കനയ്യകുമാറിനു നേരെ വാര്‍ത്താസമ്മേളനത്തില്‍ ഷൂവെറിഞ്ഞു; അക്രമം നടത്തിയത് ഗോ സംരക്ഷണ പ്രവര്‍ത്തകന്‍; എന്തു ചെയ്താലും താന്‍ ഭയക്കില്ലെന്നു കനയ്യയുടെ മറുപടി

ഹൈദരാബാദ്: ജെഎന്‍യു സമരനായകന്‍ കനയ്യ കുമാറിനു നേരെ ഹൈദരാബാദില്‍ വാര്‍ത്താസമ്മേളനത്തിനിടയില്‍ ഷൂവെറിഞ്ഞു. ഗോ സംരക്ഷണപ്രവര്‍ത്തകന്‍ നരേഷ് കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചുകൊണ്ടിരുന്ന കനയ്യക്കു നേരേ ഷൂവെറിഞ്ഞത്. എന്തു വേണമെങ്കില്‍ ചെയ്‌തോളൂ, അതുകൊണ്ടൊന്നും താന്‍ ഭയക്കില്ലെന്ന് അക്രമത്തോടു കനയ്യ പ്രതികരിച്ചു.

ഷൂവെറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ വഴി ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്ഠിതമാണെന്നും ഷൂവെറിഞ്ഞയാളെ ഉപദ്രവിക്കരുതെന്നും കനയ്യ പറഞ്ഞു. കലാലയങ്ങളിലുള്ളവരെല്ലാം ആക്രമണത്തിന്റെ നിഴലിലാണെന്നു കനയ്യ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലകളുടെ സ്വയാധികാരങ്ങള്‍ ഇല്ലാതാക്കാനുള്ള മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും കനയ്യ പറഞ്ഞു.

ഇന്നലെയാണ് കനയ്യകുമാര്‍ ഹൈദരാബാദിലെത്തിയത്. ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാനെത്തിയെങ്കിലും കനയ്യയെ കാമ്പസില്‍ പ്രവേശിപ്പിച്ചില്ല. തുടര്‍ന്നു സര്‍വകലാശാലാ കവാടത്തില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തശേഷം കനയ്യ മടങ്ങുകയായിരുന്നു. നാളെ വിജയവാഡയിലും സന്ദര്‍ശനം നടത്തിയശേഷം കനയ്യ ദില്ലിയിലേക്കു മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News