ജീവിതയാഥാര്‍ത്ഥ്യങ്ങളോട് പൊരുതി മലയാളികള്‍ക്ക് ചിരിമാത്രം സമ്മാനിച്ച രാജപ്പന്‍; അവസാനം വന്ന അഭിമുഖം വായിക്കാം

കഥാപ്രസംഗങ്ങളിലൂടെയും പാരഡി ഗാനങ്ങളിലൂടെയും മലയാളിയെ പൊട്ടിച്ചിരിപ്പിച്ച വി.ഡി.രാജപ്പന്റെ വിയോഗം മലയാളികള്‍ക്ക് തേങ്ങലായി അവശേഷിക്കുന്നു. വിഡി രാജപ്പിന്റേതായി ഏറ്റവും അവസാനംവന്ന അഭിമുഖം വായിക്കാം. മംഗളം വാരികയിലാണ് ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്. (സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ വിഡി രാജപ്പന്റെ ഭാര്യ സുലോചനയാണ് സംസാരിക്കുന്നത്)

വി.ഡിയുടെ ജീവിതത്തിലേക്ക് വന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായില്ലേ?

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷമായി. രണ്ടു മക്കളുണ്ട്. രാജേഷ്, രാജീവ്. രാജേഷ് എം.ജി. യൂണിവേഴ്‌സിറ്റിയില്‍ ലാസ്റ്റ്‌ഗ്രേഡാണ്. രാജീവ് ഖത്തറിലാണ്. ഭാര്യ അനുമോള്‍ ഡല്‍ഹിയില്‍ നേഴ്‌സാണ്. ഞാനും നേഴ്‌സാണ്. നാലുവര്‍ഷമായി റിട്ടയറായിട്ട്.
നഴ്‌സിംഗ് പഠിച്ചിരുന്ന സമയത്താണ് ഇദ്ദേഹത്തിന്റെ ആലോചന വരുന്നത്. ആ സമയത്ത് കൂട്ടുകാരുമായി ഷോപ്പിംഗിനു പോകുമ്പോള്‍ ചേട്ടന്റെ പാട്ടും കഥാപ്രസംഗവുമൊക്കെ കേട്ടിട്ടുണ്ട് എന്നുള്ളതല്ലാതെ ആളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു.

ആലോചന വന്നു വളരെ പെട്ടെന്ന് തന്നെ വിവാഹവും കഴിഞ്ഞു. വിവാഹശേഷമാണ് ഇത്രയും വലിയ കലാകാരനാണെന്നറിയുന്നത്. അതിനുശേഷം എനിക്ക് ജോലി കിട്ടി. ഞാന്‍ ജോലിക്കു പോകുമ്പോള്‍ ചേട്ടന്‍ കഥാപ്രസംഗവും സിനിമാഭിനയവുമായി നടക്കും.
ഞാനൊരിക്കലും ചേട്ടന്റെ കലാപരമായ കഴിവുകളെ പിന്‍തുണച്ചിട്ടില്ല. കഥാപ്രസംഗം കഴിയുന്നതേ കള്ളു കുടിക്കാന്‍ പോകും. വൈകുന്നേരം നന്നായി മദ്യപിച്ചാകും വീട്ടില്‍ വരിക. ആരും ചോദ്യം ചെയ്യുന്നതൊന്നും ഇഷ്ടമല്ല. മക്കളെ നോക്കാന്‍ പോലും സാധിച്ചിട്ടില്ല. ഒരുപാട് കാശ് സമ്പാദിച്ചിട്ടുണ്ട്. അതിന്റെ നൂറിരട്ടി ചെലവാക്കിയിട്ടുമുണ്ട്. അന്ന് സിനിമയിലും സാമാന്യം നല്ല തിരക്കുണ്ടായിരുന്നു.

ഷൂട്ടിംഗ് സ്ഥലത്തൊന്നും കൊണ്ടുപോയിട്ടില്ലേ?

