‘കൊലയാളി അപ്പാറാവുവിനെ അറസ്റ്റ് ചെയ്യണം’; രോഹിത് വെമുലയുടെ കുടുംബം ക്യാമ്പസ് ഗേറ്റില്‍ ധര്‍ണയിരിക്കുന്നു; സമരവുമായി മുന്നോട്ട് പോകുമെന്ന് കനയ്യ

ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിസി അപ്പറാവുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രോഹിത്തിന്റെ കുടുംബം ധര്‍ണയിരിക്കുന്നു. മാതാവ് രാധിക വെമുലയും രോഹിത്തിന്റെ സഹോദരനുമാണ് ക്യാമ്പസ് ഗേറ്റിനുമുന്നില്‍ ധര്‍ണയിരിക്കുന്നത്. തങ്ങളുടെ കുടുംബത്തിന് നീതി കിട്ടണമെന്നും കൊലയാളി അപ്പാറാവുവിനെ അറസ്റ്റ് ചെയ്യണമെന്നും അമ്മ രാധിക വെമുലയും സഹോദരനും ആവശ്യപ്പെട്ടു. പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും മോചിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ സര്‍വകലാശാലയിലേക്ക് കയറാന്‍ അനുവദിച്ചില്ല. ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവിനെയും സഹോദരനെയും കണ്ടതിന് ശേഷമാണ് കനയ്യ സര്‍വകലാശാലയിലെത്തിയത്. എന്നാല്‍ കാമ്പസിലേക്ക് കയറാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. പുറത്ത് നിന്നുള്ള സന്ദര്‍ശകര്‍ക്ക് കാമ്പസിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന കാരണം പറഞ്ഞാണ് സന്ദര്‍ശനം വിലക്കിയത്. തുടര്‍ന്ന് സര്‍വകലാശാല കവാടത്തിന് മുന്നില്‍ കനയ്യ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എത്ര രോഹിത് വെമൂലമാരെ നിങ്ങള്‍ക്ക് കൊല്ലാനാകുമെന്ന് ചോദിച്ചായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്. രോഹിതിന് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും രോഹിതിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും കനയ്യ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് അധികൃതരുടെ നീക്കം. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലേക്കുള്ള വെള്ളവും ഇന്റര്‍നെറ്റ് കണക്ഷനും അധികൃതര്‍ നിര്‍ത്തലാക്കി. വിസി രാജി വയ്ക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. സര്‍വകലാശാലയിലെ ക്ലാസുകള്‍ക്ക് 27 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പാ റാവു കഴിഞ്ഞദിവസം സര്‍വകലാശാല ക്യാമ്പസില്‍ തിരിച്ചെത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. തിരിച്ചെത്തുന്ന വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി വിദ്യാര്‍ത്ഥികള്‍ തല്ലി തകര്‍ത്തിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റിരുന്നു. പ്രതിഷേധ പ്രകടനം നടത്തിയ 36 വിദ്യാര്‍ത്ഥികളെയും മൂന്ന് അധ്യാപകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ എവിടെയാണെന്ന് ഇപ്പോഴും അറിയില്ലെന്നാണ് സഹപാഠികള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here