ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം; പിഡിപി എംഎല്‍എമാരുടെ യോഗം ഇന്ന്; രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമുണ്ടായേക്കും

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പിഡിപി എംഎല്‍എമാര്‍ ഇന്ന് യോഗം ചേരും. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയാണ് എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മെഹബൂബ മുഫ്തി എംഎല്‍എമാരെ ധരിപ്പിക്കും. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ നിര്യാണത്തെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ഇന്നത്തെ യോഗത്തോടെ പരിഹാരമുണ്ടായേക്കുമെന്നാണ് സൂചന.

മോദിയുമായുള്ള കൂടിക്കാഴ്ച്ച തൃപ്തികരമായിരുന്നെന്നും ശ്രീനഗറില്‍ തിരിച്ചെത്തിയതിന് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും മെഹബൂബ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായുള്ള ചര്‍ച്ചകള്‍ പാളിയ സാഹചര്യത്തിലാണ് മെഹബൂബ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് പിഡിപിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ ജമ്മു കശ്മീരില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണശേഷമാണ് സഖ്യസര്‍ക്കാര്‍ അനിശ്ചിതത്വത്തിലായത്. സെയ്ദിന്റെ മരണശേഷം മെഹബൂബ മുഫ്തി പിഡിപിയുടെ നേതൃ സ്ഥാനത്തത്തെിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പിഡിപിക്ക് 27ഉം ബിജെപിക്ക് 26 ഉം എംഎല്‍എമാരുമാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel