പൊലീസുകാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ബിന്ദ്യാസ്; ഫോണിലെ ദൃശ്യങ്ങളും ഫോട്ടോകളും ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പലരില്‍നിന്നും പണം വാങ്ങി; കൂടുതല്‍ വാദം അടുത്ത 15ന്

കൊച്ചി: പൊലീസുകാര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ആരോപിച്ച് ബ്ലാക്ക്‌മെയില്‍ കേസ് പ്രതി ബിന്ദ്യാസിന്റെ പരാതി. കസ്റ്റഡിയില്‍വച്ച് നിശാന്തിനി ഐപിഎസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് കംപ്ലയന്‍സ് അഥോറിറ്റിയില്‍ മൊഴി നല്‍കവേ ബിന്ദ്യാസ് പറഞ്ഞു.

കസ്റ്റഡിയിലിരിക്കെ പൊലീസ് ലൈംഗികമായി പീഡിപ്പിച്ചെന്നും രക്തസ്രാവത്തത്തെുടര്‍ന്ന് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സതേടിയെന്നും ബിന്ദ്യാസ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതടക്കമുള്ള രേഖകള്‍ കമീഷനില്‍ ഹാജരാക്കാമെന്നും അവര്‍ ബോധിപ്പിച്ചു. തന്റെ അമ്മയെ തൊട്ടടുത്ത മുറിയില്‍ ഇരുത്തിയാണ് പാലാരിവട്ടം സ്റ്റേഷനില്‍ തന്നെ പീഡിപ്പിച്ചത്. മനോദുഖം മൂലമാണ് അമ്മ ആത്മഹത്യ ചെയ്തതെന്നും ഇവര്‍ ആരോപിച്ചു.

ഇക്കാര്യങ്ങളുന്നയിച്ച് പൊലീസ് കംപ്ലയന്‍സ് അഥോറിറ്റിക്ക് നേരത്തെ ബിന്ദ്യാസ് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് നാരായണക്കുറുപ്പ് കൊച്ചിയില്‍ നടത്തിയ സിറ്റിംഗില്‍ ബിന്ദ്യാസ് ഹാജരായി മൊഴി നല്‍കിയത്. തന്റെ ഫോണിലെ ദൃശ്യങ്ങളും ഫോട്ടോകളും ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ പലരില്‍നിന്നും പണം തട്ടിയെന്നും ബിന്ദ്യാസ് മൊഴി നല്‍കി. ബിന്ദ്യാസില്‍നിന്നു കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി അടുത്തമാസം 15നു വീണ്ടും സിറ്റിംഗ് നടത്തും. പൊലീസ് കസ്റ്റഡിയില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടെന്ന പരാതി അതീവ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് നിരീക്ഷിച്ചു.

പൊലീസ് ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്ന് ആരോപിച്ച് ബിന്ദ്യാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരത്തെ പരാതി നല്‍കിയിരുന്നു. കണ്‍സ്ട്രക്ഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്നെയും സുഹൃത്തുക്കളെയും പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു പരാതി.
കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രമുഖ വ്യവസായികളില്‍ നിന്നും ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നും ബിന്ദ്യാസ് മുന്‍പ് വെളിപ്പെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News