ആവേശം അവസാനപന്തു വരെ; അവസാന ഓവറിലെ തകർപ്പൻ ഏറിൽ ഇന്ത്യ ബംഗ്ലാദേശിനെ തോൽപിച്ചു; ജയം ഒരു റൺസിന്; സെമിസാധ്യതകൾ സജീവമാക്കി ഇന്ത്യ

ബംഗളൂരു: ട്വന്റി-20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ഇന്ത്യക്ക് ആവേശോജ്വല ജയം. അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ട ആവേശത്തിൽ ബംഗ്ലാദേശിനെ 1 റൺസിനാണ് ഇന്ത്യ തോൽപിച്ചത്. 147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനെ സാധിച്ചുള്ളു. അവസാന ഓവറിൽ 3 വിക്കറ്റ് വീഴ്ത്തിയതാണ് ഇന്ത്യയുടെ ജയത്തിൽ നിർണായകമായത്. 35 റൺസെടുത്ത തമീം ഇഖ്ബാലും 26 റൺസെടുത്ത സബ്ബിർ റഹ്മാനുമാണ് ബംഗ്ലാനിരയിലെ ടോപ് സ്‌കോറർ.

ഒരു ത്രില്ലർ സിനിമ കാണുന്ന പരിവേഷമായിരുന്നു മത്സരത്തിന്റെ അവസാന ഓവറിന്. അവസാന ഓവറിൽ ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടത് 11 റൺസ്. ആദ്യ പന്തിൽ ഒരു റൺസ്. രണ്ടും മൂന്നും പന്തുകൾ ബൗണ്ടറിയിലേക്ക് പായിച്ച് മുഷ്ഫിഖുർ റഹീം ബംഗ്ലാ വിജയം എളുപ്പമാക്കുമെന്നു തോന്നിച്ചു. എന്നാൽ, തൊട്ടടുത്ത പന്തിൽ ധവാൻ പിടിച്ച് മുഷ്ഫിഖുർ പുറത്ത്. അഞ്ചാം പന്തിൽ പാണ്ഡ്യയെ ഉയർത്തിയടിക്കാനുള്ള മഹ്മൂദുള്ളയുടെ ശ്രമം ജഡേജയുടെ കൈകളിൽ ഒതുങ്ങി. ജയിക്കാൻ വേണ്ടത് 2 റൺസ്. സിംഗിൾ ഓടിയെടുത്ത് സൂപ്പർ ഓവറിലേക്ക് നീട്ടാനുള്ള ശ്രമം മുസ്തഫിസുർ റഹ്മാന്റെ ശ്രമം റണ്ണൗട്ടിലും കലാശിച്ചതോടെ ഇന്ത്യൻ ജയം സമ്പൂർണം.

മറുപടി ബാറ്റിംഗ് തുടങ്ങി ആദ്യം തന്നെ ഓപ്പണർ മൊഹമ്മദ് മിഥുനെ (1) നഷ്ടമായെങ്കിലും തമിം ഇഖ്ബാലും സബ്ബിർ റഹ്മാനും ചേർന്ന് അനായാസം ബംഗ്ലാദേശിനെ മുന്നോട്ടു നയിച്ചു. 32 പന്തിൽ 35 റൺസെടുത്ത തമിം ഇഖ്ബാലിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നീട് ഷാകിബ് അൽ ഹസനും സബ്ബിറും ചേർന്നായി രക്ഷാപ്രവർത്തനം. 26 റൺസെടുത്ത സബ്ബിറിനെയും ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. 22 റൺസെടുത്ത ഷാകിബിനെ അശ്വിന്റെ പന്തിൽ റെയ്‌ന ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഷാകിബും പുറത്തായതോടെ കളി സ്‌കോറിംഗ്് അൽപം മന്ദഗതിയിലായി. എന്നാൽ, സൗമ്യ സർക്കാരും മുഹമ്മദുള്ളയും ചേർന്ന് പതിയെ ബംഗ്ലാദേശിനെ വിജയത്തോടടുപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 8 വിക്കറ്റു നഷ്ടത്തിൽ 146 റൺസെടുത്തിരുന്നു. മധ്യനിരയുടെയും വാലറ്റത്തിന്റെയും ബാറ്റിംഗാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് കരുത്തായത്.
നല്ലരീതിയിൽ മുന്നേറുകയായിരുന്ന രോഹിതിനെ 18 റൺസെടുത്തു നിൽക്കുമ്പോൾ മുസ്തഫിസുർ റഹ്മാന്റെ പന്തിൽ സബ്ബിർ റഹ്മാൻ പിടിച്ചു പുറത്താക്കി. തൊട്ടടുത്ത ഓവറിലെ അവസാന പന്തിൽ 23 റൺസെടുത്ത ശിഖർ ധവാനെ ഷാകിബ് അൽ ഹസൻ വിക്കറ്റിനു മുന്നിൽ കുടുക്കി. 24 റൺസെടുത്ത വിരാട് കോഹ്‌ലിയെ ഷുവഗാത പുറത്താക്കിയപ്പോൾ 30 റൺസെടുത്ത റെയ്‌നയുടെ വിക്കറ്റ് അൽ അമിൻ ഹൊസൈനായിരുന്നു. 7 പന്തിൽ 15 റൺസെടുത്ത ഹർദിക് പാണ്ഡ്യയുടെ വിക്കറ്റും അൽ-അമിനായിരുന്നു. ക്യാപ്റ്റൻ ധോണി 13 റൺസുമായി പുറത്താകാതെ നിന്നു.

സ്പിന്നർമാരാണ് ഇന്ത്യയുടെ ഉയർന്ന സ്‌കോർ മോഹം നശിപ്പിച്ചത്. അൽ അമിൻ ഹൊസൈനും മുസ്തഫിസുർ റഹ്മാനും രണ്ടു വിക്ക്റ്റു വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News