അതുവരെ പ്രകടിപ്പിച്ച ബഹുമാനം മാറ്റിവച്ച് ആശ്വാസത്തോടെ താഴെ വീണ് ഉറക്കം പുനരാരംഭിച്ചു.

SONAGACHI-2

തിരഞ്ഞെടുക്കപ്പെട്ട കുട്ടി ഞങ്ങളെയും കൂട്ടി വീണ്ടും മുകളിലേക്കു കയറി. വീണ്ടും ഗോവണികൾ. ഗോവണികളിലേക്കു തുറന്നിരിക്കുന്ന ജനാലകളിൽക്കൂടി പെകുട്ടികളുടെ നോട്ടം. ഇവൾക്ക് കസ്റ്റമറെ കിട്ടിയല്ലോ എന്ന അസൂയയോ, ഇവളുടെ ഗതികേടോർത്തുള്ള സഹതാപമോ, അതോ, രണ്ടു പേരെയും കൂട്ടി ഇവൾ എന്തു ഭാവിച്ചാണ് എന്ന സംശയമോ? – ഭാവം വേർതിരിച്ചെടുക്കാനാവാത്ത കുറെ നോട്ടങ്ങൾക്കിടയിലൂടെ ഞങ്ങൾ അവൾക്കൊപ്പം മുകളിലേക്കു നടന്നു. ഇടുങ്ങിയ ഗോവണികളാണ്. ഓരോ നിലയിലും ഏഴോ എട്ടോ മുറികൾ കാണും. ചില മുറികൾ അടഞ്ഞുകിടക്കുകയാണ്. തുറിന്നിട്ട മുറികളിൽ നിന്നൈല്ലാം പെൺകുട്ടികളുടെ ഉച്ചത്തിലുള്ള സംസാരവും പൊട്ടിച്ചിരികളും കേട്ടു. ആറാം നിലയിലെത്തി. അവൾ ആദ്യം കണ്ട മുറിക്കു നേരെ നടന്നു. പുറത്തു നിന്നു താഴിട്ട ആ മുറി തുറന്ന് അവൾ ആദ്യം അകത്തു കടന്നു. പിന്നാലെ കടക്കുമ്പോൾ എന്റെ തല കട്ടിളപ്പടിയിലിടിച്ചു. ”ലംബ ആദ്മി ധ്യാൻ നഹി ദിയാ ന…?” അവൾ ചിരിച്ചു.

ഞങ്ങളോട് കിടക്കയിൽ ഇരിക്കാൻ അവൾ ആവശ്യപ്പെട്ടു. അവൾക്കു വേണ്ടി ഒരു സ്റ്റൂൾ വലിച്ചിട്ടു കൊടുത്ത്, ഞങ്ങളും ആതിഥേയരായി.

”ഡാൻസ് കളിക്കുന്നതിനു മുൻപ് എന്തെങ്കിലും കഴിക്കണോ..?” ഞങ്ങൾ ചോദിച്ചു.

”നിങ്ങൾക്കു വേണോ?”- അവൾ മറുചോദ്യമെറിഞ്ഞു.

”നീ കഴിക്കുമെങ്കിൽ ബീയർ വാങ്ങിക്കാം.”

”ഇവിടെയെല്ലാം കിട്ടും.” അതും പറഞ്ഞ് അവൾ പുറത്തേക്കു പോയി. പിന്നെ വന്നത് 45-50 വയസ് തോന്നിക്കുന്ന ഒരു സ്ത്രീക്കൊപ്പമാണ്. ”ഞങ്ങളുടെ ആയയാണ്.” അവൾ പരിചയപ്പെടുത്തി. അവർ നമസ്തേ പറഞ്ഞു. ബീയറിന്റെ തുകയായി 160 രൂപ അവർ ആവശ്യപ്പെട്ടു. പണം വാങ്ങി അവർ പുറത്തേക്കു പോയി.

