നിങ്ങള്‍ എന്തിനാണ് കനയ്യയെ ഭയക്കുന്നത്? ഹൈദരാബാദ് സര്‍വകലാശാലയിലേക്ക് കനയ്യയ്ക്ക് അനുമതിയില്ല; എച്ച്‌സിയുവില്‍ ക്ലാസുകള്‍ റദ്ദാക്കി; വിദ്യാര്‍ഥികളുടെ വെള്ളവും ഇന്റര്‍നെറ്റും വിഛേദിച്ചു

ഹൈദരാബാദ്: രാജ്യത്തെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ മുഖവും അക്രമസ്വഭാവവും തുറന്നുകാട്ടിയ കനയ്യകുമാറിനെ കേന്ദ്ര സര്‍ക്കാരിന് ഭയമാണോ? സംശയം വെറുതയല്ല, കേന്ദ്ര സര്‍ക്കാരും തെലങ്കാന സര്‍ക്കാരും കാണിച്ചുകൂട്ടിയ കാര്യങ്ങള്‍ കാണുമ്പോള്‍ ഫാസിസത്തിന്റെ വക്താക്കളായ സംഘപരിവാര്‍ കനയ്യയുടെ മുന്നേറ്റത്തെ ഭയക്കുന്നു എന്നുതന്നെ മനസിലാക്കണം. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ജീവനൊടുക്കാന്‍ കാരണക്കാരനായ വൈസ് ചാന്‍സലര്‍ അപ്പറാവു രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയ കനയ്യകുമാറിന് കാമ്പസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയില്ല. കാമ്പസിന്റെ കവാടത്തില്‍ വച്ചു തന്നെ കനയ്യയെ തടയാനാണു പൊലീസിന് നിര്‍ദേശം. മാധ്യമങ്ങളെ അടക്കം സര്‍വകലാശാലയില്‍നിന്ന് അകറ്റാനുമാണ് തീരുമാനം.

രാവിലെ സര്‍വകലാശാലയിലെ ഹോസ്റ്റലിലേക്കുള്ള വെള്ളവും ഇവിടേക്കുള്ള ഇന്റര്‍നെറ്റ് ബന്ധങ്ങളും വിഛേദിച്ചിരുന്നു. വിദ്യാര്‍ഥികള്‍ ആശയവിനിമയം നടത്തുന്നതും പുറത്തുള്ള കാര്യങ്ങള്‍ അറിയുന്നതും തടയാനായിരുന്നു സര്‍വകലാശാലാധികാരികളുടെ നടപടി. തുടര്‍ന്ന്, ഇന്നു കാമ്പസില്‍ വിദ്യാര്‍ഥികള്‍ എത്താതിരിക്കാന്‍ ക്ലാസുകളും റദ്ദാക്കി. ഇന്നു മുതല്‍ ഇരുപത്താറുവരെയാണ് ക്ലാസുകള്‍ റദ്ദാക്കിയത്.

ഇന്നലെ ഏഴാഴ്ചത്തെ അവധിക്കുശേഷം കാമ്പസില്‍ മടങ്ങിയെത്തിയ വിസി ഡോ. അപ്പറാവു ചുമതലയില്‍ തിരികെ പ്രവേശിക്കുന്നതിനെതിരേ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിയിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച് വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടതാകട്ടെ അക്രമത്തിന്റെ രീതിയിലും. കാമ്പസിനുള്ളിലും സമീപത്തമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കാമ്പസിനുള്ളില്‍ സായുധരായ നിരവധി പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

അതിനിടെ, വിസിക്കു നേരായ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ച് സര്‍വകലാശാലയിലെ ഒരു വിഭാഗം അധ്യാപകേതര ജീവനക്കാര്‍ സമരം ആരംഭിച്ചു. ഇവര്‍ പണിമുടക്കിയതോടെ ഹോസ്റ്റലുകളിലെ മെസുകളുടെ പ്രവര്‍ത്തനം നിലച്ചു. ഇന്നലെ രാത്രിയും ഇന്നു രാവിലെയും ഉച്ചയ്ക്കും നിരവധി വിദ്യാര്‍ഥികള്‍ പട്ടിണിയായിരുന്നു. കാമ്പസിനുള്ളില്‍ നിറയെയും കവാടങ്ങളിലും പൊലീസ് ആയതിനാല്‍ വിദ്യാര്‍ഥികള്‍ക്കു ഭക്ഷണം കഴിക്കാന്‍ യഥേഷ്ടം പുറത്തേക്കു പോകാനും സാധിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News