ഇംഗ്ലണ്ടിനെയും വിറപ്പിച്ച് അഫ്ഗാൻ ട്വന്റി-20 ലോകകപ്പിൽ നിന്ന് പുറത്തേക്ക്; അഫ്ഗാനിസ്താൻ പൊരുതി കീഴടങ്ങി; ഇംഗ്ലണ്ടിന്റെ ജയം 15 റൺസിന്

ദില്ലി: ഇംഗ്ലണ്ടിനെയും വിറപ്പിച്ച് അഫ്ഗാനിസ്താൻ ട്വന്റി-20 ലോകകപ്പിൽ നിന്ന് പുറത്തേക്ക്. 143 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്താൻ അവസാന പന്തു വരെയും പോരാടിയ ശേഷമാണ് കീഴടങ്ങിയത്. നിശ്ചിത ഓവറിൽ അവർക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനെ സാധിച്ചുള്ളു. 15 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. 35 റൺസെടുത്ത് പുറത്താകാതെ നിന്ന ഷഫിഖുള്ളയാണ് അഫ്ഗാൻ നിരയിലെ ടോപ് സ്‌കോറർ. സമിയുള്ള ഷെൻവരി 22 റൺസെടുത്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനും തുടക്കം പാളി. 4 റൺസെടുത്ത മുഹമ്മദ് ഷഹ്‌സാദ് ആദ്യം തന്നെ മടങ്ങി. അസ്ഗർ സ്റ്റാനിക്‌സായ് 1 റൺസെടുത്തും ഗുലാബ്ദിൻ നായിബ് റണ്ണൊന്നുമെടുക്കാതെയും അടുത്തടുത്ത പന്തുകളിൽ മടങ്ങിയതോടെ അഫ്ഗാൻ പരുങ്ങി. എന്നാൽ, മധ്യനിര പതുക്കെ സ്‌കോർ ഉയർത്താൻ ശ്രമിച്ചു. റാഷിദ് ഖാൻ (15), മുഹമ്മദ് നബി (12), സമിയുള്ള (22), നജിബുള്ള (14) എന്നിവർ നേരിയ ചെറുത്തുനിൽപ് പ്രകടമാക്കി. ഷഫിഖുള്ളയാണ് ഇംഗ്ലണ്ടിനെ വിറപ്പിച്ചത്. അൽപം നേരത്തെയായിരുന്നെങ്കിൽ ഒരുപക്ഷേ കളിയുടെ ഫലം തന്നെ മറ്റൊന്നായേനെ.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് വാലറ്റത്തിന്റെ ചെറുത്തുനിൽപിന്റെ മികവിൽ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. 41 റൺസുമായി പുറത്താകാതെ നിന്ന മോയിൻ അലിയാണ് വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇംഗ്ലണ്ടിന്റെ കണക്കുകൾ തുടക്കത്തിലെ പിഴച്ചു. ഓപ്പണർ ജാസൺ റോയ് 5 റൺസെടുത്ത് ആദ്യം കൂടാരം കയറി. ജെയിംസ് വിൻസ്, പിന്നീടുവന്ന ജോ റൂട്ടുമായി ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും 18 പന്തിൽ 22 റൺസെടുത്ത ജെയിംസ് വിൻസിനെ മുഹമ്മദ് നബി സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കി. ഇയാൻ മോർഗൻ (0) നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. 12 റൺസെടുത്ത റൂട്ടിനെ റാഷിദ് ഖാൻ റണ്ണൗട്ടാക്കിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ബെൻ സ്‌റ്റോക്‌സ് (7), ജോസ് ബട്ട്‌ലർ (6) എന്നിവരും രണ്ടക്കം കാണാതെ പുറത്തായി.

ഓപ്പണിംഗ് നിരയും മധ്യനിരയും പരാജയമായപ്പോൾ രക്ഷാപ്രവർത്തനം വാലറ്റത്തിന്റെ ദൗത്യമായി. ആ ദൗത്യം ഏറ്റെടുത്തത് മോയിൻ അലിയും. ഒരറ്റത്തു നിന്ന് പടനയിച്ച അലിക്ക് ക്രിസ് ജോർദാനും ഡേവിഡ് വില്ലിയും മികച്ച പിന്തുണ നൽകി. ജോർദാൻ 15 റൺസെടുത്തപ്പോൾ വില്ലി 20 റൺസുമായി പുറത്താകാതെ നിന്നു. അഫ്ഗാനു വേണ്ടി മുഹമ്മദ് നബിയും റാഷിദ് ഖാനും 2 വിക്കറ്റ് വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News