മാംസാഹാരം ഉപേക്ഷിച്ച് വീഗനായെന്ന് പാര്‍വതി; സിനിമ വിട്ടാല്‍ ജീവനില്ല; 27 വയസേ ആയിട്ടുള്ളൂവെങ്കിലും 60 വയസായപോലെയാണു പെരുമാറുന്നതെന്നു തോന്നാറുണ്ടെന്നും താരം

മൃഗങ്ങളില്‍നിന്നുണ്ടാക്കുന്ന ഒന്നും കഴിക്കുകയോ മൃഗങ്ങളെ കൊന്നുണ്ടാക്കുന്ന ഒരുല്‍പന്നവും ഉപയോഗിക്കുകയോ ചെയ്യാത്ത വീഗനായി താന്‍ മാറിയെന്നു നടി പാര്‍വതി. തുകല്‍കൊണ്ടുള്ള ബാഗോ ചെരുപ്പോ ഉപയോഗിക്കില്ല. ഇറച്ചി, മീന്‍, മുട്ട, പാല്‍, പാലുല്‍പന്നങ്ങള്‍ ഒന്നും കഴിക്കില്ല. അതുകൊണ്ടുതന്നെ വണ്ണം കുറഞ്ഞന്നും സ്‌കിന്‍ നന്നായെന്നും പാര്‍വതി പറഞ്ഞു. മനോരമ ഓണ്‍ലൈനിലെ മെര്‍ലി എം എല്‍ദോയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തലുകള്‍.

എന്നു നിന്റെ മൊയ്തീന്‍ കഴിഞ്ഞു യൂറോപ്പിലേക്ക് ട്രിപ്പ് പോയി. യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ ഫോട്ടോ ജേണലിസ്റ്റ് ജൊവാന്‍ മക്കാര്‍ത്തറാണ് തനിക്കു വീഗനിസത്തെക്കുറിച്ചു പറഞ്ഞുതന്നത്. ലോകം മുഴുവന്‍ നന്നാക്കാനല്ല. പക്ഷേ, ഈ ക്രൂരതയില്‍ എനിക്കു പങ്കില്ല, ഞാനതിന്റെ ഭാഗമാകില്ല, എനിക്കു ചെയ്യാന്‍ പറ്റുന്നതു ഞാന്‍ ചെയ്യുമെന്ന ചിന്തയാണ് തന്നെ വീഗനിസത്തിന്റെ ഭാഗമാക്കിയതെന്നും പാര്‍വതി പറയുന്നു. സ്ഥിരമായി നോണ്‍വെജ് കഴിക്കുന്നയാളായിരുന്നു താന്‍. പാലൊഴിച്ച കാപ്പിയും ചീസ് ഓംലെറ്റും ഇല്ലാതെ ജീവിക്കാന്‍ പറ്റുമെന്നു കരുതിയിരുന്നില്ല. ഇപ്പോള്‍ അതു കഴിക്കുമ്പോള്‍ ഛര്‍ദിക്കാന്‍ തുടങ്ങി. ഇടിയപ്പമാണ് ഇഷ്ടപ്പെട്ട പ്രാതലെന്നും അമ്മയുണ്ടാക്കുന്ന ചെറുപയറുകറിയോട് പ്രത്യേക ഇഷ്ടമുണ്ടെന്നും പറഞ്ഞ പാര്‍വതി നന്നായി പാചകം ചെയ്യാന്‍ പഠിച്ചെന്നും വെൡപ്പെടുത്തി.

തന്റെ സ്വഭാവത്തിന് വലിയ മാറ്റം വന്നിട്ടുണ്ട്. കുറച്ചുകൂടി തെളിച്ചം വന്നിട്ടുണ്ടെന്നാണു തോന്നുന്നത്. ഇരുപത്തേഴു വയസേ ആയിട്ടുള്ളൂവെങ്കിലും അറുപതു വയസായവരെപ്പോലെയാണു പെരുമാറുന്നതെന്നു തോന്നാറുണ്ട്. പ്രായം ഒളിച്ചു വയ്ക്കുന്നതു പണ്ടത്തെ രീതിയാണ്. താനും റിമ കല്ലിംഗലും ഉള്‍പ്പെടെയുള്ളവര്‍ പ്രായം തുറന്നു പറയാറുണ്ട്. പ്രായമോ, ലിംഗമോ ഒന്നും ജോലിയെ ബാധിക്കരുതെന്നു വിശ്വസിക്കുന്നവരാണു ഞങ്ങള്‍. ഒരു കാര്യം മറച്ചുവച്ചാല്‍ അതു വളര്‍ച്ചയെ ബാധിക്കും. അതുകൊണ്ട് ഉള്ളത് ഉള്ളതുപോലെ പറയുക എന്നതാണ് തന്റെ പോളിസിയെന്നും പാര്‍വതി പറഞ്ഞു.

