കുടിവെള്ള വിതരണത്തിനുള്ള വിലക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നീക്കി; കുടിവെള്ള പ്രചാരണോപാധിയാകരുത്; വ്യവസ്ഥകള്‍ക്കു വിധേയമായി വിതരണം ചെയ്യാമെന്നും കമ്മീഷന്‍

കൊച്ചി: സംസ്ഥാനത്തു സൗജന്യ കുടിവെള്ള വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീക്കിയതായി തെരഞ്ഞെടുപ്പു കമ്മീഷന്‍. കുടിവെള്ള വിതരണം ചെയ്യുന്നതു തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ഉപാധിയാകരുതെന്നും വ്യവസ്ഥകള്‍ക്കു വിധേയമായി വെള്ളം വിതരണം ചെയ്യാമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. കുടിവെള്ളവിതരണത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടരുതെന്നും നിര്‍ദേശമുണ്ട്.

തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്ന ശേഷം കുടിവെള്ളവും അരിയും യുഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നതു തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷനെതിരേ മുഖ്യമന്ത്രി രംഗത്തുവരികയും ചെയ്തു. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ കമ്മീഷന്‍ തടയുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. കുടിവെള്ള വിതരണം, സമഗ്ര ആരോഗ്യ പദ്ധതി, സൗജന്യ അരിവിതരണം എന്നീ പദ്ധതികള്‍ തടസപ്പെടുന്ന സാഹചര്യമാണ് നിലവിലുളളതെന്നും, കുടിവെള്ള വിതരണത്തിനുളള അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ വ്യാപക ജലക്ഷാമം ആണെന്നും, കുടിവെള്ളം വിതരണം ചെയ്യാന്‍ അനുമതി തരണമെന്നും ആവശ്യപ്പെട്ട് എന്‍സിപി എംഎല്‍എയായ തോമസ് ചാണ്ടിയാണു ഹൈക്കോടതിയെ സമീപിച്ചത്. തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ച കോടതി കുടിവെളള വിതരണത്തിന്റെ പദ്ധതി നടത്തിപ്പിനായി ഒരുകോടി രൂപ സര്‍ക്കാര്‍ അനുവദിക്കണമെന്നും നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News