മണിയുടെ മരണം; കസ്റ്റഡിയിലായിരുന്ന മൂന്നു സഹായികളെ വിട്ടയച്ചു; പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്നു സഹായികളെ അന്വേഷണസംഘം വിട്ടയച്ചു. കാര്യമായ വിവരങ്ങളൊന്നും ഇവരില്‍ നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് വിട്ടയച്ചത്.

അതിനിടെ മരണവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ മാറ്റാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. ഫോറന്‍സിക്, രാസപരിശോധന വിദഗ്ദരും ചികിത്സിച്ച ഡോക്ടര്‍മാരുമാണ് സംഘത്തില്‍ ഉള്‍പ്പെടുന്നത്.

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശമില്ലെന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടമാര്‍ പറയുന്നത്. എന്നാല്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയും മെഥനോളും ശരീരത്തിലുണ്ടെന്നാണ് കാക്കനാട് ലാബിലെ രാസപരിശോധനാഫലം. റിപ്പോര്‍ട്ടുകളിലെ വൈരുധ്യം മൂലം മരണകാരണത്തില്‍ ആശയക്കുഴപ്പം പരിഹരിക്കാനാണ് വിദഗ്ധരടങ്ങിയ സംഘം രൂപീകരിക്കാന്‍ ഡിജിപി നിര്‍ദേശിച്ചത്.

മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനി മരണകാരണമായിട്ടില്ലെന്നാണ് സംഘത്തിന്റെ പ്രാഥമികനിഗമനം. ചെറിയ അളവില്‍ മാത്രമാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. ആന്തരികാവയവങ്ങളിലെ വിഷപദാര്‍ത്ഥങ്ങളുടെ അളവുവ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കണമെന്ന് കാക്കനാട് കെമിക്കല്‍ ലാബിനോട് അന്വേഷണസംഘം പ്രത്യേകം ആവശ്യപ്പെട്ടു.

മരണത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. കരള്‍ രോഗവും, ആന്തരിക രക്തസ്രാവവും, കിഡ്‌നി തകരാറുമാണ് മരണത്തിന് കാരണമായതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. കീടനാശിനി ഉള്ളില്‍ ചെന്ന ഒരാളുടെ ലക്ഷണം മണിയുടെ ശരീരത്തില്‍ ഇല്ലായിരുന്നു. കീടനാശിനി ഉള്ളിലെത്തിയാല്‍ രൂക്ഷമായ ഗന്ധമുണ്ടാകും. എന്നാല്‍ മണിയെ ആശുപത്രിയില്‍ കൊണ്ടുപോകും മുന്‍പ് പരിശോധിച്ച ഡോക്ടറും ചികില്‍സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരും ഇത്തരത്തിലുള്ള ഗന്ധമുണ്ടായിരുന്നില്ലെന്നാണ് പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇന്‍ക്വസ്റ്റ് തയാറാക്കിയ പൊലീസ് ഉദ്യോഗസ്ഥരും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘവും കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ലെന്നാണ് അറിയിച്ചത്. ഭക്ഷ്യവസ്തുക്കളില്‍ നിന്ന് കീടനാശിനി കരളില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

മണിയുടേത് സ്വാഭാവികമരണമാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. മരണം അന്വേഷിക്കുന്ന സംഘത്തിന് സംശയകരമായതൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസില്‍ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്‌തെങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാനുള്ള സാധ്യത നിരാകരിക്കുന്ന മൊഴിരളാണ് ഇതുവരെ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News