മണിയുടെ ജീവിതത്തെക്കുറിച്ച് സിനിമയെടുക്കുമെന്ന് വിനയന്‍; മണിയെ ആര്‍ക്കും പറ്റിക്കാന്‍ കഴിയുമായിരുന്നു; മലയാളസിനിമയില്‍ വരേണ്യവര്‍ഗ മേധാവിത്വം ഇപ്പോഴും നിലനില്‍ക്കുന്നു

തൃശുര്‍: കലാഭവന്‍ മണിയുടെ ജീവിതത്തെക്കുറിച്ച് സിനിമയെടുക്കുമെന്ന് സംവിധായകന്‍ വിനയന്‍. കലാഭവന്‍ മണിയോട് മലയാള സിനിമ നീതി പുലര്‍ത്തിയിട്ടില്ലെന്നും വരേണ്യവര്‍ഗ മേധാവിത്വം സിനിമ മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും വിനയന്‍ കുറ്റപ്പെടുത്തി.

നാടന്‍പാട്ട് എന്ന കലാശാഖയെ മലയാളത്തിലേക്ക് തിരികെ കൊണ്ടുവന്ന മണിക്ക് ഫെലേഷിപ് നല്‍കി ആദരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും ജീവിച്ചിരുന്നപ്പോള്‍ മണിയെ അകറ്റി നിറുത്തിയവരാണ് ഇപ്പോള്‍ മണിയെ ദൈവമെന്ന് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേലൂര്‍ പുനര്‍ജനി ജീവജ്വാല കലാസമിതിയുടെ മണി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.

മണി ദുര്‍ബലനായിരുന്നുവെന്നും നാലോ അഞ്ചോ പേര്‍ വിചാരിച്ചാല്‍ വളക്കാന്‍ പറ്റുന്ന മനസായിരുന്നുവെന്ന് അദ്ദേഹത്തിന്‍േത്. മണിയെ ആര്‍ക്കും പറഞ്ഞ് പറ്റിക്കാന്‍ കഴിയുമായിരുന്നു. ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുമ്പോഴും ആരെങ്കിലും മുഖത്ത് നോക്കി എന്തെങ്കിലും പറഞ്ഞാല്‍ തളരും.

ജീവിതത്തിന്റെ എല്ലാ ദുഖങ്ങളും പേറിവന്ന ചെറുപ്പക്കാരനോട് നീതി കാണിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിക്കും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കിയപ്പോള്‍ ജൂറി പറഞ്ഞ ന്യായം ചെറുപ്പക്കാര്‍ വളര്‍ന്നുവരട്ടെ എന്നായിരുന്നു. എന്നാല്‍, 27-ാം വയസില്‍ മണി ചെയ്ത ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിലെ അന്ധന്റെ വേഷത്തിന് അവാര്‍ഡ് കൊടുക്കാന്‍ ആ ന്യായം ഉണ്ടായിരുന്നില്ലെന്നും വിനയന്‍ പറഞ്ഞു.

മണിയുടെ മരണം ആത്മഹത്യയാക്കാനാണ് ശ്രമമെങ്കില്‍ വിട്ടുകൊടുക്കില്ലെന്ന് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ചടങ്ങില്‍ പറഞ്ഞു. പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും, ജീവിതം ഹോമിക്കേണ്ടി വന്നാലും മരണത്തിന് പിന്നിലെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

പ്രിയനന്ദനന്‍, മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, ഗായകന്‍ സന്നിദാനന്ദന്‍, കലാഭവന്‍ പീറ്റര്‍ തുടങ്ങിയവരും അനുസ്മരണപരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here