കനയ്യ കുമാര്‍ ഹൈദരാബാദിലെത്തി; യൂണിവേഴ്‌സിറ്റി ഗേറ്റില്‍ തടയുമെന്ന് പൊലീസ്; മാധ്യമങ്ങള്‍ക്ക് വിലക്ക്; ഹോസ്റ്റലിലേക്കുള്ള വെള്ളവും ഇന്റര്‍നെറ്റും വിച്ഛേദിച്ചു

Kanhaiya-Kumar

ദില്ലി: ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരനായ ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചതിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു. വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഹൈദരബാദിലെത്തി. കനയ്യ കുമാറിനെ സര്‍വ്വകലാശാലയുടെ ഗേറ്റില്‍ തടയാനാണ് പൊലീസിന്റെ തീരുമാനം. പൊലീസും, അര്‍ദ്ധ സൈനിക വിഭാഗവും ക്യാമ്പസിന് ചുറ്റും തമ്പടിച്ചിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മറ്റു വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ ക്യാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് അധികൃതരുടെ നീക്കം. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലേക്കുള്ള വെള്ളവും ഇന്റര്‍നെറ്റ് കണക്ഷനും അധികൃതര്‍ നിര്‍ത്തലാക്കി. വിസി രാജി വയ്ക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. സര്‍വകലാശാലയിലെ ക്ലാസുകള്‍ക്ക് 27 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പാ റാവു ഇന്നലെ സര്‍വകലാശാല ക്യാമ്പസില്‍ തിരിച്ചെത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. തിരിച്ചെത്തുന്ന വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി വിദ്യാര്‍ത്ഥികള്‍ തല്ലി തകര്‍ത്തിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റിരുന്നു. പ്രതിഷേധ പ്രകടനം നടത്തിയ 36 വിദ്യാര്‍ത്ഥികളെയും മൂന്ന് അധ്യാപകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News