ബാല്‍ താക്കറെയെ കൊലപ്പെടുത്താന്‍ ലഷ്‌കറെ തയിബ ശ്രമം നടത്തിയെന്ന് ഹെഡ്‌ലി; ശിവസേന ഭവനില്‍ രണ്ടു തവണ സന്ദര്‍ശിച്ചു; എതിര്‍വിസ്താരം തുടരുന്നു

മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ എതിര്‍ വിസ്താരം രണ്ടാംദിവസവും തുടരുന്നു.ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെയെ കൊലപ്പെടുത്താന്‍ ഭീകരസംഘടനയായ ലഷ്‌കറെ തയിബ ശ്രമം നടത്തിയിരുന്നെന്ന് മുംബൈ ഭീകരാക്രമണക്കേസ് മാപ്പുസാക്ഷി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ദൗത്യത്തിന് നിയോഗിക്കപ്പെട്ടയാള്‍ പദ്ധതി നടപ്പിലാക്കും മുന്‍പ് പൊലീസിന്റെ പിടിയിലായെന്നും പിന്നീട് അയാള്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടെന്നും ഹെഡ്‌ലി മൊഴി നല്‍കി.

ലഷ്‌കറെ നേതാവ് സാജിദ് മിറിന്റെ നിര്‍ദേശപ്രകാരം മുംബൈ ശിവസേന ഭവനില്‍ രണ്ടു തവണ സന്ദര്‍ശനം നടത്തി. സംഘടനയില്‍ നിന്ന് തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ താന്‍ അവര്‍ക്ക് പണം നല്‍കിയെന്നും ഹെഡ്‌ലി മൊഴി നല്‍കി.

മുഖ്യപ്രതിയായ അബു ജിന്‍ഡാലിന്റെ അഭിഭാഷകന്‍ അബ്ദുള്‍ വഹാബ് ഖാനാണ് ഹെഡ്‌ലിയെ എതിര്‍വിസ്താരം ചെയ്യുന്നത്. വിസ്താരം നാലു ദിവസം വരെ തുടരുമെന്ന് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം വ്യക്തമാക്കി. അമേരിക്കയിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് വിസ്താരം നടക്കുന്നത്.

ഫെബ്രുവരി 13നാണ് ഹെഡ്‌ലിയുടെ ഒരാഴ്ച നീണ്ടുനിന്ന മൊഴിയെടുപ്പ് അവസാനിച്ചത്. മുംബൈ ഭീകരാക്രമണക്കേസില്‍ 35 വര്‍ഷത്തെ ജയില്‍ശിക്ഷ അമേരിക്കയില്‍ അനുഭവിക്കുകയാണ് ഹെഡ്‌ലി. ഭീകരാക്രമണത്തിന് ഐഎസ്‌ഐ സാമ്പത്തിക, സൈനിക, ധാര്‍മിക പിന്തുണ നല്‍കിയിരുന്നതായി ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു. ഭീകരസംഘടനകളായ ലക്ഷര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയ്ക്കായിരുന്നു സഹായം നല്‍കിയിരുന്നതെന്നായിരുന്നു വെളിപ്പെടുത്തല്‍. ആക്രമണം സംഘടിപ്പിക്കുന്നതില്‍ താനും പങ്കാളിയായിരുന്നുവെന്നും ഹെഡ്‌ലി സമ്മതിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News