parvathi-1

ഐറ്റം ഡാന്‍സിനോടു കടുത്ത എതിര്‍പ്പാണു തനിക്കുള്ളത്. അമ്മയിലെ അംഗങ്ങളോടും മറ്റു പല വേദികളിലും ഇക്കാര്യത്തിലെ എതിര്‍പ്പ് അറിയിച്ചു. പരാതിയില്‍ അവസാനം തീരുമാനം ഉണ്ടാവുകയും ചെയ്തു. തന്റെ സമൂഹത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നതാണ് ബോള്‍ഡ്‌നെസ് എങ്കില്‍ താന്‍ ബോള്‍ഡാണെന്നും പാര്‍വതി ചൂണ്ടിക്കാട്ടി. പ്രിഥ്വിരാജ് സിനിമയെക്കുറിച്ചു നന്നായി പഠിച്ച നടനാണ്. ഒപ്പം അഭിനയിക്കുന്ന ആക്ടറില്‍നിന്നു കിട്ടുന്ന എക്‌സ്പ്രഷനാണ് നമ്മുടെ അഭിനയത്തിലൂടെ തിരികെക്കൊടുക്കുന്നത്. പ്രിഥ്വിയുടെ അഭിനയത്തില്‍നിന്നു കിട്ടുന്ന ഇന്‍സ്പിരേഷന്റെ അളവ് എത്രയാണെന്നു പറയാന്‍ പറ്റില്ല. അഭിനയിച്ചതൊക്കെ മുന്‍ നിര നടന്‍മാരോടൊപ്പമാണെന്നു കരുതി പുതുമുഖത്തിനൊപ്പം അഭിനയിക്കാനും മടിയില്ല. നടനേക്കാളും സംവിധായകനേക്കാളും തന്നെ സംബന്ധിച്ചു പ്രധാനം കഥതന്നെയാണ്.

സിനിമവിട്ടാല്‍ തനിക്കു ജീവനില്ലെന്നും. സിനിമ ജീവിതമാര്‍ഗം മാത്രമല്ല, പാഠപുസ്തകം കൂടിയാണെന്നും പാര്‍വതി പറഞ്ഞു. അഭിനേത്രി ആയതുകൊണ്ടുതന്നെ ലോകത്തു തന്റെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ എന്താണെന്നു താന്‍ അറിഞ്ഞിരിക്കണമെന്നാണ് തന്റെ അഭിപ്രായം. അമ്പത്-അറുപതു വയസാകുമ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കാം. നിയമനിര്‍മാണത്തിന്റെയും വിദ്യാഭ്യാസ സമ്പ്രദായ രൂപീകരണത്തിന്റെയും ഭാഗമാകണം എന്നുണ്ട്. ഫേസ്ബുക്കില്‍ താന്‍ സജീവമല്ല. സിനിമ റിലീസ് അകും മുമ്പാണ് എന്തെങ്കിലും കുറിക്കുക. പിന്നെ അതു നോക്കാറില്ല. ഫേസ്ബുക്കില്‍ പലരും ജഡ്ജിമാരാണ്. അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനു പകരം നാവു മൂര്‍ഛയുള്ള വാളാകുന്നു. ഫോണിലെ വാട്‌സ്ആപ്പ് ഓണ്‍ചെയ്യുന്നതിനേക്കാള്‍ തനിക്കിഷ്ടം ലുലു മാളിലെ തിരക്കില്‍ പോയിരിക്കാനാണ്. നമ്മളോടു സംസാരിക്കുമ്പോള്‍ പോലും പലരും വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യുന്നതു കാണുമ്പോള്‍ ദേഷ്യം വരാറുണ്ട്. സ്‌കൂള്‍, കോളജ് കാലഘട്ടത്തിലുള്ളവരാണ് ആത്മസുഹൃത്തുക്കള്‍ എന്നു പറയാവുന്നവര്‍. യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമാണ്.

സിനിമയെക്കുറിച്ച് എന്തുവേണമെങ്കിലും ചോദിച്ചോളൂ. പക്ഷേ, വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ താല്‍പര്യമില്ലെന്നും പാര്‍വതി പറഞ്ഞു. വിവാഹത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു പാര്‍വതിയുടെ മറുപടി. തന്റെ കഥാപാത്രങ്ങൡലൂടെ മാത്രം പ്രേക്ഷകര്‍തന്നെ അറിഞ്ഞാല്‍ മതി. കുഞ്ഞിനെ ദത്തെടുക്കുന്നു എന്ന വാര്‍ത്തയെക്കുറിച്ചും താന്‍ ഒന്നും പറയുന്നില്ലെന്നായിരുന്നു പാര്‍വതിയുടെ മറുപടി.

(ചിത്രങ്ങൾ: ഗുഗിൾ ഇമേജസ്)
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News