യോർക്കർ എറിയരുതെന്ന് പാണ്ഡ്യയോടു പറഞ്ഞു; അവസാനപന്തിൽ ഗ്ലൗ ഊരിവച്ചു; ബംഗ്ലാദേശിനെതിരെ അവസാന ഓവറിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ധോണിയുടെ തന്ത്രങ്ങൾ ഇവയൊക്കെ

ബംഗ്ലാദശിനെതിരെ അവസാന പന്തിൽ ഇന്ത്യ നേടിയ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ന് എങ്ങും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. അവസാന ഓവറിലെ അവസാന മൂന്നു പന്തുകളിൽ മെനഞ്ഞ തന്ത്രങ്ങളാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അവസാന മൂന്നു പന്തുകളിൽ തങ്ങൾ പ്ലാൻ ചെയ്തതിനു അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു പോയതെന്ന് നായകൻ ധോണി തന്നെ പറയുന്നു. ഒരേയൊരു കാര്യം മാത്രമാണ് അവസാന മൂന്നു പന്തുകൾ എറിയുന്ന അവസരത്തിൽ ധോണി ബോളർ ഹർദിക് പാണ്ഡ്യയോടു ആവശ്യപ്പെട്ടത്. യോർക്കർ എറിയരുത്.

യോർക്കർ എറിയരുതെന്ന് പറയാനുള്ള പ്രധാന കാരണം കൃത്യമായി യോർക്കർ ആയില്ലെങ്കിൽ പന്ത് ഫുൾടോസ് ആയി മാറും. അപ്പോൾ ബാറ്റ്‌സ്മാൻ പന്ത് അനായാസം അടിക്കുകയും ഒന്നിലധികം റൺ നേടുകയും ചെയ്യും. അവസാന പന്തിൽ ഗ്ലൗ ഊരി വെറുംകയ്യോടെ നിന്നതായിരുന്നു ധോണിയുടെ തന്ത്രം. പന്ത് നേരെ എറിഞ്ഞാൽ സ്റ്റംപിൽ കൊണ്ടേക്കില്ലെന്ന സാധ്യത പരിഗണിച്ചാണ് ഓടിയെത്തി റണ്ണൊട്ടിനു ശ്രമിച്ചതെന്നും ധോണി പറയുന്നു. തന്ത്രങ്ങളെല്ലാം ഫലിച്ചപ്പോൾ കൈവിട്ടെന്നു കരുതിയ ജയം ഇന്ത്യക്ക് സ്വന്തം. അവസാന ഓവർ തുടങ്ങിയാൽ പിന്നെ പൂർത്തിയാക്കാൻ വൈകിയതിനു കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴയോ വിലക്കോ വരില്ലെന്നുള്ളതു കൊണ്ട് സമയം എടുത്തു കളിച്ചാൽ മതിയെന്നും ധോണി സഹതാരങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

ഹർദിക് പാണ്ഡ്യയെ മനസ്സു തുറന്നു പ്രശംസിച്ചു ധോണി. തന്ത്രങ്ങൾ വിജയകരമായി നടപ്പാക്കാൻ പാണ്ഡ്യക്കു കഴിഞ്ഞതാണ് വിജയത്തിനു പിന്നിലെന്ന് ധോണി സമ്മതിക്കുന്നു. പദ്ധതികൾ ആവിഷ്‌കരിക്കുക എളുപ്പമാണെങ്കിലും അതു പ്രാവർത്തികമാക്കാൻ ശേഷിയുള്ള കളിക്കാരാണ് ടീമിന്റെ ശക്തിയെന്നും ധോണി പറഞ്ഞു. മുതിർന്ന താരങ്ങളായ നെഹ്‌റയുടെയും അശ്വിന്റെയും നിർദേശങ്ങളും അവസാന ഓവർ എറിയാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത പാണ്ഡ്യയുടെ ആത്മവിശ്വാസവും വിജയഘടകങ്ങളാണെന്നും ധോണി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News