വി ഡി രാജപ്പന്‍ അന്തരിച്ചു; മരണം കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍; യാത്രയാകുന്നത് മലയാളിയെ സാധാരണക്കാരന്റെ നര്‍മത്തിലൂടെ കുടുകുടെ ചിരിപ്പിച്ച താരം

കോട്ടയം: കഥാപ്രസംഗവേദികളിലും സിനിമകളിലും മലയാളികള്‍ക്കു ചിരിയുടെ മാലപ്പടക്കം സമ്മാനിച്ച വി ഡി രാജപ്പന്‍ അന്തരിച്ചു. കോട്ടയത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി ചികിത്സയിലായിരുന്നു. കരള്‍രോഗമായിരുന്നു വി ഡി രാജപ്പന്. കോട്ടയം സ്വദേശിയാണ്.

ഹാസകഥാപ്രസംഗത്തിലൂടെ സിനിമയിലെത്തിയ വി ഡി രാജപ്പന്‍ ഒരു കാലത്ത് മലയാളത്തിലെ സിനിമകളിലെ സ്ഥിരം ഹാസ കഥാപാത്ര സാന്നിധ്യമായിരുന്നു. മൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയായിരുന്നു രാജപ്പന്റേത്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കഥകളിലെയും കഥാപാത്രങ്ങള്‍. ഇവരുടെ പ്രണയവും പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിച്ചത് ശ്രോതാക്കളെ ആകര്‍ഷിച്ചു. മലയാള സിനിമാഗാനങ്ങളുടെ പാരഡികള്‍ അടങ്ങിയ കഥാപ്രസംഗങ്ങള്‍ ഇദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ കഥാപ്രസംഗങ്ങള്‍ കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ഇവ കാസറ്റുകളായും വില്‍ക്കപ്പെട്ടിട്ടുണ്ട്.

കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഹാസ്യനടനായാണ് ഏറെയും വേഷമിട്ടത്. ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം കുറച്ചുകാലമായി കഥാപ്രസംഗ വേദികളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News