തമിഴ്‌നാട്ടില്‍ വിജയകാന്ത് ഇടതുപക്ഷത്തോടൊപ്പം; ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി താരം; ഡിഎംഡികെ 124 സീറ്റില്‍ മത്സരിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ സിനിമാ താരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് ഇടതുപക്ഷത്തോടൊപ്പം. ഇടതുപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ജനക്ഷേമ മുന്നണി (പിഡബ്ല്യൂഎഫ്)യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരിക്കും വിജയകാന്ത്. നേരത്തേ ഡിഎംകെയുമായി വിജയകാന്ത് സഖ്യമുണ്ടാക്കിയേക്കുമെന്നു വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതു തള്ളിക്കൊണ്ടാണ് ഇടതുപക്ഷവുമായി സഖ്യം ചേരാന്‍ വിജയകാന്തിന്റെ തീരുമാനം വന്നത്.

124 സീറ്റില്‍ വിജയകാന്തിന്റെ ഡിഎംഡികെ മത്സരിക്കും. 110 സീറ്റില്‍ ജനക്ഷേമ മുന്നണിയുടെ സ്ഥാനാര്‍ഥികളായിരിക്കും മത്സരിക്കുക. സിപിഐഎം നേതാവ് ജി രാമകൃഷ്ണന്‍, സിപിഐ നേതാവ് ആര്‍ മുത്തരശന്‍, എംഡിഎംകെ നേതാവ് വൈകോ, വിസികെ നേതാവ് തിരുമലവന്‍ തുടങ്ങിയവര്‍ ഡിഎംഡികെ ആസ്ഥാനത്തെത്തി വിജയകാന്തുമായി നടത്തിയ ചര്‍ച്ചയിലാണ് സഖ്യധാരണയുണ്ടായത്. സംസ്ഥാനത്തെ ദ്രവീഡിയന്‍ പാര്‍ട്ടികള്‍ക്കു ബദലായാണ് കഴിഞ്ഞ ജൂലൈയില്‍ ജനക്ഷേമ മുന്നണി രൂപീകരിച്ചത്. ദ്രവീഡിയന്‍ പാര്‍ട്ടികള്‍ കഴിഞ്ഞ അഞ്ചു ദശകങ്ങളായി സംസ്ഥാനം ഭരിച്ചു മുടിപ്പിച്ചെന്നാണ് ജനക്ഷേമ മുന്നണി ആരോപിക്കുന്നത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായിരിക്കും പ്രചാരണത്തിലെ പ്രധാന സന്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News