വീണ്ടും ഞങ്ങൾ മൂന്നു പേർ മാത്രമായി മുറിയിൽ. മുറിയിലെ ഒരു മൂലയിലേക്കു മാറി നിന്ന അവൾ ഒരു പുതപ്പു പുതച്ച് കൊണ്ട് ടിഷർട്ട് അഴിച്ചു മാറ്റി മാറു മാത്രം മറയ്ക്കുന്ന ഒരു ചെറിയ ഉടുപ്പു ധരിച്ചു. പഞ്ഞി കൊണ്ടു തുന്നിയ ബ്രാ പോലെ തോന്നിക്കുന്ന ഒന്ന് പിന്നീട് പാന്റ്സും അഴിച്ചുമാറ്റി.

”ഞാൻ ഡാൻസ് കളിക്കാറായോ?”- അവൾ ധൃതി കൂട്ടി.

” ഒരു മണിക്കൂർ സമയമുണ്ടല്ലോ. നീ ഇരിക്ക്. ബിയർ എത്തിയിട്ടാവാം ഡാൻസ്.” ഞങ്ങൾ അവളെ സമാധാനിപ്പിച്ച് സ്റ്റൂളിലിരുത്തി.

പിന്നെ, ഞങ്ങൾ സൗഹൃദപൂർവം സംഭാഷണം ആരംഭിച്ചു. കോയൽരാജ് എന്നായിരുന്നു അവളുടെ പേര്. 19 വയസ്സ് ഉണ്ടെ് അവൾ പറഞ്ഞെങ്കിലും അത്ര തന്നെ പ്രായം സംശയമായിരുന്നു. ചോദ്യങ്ങൾക്കിടെ അവൾ എഴുേന്നറ്റ് സിഡി പ്ലെയർ ഓൺ ചെയ്തു. ഹിന്ദി പാട്ടുകളായിരുന്നു. റിമോട്ടിലെ സ്വിച്ചുകൾ മാറി മാറി അമർത്തിയ അവൾ പുതിയ ഒരു പാട്ട് കേട്ടുതുടങ്ങിയപ്പോൾ തിരിഞ്ഞ് ഞങ്ങളെ നോക്കി. ഇതല്ലേ നിങ്ങൾക്കു വേണ്ടത് എന്ന അർഥത്തിലായിരുന്നു നോട്ടം. ഞങ്ങൾ ചിരിച്ചു കൊടുത്തപ്പോൾ റിമോട്ട് കിടക്കയിലേക്കിട്ട് വീണ്ടും സ്റ്റൂളിൽ ഇരുന്നു.

ബീയർ കൊണ്ട് ആയ വന്നു വാതിലിൽ മുട്ടിയപ്പോൾ അവൾ പുതപ്പ് ഊരിയെറിഞ്ഞ് വാതിൽ തുറന്നു. പുതപ്പിനടിയിൽ ബ്രായും പാന്റീസും മാത്രമായിരുന്നു അവൾ ധരിച്ചിരുന്നത്. ആയ പോയിക്കഴിഞ്ഞ ഉടൻ അവൾ വീണ്ടും പുതപ്പെടുത്തു പുതച്ചു. ഇടയ്ക്ക് പാൻ വാങ്ങാൻ കാശു വാങ്ങി പുറത്തു പോയപ്പോഴും അവൾ പുതപ്പു മാറ്റി. അകത്ത് ഡാൻസ് കളിക്കുകയാണെ് പുറത്തുള്ളവർ കരുതിക്കോട്ടെ എന്നതായിരുന്നു അവളുടെ ഉദ്ദേശ്യം. അകത്തെ സംസാരം പുറത്തു കേൾക്കാതിരക്കാൻ സിഡി പ്ലെയറിലെ പാട്ടിന് ശബ്ദം കൂട്ടിയിരുന്നു. പാട്ടിന്റെ ശബ്ദത്തെ തോൽപ്പിക്കൻ ഞങ്ങൾ വളരെ ഉച്ചത്തിൽ ആണ് സംസാരിച്ചിരുന്നത്. പക്ഷേ, അവളുടെ സംസാരം ഒരേ ശബ്ദസ്ഥായിയിലായിരുന്നു. ബീയർ തലയ്ക്കു പിടിച്ചു തുടങ്ങിപ്പോൾ അവളുടെ സംസാരത്തിനു വേഗം കൂടി. എന്നാൽ, ഞാൻ ചില ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ, നിങ്ങൾ പൊലീസ് ഓഫിസർമാരാണോ എവൾ സംശയം പ്രകടിപ്പിച്ചു.

ARUN-BOOK

ബീയറിന്റെ ലഹരിയിൽ വാക്കുകൾ കുഴഞ്ഞുതുടങ്ങിയപ്പോൾ കുടുംബത്തെക്കുറിച്ചും മറ്റും ഞങ്ങൾ അവളോടു വീണ്ടും ചോദിച്ചു. ഞങ്ങളെക്കുറിച്ചുള്ള സംശയങ്ങളെല്ലാം തീർന്നതു കൊണ്ടാണോ, അതോ ആരായാലും വേണ്ടില്ല എന്നു കരുതിയാണോ എന്നറിയില്ല, കോയൽരാജ് ധൈര്യമായി തന്നെ സംസാരിച്ചു. ”ഞാൻ സോനാഗച്ചിയിലെത്തിയിട്ട് 18 മാസം കഴിഞ്ഞു. മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലാണ് എന്റെ വീട്. കൃഷിക്കാരായിരുന്നുു അച്ഛനും അമ്മയും. എനിക്ക് രണ്ടു സഹോദരിമാരുമുണ്ട്. കൃഷി നമുക്ക് ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല സാറേ. വിചാരിച്ച പോലെ വിളവ് തരാത്തതു കൊണ്ട് മിക്ക ദിവസങ്ങളിലും വീട്ടിൽ പട്ടിണിയായിരുന്നു. അങ്ങനെയിരിക്കെ ഒരു ഏജന്റ് വീട്ടിലെത്തി ചേച്ചിയെ കൊൽക്കത്തയ്ക്കു കൊണ്ടുപോകാമെന്ന്് അച്ഛനോട് പറഞ്ഞു.

10,000 രൂപ കൊടുത്താണ് അയാൾ 17 വയസ്സുള്ള ചേച്ചിയെ ഇങ്ങോട്ടു കൊണ്ടുവന്നത്. പട്ടിണിയിലായിരുന്ന വീട്ടുകാർക്ക് 10,000 രൂപ സങ്കൽപ്പിക്കാൻ പറ്റുന്നതിലും വലിയ തുകയായിരുന്നു. മാത്രമല്ല, ചേച്ചിക്ക് ഇനി മുതൽ പട്ടിണി കിടക്കാതെ കഴിയാമല്ലോ, മറ്റു രണ്ടു കുട്ടികളുടെ കാര്യം മാത്രം ഇനി നോക്കിയാൽ മതിയല്ലോ എന്നിങ്ങനെ അച്ഛനും അമ്മയ്ക്കും ആശ്വസിക്കാനും ഏറെയുണ്ടായിരുന്നു.

പക്ഷേ, വിളവുകൾ പിന്നയെും ചതിച്ചു. അടുത്ത ഊഴം എന്റേതായിരുന്നു. ചേച്ചിയെപ്പോലെ പട്ടിണി കൂടാതെ എനിക്കും കഴിയാമല്ലോ എന്നായിരിക്കണം അവർ ചിന്തിച്ചിരിക്കുക. എന്തായാലും 16 വയസ്സ് പിന്നിട്ട ഉടൻ ഞാനും സോനാഗച്ചിയിലെത്തി. ‘ദീദി’ എന്നു വിളിക്കുന്ന ഒരു സ്ത്രീയുടെ അടുത്താണ് ഏജന്റ് എന്നെ കൊണ്ടുവിട്ടത്. ഇവിടെ മൂന്നു നേരം ഭക്ഷണം കിട്ടും. സുഖമാണ്.”- അങ്ങനെ പറയുമ്പോഴും കോയലിന്റെ മുഖത്തു നിന്ന്് എന്തൊക്കെയോ വിഷമങ്ങൾ പ്രയാസമില്ലാതെ വായിച്ചെടുക്കാമായിരുന്നു. അവൾക്കും അത് അറിയാവുതു കൊണ്ടാവാം, ഞങ്ങളുടെ മുത്തു നോക്കി സംസാരിക്കുന്നതൊഴിവാക്കാൻ അവൾ ശ്രമിച്ചു. അതിനു വേണ്ടി മാത്രം അവൾ ഇടയ്ക്കിടെ സിഡി പ്ലെയറിൽ പാട്ടുകൾ മാറ്റിക്കൊണ്ടിരുന്നു.

ബീയർ നുണയുന്നതിനൊപ്പം പാനും അവൾ വായിലിട്ടപ്പോൾ അസഹനീയമയ ഒരു ഗന്ധം മുറിയിൽ പരന്നു. ഞങ്ങൾക്കത് ഇഷക്കടപ്പെട്ടില്ലെന്നു പറഞ്ഞ ഉടൻ പുറത്തു പോയി പാൻ തുപ്പിക്കളഞ്ഞ് അവൾ ആതിഥ്യമര്യാദ കാട്ടി. ബീയർ നുകർന്നു കൊണ്ട് അവൾ സംസാരം തുടർന്നു: ”ഒരു ദിവസം മൂന്നു പേർ വരെ വരും. രണ്ടു പേർ എന്തായാലും ഉണ്ടാവും. ആരാണ്, എവിടെ നിന്നാണ് എന്നൊന്നും ഞങ്ങൾ ചോദിക്കാറില്ല. ഞങ്ങളുടെ കാര്യം അവരും അന്വേഷിക്കാറില്ല. പണവും ഞങ്ങളുടെ കയ്യിൽ കിട്ടില്ല. പണമെല്ലാം ദീദീയുടെ പക്കലാണ് ഏൽപ്പിക്കുക. ഞങ്ങൾക്കുള്ള ഭക്ഷണം വാങ്ങിത്തരുന്നത് ദീദിയല്ലേ? പിന്നെ, ഡ്രസ്സും വാങ്ങിത്തരും. ഞങ്ങളെ സുന്ദരികളാക്കാൻ ബ്യൂട്ടീഷൻ ഇവിടെ വരും. എല്ലാം ദീദി ഏർപ്പാടാക്കുന്നതാണ്.”

SONAGACHI-3

”അപ്പോൾ, ഞങ്ങൾ കൊടുത്ത പണം നിനക്ക് കിട്ടില്ലേ..?”- ഞാൻ ചോദിച്ചു.
”എനിക്കെന്തിനാണ് പണം? ഞങ്ങൾക്ക് എല്ലാം ഇവിടെ കിട്ടുന്നുണ്ടല്ലോ, പണം കൊടുക്കാതെ തന്നെ.”- കോയൽ നിസംഗമായി പറഞ്ഞു.

”നീ ഞങ്ങളുടെ കൂടെ കൊൽക്കത്തയിൽ വരുന്നോ, കൊൽക്കത്ത കാണാൻ?” – ഞാൻ അവളുടെ മനസ്സറിയാൻ ശ്രമിച്ചു.

‘ഇല്ല. എന്നെ വിടില്ല.”- അവൾ പെട്ടെന്നു പറഞ്ഞു.

ARUN--EZHUTHACHAN

”കൊൽക്കത്ത കാണണമെന്ന് നിനക്ക് ആഗ്രഹമുണ്ടോ?”- ഞാൻ കുത്തിക്കുത്തി ചോദിച്ചു.

”ഇല്ല.”- അവൾ മുഖം താഴ്ത്തി.

”നിനക്ക് ആഗ്രഹമുണ്ടെന്ന് ഞങ്ങൾക്കറിയാം… എന്തിനാണ് നീ നുണ പറയുന്നത്?” – ഞാൻ വിട്ടില്ല.

ആ കണ്ടുപിടിത്തം അവൾക്ക് ഇഷ്ടപ്പെട്ടെന്നു തോന്നി. ചിരിച്ചു കൊണ്ട് അവൾ എന്റെ കയ്യിൽ നുള്ളി. ആ അവസരം മുതലെടുത്ത് ഞാൻ ആവർത്തിച്ചു: ” ശരിക്കും കൊൽക്കത്ത കാണണമെന്ന്് നിനക്ക് ആഗ്രഹമില്ലേ…?”
അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കിയിരുന്നു. അവൾ എന്തെങ്കിലും പറയുമെന്നു പ്രതീക്ഷിച്ച് ഞാൻ അവളെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News