സച്ചിന്‍, റിച്ചാര്‍ഡ്‌സ്, ലാറ, പോണ്ടിംഗ്; ഇവരെക്കാള്‍ ഒരുപടി മുന്നിലാണു കോഹ്‌ലി; കപില്‍ ദേവിന് പറയാനുള്ളത്

ലോകക്രിക്കറ്റിലെ മഹാരഥന്‍മാരായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ്, ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ് എന്നിവരെക്കാള്‍ ഒരുപടി മുന്നിലാണ് വിരാട് കോഹ്‌ലിയെന്ന് കപില്‍ ദേവ്. മലയാള മനോരമ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കപില്‍ ഇക്കാര്യം പറയുന്നത്.

‘നമ്മള്‍ കണ്ട മഹാരഥന്‍മാരെക്കാളൊക്കെ ഒരുപടി മുന്നിലാണു കോഹ്‌ലി. ഇപ്പറഞ്ഞ മഹാരഥന്‍മാരില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുണ്ട്, വിവിയന്‍ റിച്ചാര്‍ഡ്‌സ് ഉണ്ട്, ബ്രയാന്‍ ലാറയുണ്ട്, റിക്കി പോണ്ടിങ് ഉണ്ട്. സംവാദത്തിനു തയാര്‍ പക്ഷേ, എന്റെ നിലപാടു വ്യക്തമാണ്. ഒരു കുലുക്കവുമില്ല. നിലവില്‍ ക്രിക്കറ്റിന്റെ മൂന്നു രൂപങ്ങളിലും ഏറ്റവും മികച്ചവന്‍ തന്നെയാണു കോഹ്‌ലി. നാളെ എക്കാലത്തെയും മികച്ചവരില്‍ ഏറ്റവും മികച്ചവനായിരിക്കുകയും ചെയ്യും. ഏതു സാഹചര്യത്തെയും മെരുക്കാനുള്ള കഴിവ് കോഹ്‌ലിയെ അവിടെ എത്തിക്കും. ഉറപ്പ്.’

‘ക്രീസിലേക്കുള്ള നടത്തം, നിലയുറപ്പിക്കും മുന്‍പു ബാറ്റുകൊണ്ടുള്ള ചുഴറ്റല്‍, പന്തിന്റെ വരവു കാത്തുനില്‍ക്കുമ്പോള്‍ കണ്ണുകളിലെ തിളക്കം എല്ലാം സമാനതകളില്ലാത്തതു തന്നെ. കോഹ്‌ലി ക്രീസിലുണ്ടെങ്കില്‍ ഇരിപ്പിടത്തില്‍ നിന്ന് അനങ്ങാന്‍ പറ്റുന്നില്ല. എന്തും സംഭവിക്കുമെന്നൊരു തോന്നല്‍. ഒരു കാലത്തു വിവിയന്‍ റിച്ചാര്‍ഡ്‌സ് ചെയ്തിരുന്നതു പോലെ. സമ്മര്‍ദത്തെ വിരാട് മെരുക്കുന്ന കാഴ്ച സുന്ദരമാണ്. പലരും ഞെരിഞ്ഞ് അമര്‍ന്നുപോകുന്ന ആ സമയത്തും മുഖത്തെ ഒരു ഞരമ്പുപോലും വലിഞ്ഞുമുറുകുന്നില്ല. ഡസ്സിങ് റൂമില്‍ നിന്നു കൂടെ കൊണ്ടുവരുന്ന ആത്മവിശ്വാസത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ് ഈ ശാന്തത. ചാടിക്കയറി പന്തിനെ ആക്രമിക്കുന്നതു കണ്ടിട്ടേയില്ല. കൃത്യസമയത്ത് ഒരു മിന്നല്‍ പോലെ ആക്ഷന്‍ കഴിയും. എതിരാളി ഫ്‌ളാറ്റ്.. വേണ്ടതു വേണ്ടപ്പോള്‍ ചെയ്യാന്‍ അറിയാമെന്ന് അര്‍ഥം.’

