വിജിലൻസിനെ വിവരാവകാശത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കില്ല; വിവാദ ഉത്തരവ് മന്ത്രിസഭാ യോഗം റദ്ദാക്കി; പീപ്പിൾ ടിവി ഇംപാക്ട്

തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് വിജിലൻസിനെ ഒഴിവാക്കാനുള്ള വിവാദ ഉത്തരവ് റദ്ദാക്കി. മന്ത്രിസഭാ യോഗമാണ് വിവാദ ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചത്. വിജിലൻസ് അന്വേഷിക്കുന്ന കേസിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാലും നൽകേണ്ടതില്ലെന്നായിരുന്നു സർക്കാർ തീരുമാനം. വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന മുഖ്യമന്ത്രി, മുൻ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, മുൻ മന്ത്രിമാർ, ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവരുടെ വിവരങ്ങൾ വിവരാവകാശ നിയമം വഴി നൽകുന്നത് ഒഴിവാക്കിയ സർക്കാർ നടപടിയാണു വിവാദമായിരുന്നത്. കൈരളി പീപ്പിൾ ടിവിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തു കൊണ്ടുവന്നത്.

സർക്കാരിന്റെ നടപടി കടുത്ത പ്രതിഷേധത്തിനും വിമർശനത്തിനും വഴിവച്ചിരുന്നു. വിവരാവകാശത്തിന്റെ പരിധിയിൽ നിന്ന് വിജിലൻസിനെ ഒഴിവാക്കിയ നടപടി വിശദീകരിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടാൻ തീരുമാനിച്ചിരുന്നു. വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. വിവരാവകാശ നിയമത്തിന്റെ ലംഘനമാണ് സർക്കാർ നടത്തിയതെന്നും ഇതു റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും വിവരാവകാശ കമ്മീഷനു പരാതി നൽകിയിരുന്നു.

അഴിമതി കാണിച്ചാലും അത് ജനങ്ങൾ അറിയാതിരിക്കാനായിരുന്നു സർക്കാർ വിജ്ഞാപനത്തിലൂടെ ശ്രമിച്ചത്. അധികാരത്തിൽ നിന്ന് മാറിയാലും കേസിന്റെ വിശദാംശങ്ങൾ പുറത്തറിയാതിരിക്കാനാണ് വിജിലൻസിനെയും മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും എല്ലാം നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News