വിവാഹം കഴിഞ്ഞയിടക്ക് ഒരു തരം രണ്ടു തരം മൂന്നു തരം എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ എന്നേയും കൊണ്ടു പോയി. ട്രെയിനില്‍ ഇന്നസെന്റ് , മാളഎന്നിവരും ഉണ്ടായിരുന്നു. ഞങ്ങളിരുന്നതിന്റെ അപ്പുറത്തായി ഒരു വൃദ്ധന്‍ കിടക്കുന്നു.
അത് ഞങ്ങളുടെ ബന്ധുവാണെന്നാണ് മാളചേട്ടന്‍ വിചാരിച്ചത്. ഞങ്ങള്‍ സ്‌റ്റേഷനിലെത്തി ഇറങ്ങാന്‍ ഒരുങ്ങിയപ്പോള്‍ മാള ചേട്ടന്‍ ആ വൃദ്ധനെ വിളിച്ചുണര്‍ത്തി. അതുകണ്ട് രാജപ്പന്‍ ചേട്ടന്‍ എന്താ കാര്യമെന്ന് തിരക്കി. നിങ്ങളുടെ ബന്ധുവിനെ വിളിച്ചുണര്‍ത്തേണ്ടെയെന്ന് മാളചേട്ടന്‍. അതു കേട്ട രാജപ്പന്‍ ചേട്ടന്‍ കളിയാക്കി കൊണ്ട് അത് ഞങ്ങളുടെ ആരുമല്ല എന്നു പറഞ്ഞു. അന്ന് മാളചേട്ടന്‍ ശരിക്കും ചമ്മിപ്പോയി.

മദ്യപാനത്തിനാണോ പണം മുഴുവന്‍ ചെലവാക്കിയിരുന്നത്?

ഒരു ദിവസത്തെ പ്രോഗ്രാമിന് അന്നത്തെക്കാലത്ത് 1000 രൂപയൊക്കെയേ കിട്ടൂ. അതിനു മുഴുവന്‍ കുടിക്കും. കാശ് തികഞ്ഞില്ലെങ്കില്‍ കടം വാങ്ങിയാണ് കുടി. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ലോണെടുത്ത് വരെ കുടിക്കുമായിരുന്നു.
മദ്യപിക്കാന്‍ കാശില്ലാത്തവരെ വിളിച്ചുവരുത്തി കാശുകൊടുത്ത് പറയും ”നീ പോയി കുടിച്ചോയെന്ന്”. അന്നൊക്കെ ധാരാളം കൂട്ടുകാര്‍ വരും. മൂന്നും നാലും കുപ്പി വാങ്ങിച്ച് വീട്ടിലിരുന്ന് കുടിക്കും. മദ്യപാനവും ഉറക്കവും ആയിരുന്നു പ്രധാന ഹോബി.

രാത്രിയില്‍ ഇടയ്ക്കുണര്‍ന്നാല്‍ എടുത്ത് മാറ്റിവച്ചിരിക്കുന്ന കുപ്പിയില്‍ നിന്നും മദ്യം കഴിക്കുന്നത് കാണാം. ഒരുപാട് ഉപദേശിച്ചിട്ടുണ്ട്. പക്ഷേ യാതൊരു പ്രയോജനവുമുണ്ടായില്ല.

അന്നത്തെ സുഹൃത്തുക്കള്‍ ഇന്നും വരാറുണ്ടോ?

പലരെയും എനിക്കറിയില്ല. അമേരിക്കയില്‍ നിന്നും ദുബായില്‍ നിന്നുമൊക്കെ സുഹൃത്തുക്കള്‍ വരാറുണ്ട്. അദ്ദേഹത്തിന്റെ കൈയില്‍ പണവും നല്‍കാറുണ്ട്. ആയകാലത്ത് അദ്ദേഹം സുഹൃത്തുക്കളെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതുകൊണ്ടാവും അവരും തിരിച്ചു സഹായിക്കുന്നത്.

സിനിമാലോകത്ത് നിന്നും എന്തെങ്കിലും സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും. സിനിമാക്കാരുടെ സംഘടനയായ ”അമ്മ”യില്‍ നിന്നും എല്ലാ മാസവും ഒന്നാംതീയതി അയ്യായിരം രൂപ കിട്ടും. കഴിഞ്ഞദിവസം വനിതാ ഫിലിം അവാര്‍ഡില്‍ ജയസൂര്യയ്ക്ക് അവാര്‍ഡ് ലഭിച്ചിരുന്നു. അതില്‍ നിന്നും കിട്ടുന്ന പണം വി.ഡി. രാജപ്പന്റെ കുടുംബത്തിന് നല്‍കും എന്ന് പറഞ്ഞിരുന്നു. പല താരങ്ങളും വിളിക്കാറുണ്ട്. വിവരങ്ങള്‍ അന്വേഷിക്കാറുണ്ട്.

ഇപ്പോള്‍ സാമ്പത്തികബുദ്ധിമുട്ടിലാണോ?

വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ട്. എനിക്കും ചേട്ടനും പെന്‍ഷന്‍ കിട്ടുന്നുണ്ട്. പിന്നെ ചേട്ടനായി വരുത്തിവച്ച കുറേ കടങ്ങളുണ്ട്. വീടിന്റെ ആധാരം പണയപ്പെടുത്തിയാണ് ഇളയ മകന്‍ ഖത്തറില്‍ പോയത്. അതിന്റെ കടങ്ങളും ബാക്കിയുണ്ട്. അതെല്ലാം മക്കളാണ് വീട്ടുന്നത്.
ബുദ്ധിമുട്ടുണ്ടെങ്കിലും സന്തോഷത്തോടെയാണ് ഞാനും ചേട്ടനും കഴിയുന്നത്. പലരും ഇവിടെ വന്ന് ഫോട്ടോസ് എടുത്തു കൊണ്ടുപോകും. എന്നിട്ട് ഫെയ്‌സ് ബുക്കിലും പത്രത്തിലും ഇടും.

ഒരു ദിവസം ഖത്തറില്‍ നിന്നും മകന്‍ എന്നെ വിളിച്ചു. അവന്‍ കുറെയധികം ദേഷ്യപ്പെട്ടു. എന്താണ് കാര്യമെന്ന് തിരക്കിയപ്പോഴാണ് ചേട്ടന്റെ ഫോട്ടോ ആരോ ഫെയ്‌സ്ബുക്കില്‍ ഇട്ടെന്ന് പറയുന്നത്. ഏതോ ലോഡ്ജ് മുറിയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന വി.ഡി. രാജപ്പന്‍ എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ്. എന്ത് ലാഭം പ്രതീക്ഷിച്ചാണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത്. വയ്യാതെ കിടക്കുന്ന ഒരു മനുഷ്യനെ ഇങ്ങനെ നോവിക്കേണ്ട കാര്യമുണ്ടോ?ഏഴു വര്‍ഷമായി ഒരേ കിടപ്പു കിടക്കുന്ന മനുഷ്യനാണ്. എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കണ്ടാല്‍ പറയുമോ? എന്നെ കൊണ്ട് സാധിക്കുന്നതുപോലെ ഞാന്‍ നോക്കുന്നുണ്ട്.

എന്നും ഊര്‍ജ്ജസ്വലനായിരുന്ന വി.ഡി എങ്ങനെ രോഗത്തിന്റെ പിടിയിലായി?

മദ്യപാനം മൂലമുണ്ടായ അസുഖമാണ്. കൈകാലുകളുടെ മുട്ടില്‍ യൂറിക് ആസിഡ് ഡെപ്പോസിറ്റ് ചെയ്യുകയാണ്. കാലുകള്‍ക്ക് ബലമില്ല. നല്ല വേദനയുമാണ്. മരുന്നു കൊണ്ട് പ്രത്യേകിച്ച് ഫലമില്ലെങ്കിലും കുടമാളൂര്‍ കിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. എന്നാലും ഇപ്പോഴും മദ്യം കഴിക്കാന്‍ വാശിപിടിക്കും. ഓര്‍മ്മയൊക്കെ കുറഞ്ഞു വരികയാണ്. ഇടയ്ക്ക് ഞാന്‍ അദ്ദേഹം പാടിയ പഴയ പാട്ടുകള്‍ പാടി കൊടുക്കുമ്പോള്‍ ചോദിക്കും” നല്ല പാട്ടാണ് ഇതാരാ പാടിയത്”. എന്ന്. അതുപോലും തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

ഒരിക്കല്‍ നടന്‍ പ്രേംകുമാര്‍ ചേട്ടനെ കാണാന്‍ വീട്ടില്‍ വന്നു. പ്രേംകുമാര്‍ ചോദിച്ചു” ചേട്ടനെന്നെ മനസ്സിലായോ? ” ഇല്ലെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് സങ്കടമായി.

പിന്നെ അവരൊന്നിച്ച് പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന സിനിമ ചെയ്തപ്പോഴുള്ള കഥയൊക്കെ പറഞ്ഞു കൊടുത്തു. എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ”താനാരാ?” എന്ന് ചേട്ടന്‍ വീണ്ടും ചോദിച്ചു. അന്നൊരുപാട് സങ്കടത്തോടെയാണ് പ്രേംകുമാര്‍ പോയത്. ഇപ്പോഴും ഏറ്റവും വലിയ ആഗ്രഹം ഒരു തുള്ളി മദ്യം എങ്കിലും കഴിക്കാനാണ്. അതിനു വേണ്ടി വാശി പിടിക്കും. നിര്‍ബന്ധം സഹിക്കാനാവാതെ വരുമ്പോള്‍ മദ്യത്തിന്റെ നിറമുളള ചുവന്ന ടോണിക്ക് കൊടുക്കും. അതോടെ തൃപ്തിയാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News