‘ആക്രമണോല്‍സുക സമീപനം കൊണ്ടുതന്നെ, ഓസ്‌ട്രേലിയക്കാര്‍ക്കു പറ്റിയ മറുമരുന്നാണു കോഹ്‌ലി. കരുത്തിന്റെ കളിയുടെ ആശാന്‍മാരാണല്ലോ ഓസ്‌ട്രേലിയക്കാര്‍. കണ്ണിലേയ്ക്കു തുളഞ്ഞിറങ്ങുന്ന നോട്ടംകൊണ്ട് അവരെ ഒതുക്കാന്‍ കോഹ്‌ലിക്കു കഴിയും. അതാണു കോഹ്‌ലി. തന്റെ ശൈലിയില്‍ കളിക്കുന്ന ഇന്നിന്റെ താരം. ഷോട്ടുകളുടെ റേഞ്ച് നോക്കൂ… ആദ്യം കവര്‍ ഡ്രൈവ് നോക്കാം. അത്യപൂര്‍വമായ ടൈമിങ് സെന്‍സോടെയാണു പന്തിനെ സമീപിക്കുന്നത്. അതു തന്നെ നല്ല ഫോമില്‍ നില്‍ക്കുന്നതിന്റെ ലക്ഷണമാണ്. അല്ലെങ്കില്‍ത്തന്നെ, കോഹ്‌ലി എന്നും ഫോമിലാണല്ലോ. സച്ചിന്‍, സ്ലോ ബോളര്‍മാര്‍ക്കെതിരേ മാത്രമേ പൂര്‍ണമായ ഫോളോ ത്രൂവോടെ കളിക്കുന്നതു കണ്ടിട്ടുള്ളു.

ക്വിക് ബോളര്‍മാര്‍ക്കെതിരെ അങ്ങനെയല്ല. കോഹ്‌ലി ഇക്കാര്യത്തില്‍ വ്യത്യസ്തനാണ്. തല അനങ്ങില്ല. കൈകള്‍ കാര്യം നിര്‍വഹിച്ചിരിക്കും. കൈമുട്ട് ബോളറുടെ നേരെ ചൂണ്ടിനില്‍ക്കും. മിഡ്‌വിക്കറ്റിലേക്കുള്ള ഫ്‌ളിക്ക് പോലും നമ്മുടെ നെഞ്ചിടിപ്പു കൂട്ടും. വി.വി.എസ്. ലക്ഷ്മണ്‍ ഒഴികെ മറ്റാരും ഇത്ര മേധാവിത്വത്തോടെ ഫ്‌ളിക്ക് ചെയ്യുന്നതു ഞാന്‍ കണ്ടിട്ടില്ല..’

‘ക്രീസ് എങ്ങനെ ഉപയോഗിക്കണമെന്നു നന്നായി അറിയാവുന്ന കോഹ്‌ലി ക്രീസിന്റെ രാജാവാണ്. സമ്മര്‍ദം എപ്പോഴും ബോളര്‍ക്കായിരിക്കും. ഫീല്‍ഡ് സെറ്റിങ്ങിനെ അസാമാന്യ ലാളിത്യത്തോടെ തകര്‍ത്തുകളയും. ഡോട്ട് ബോള്‍ കളിക്കാന്‍ കോഹ്ലിയുടെ മാനസികനില സമ്മതിക്കില്ല. പിന്നെയല്ലേ മെയ്ഡന്‍ ഓവര്‍ ഈ ലോകകപ്പ് കഴിയട്ടെ, ഏറ്റവും കുറവു ഡോട്ട് ബോള്‍ കളിച്ച ബാറ്റ്‌സ്മാന്‍ കോഹ്‌ലിയായിരിക്കും.’- കപില്‍ ദേവ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel