തൃശൂർ: തൃശൂർ അരിമ്പൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി. രണ്ടായിരത്തിലധികം ഡിറ്റണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളും അമോണിയം നൈട്രേറ്റുകളുമാണ് കണ്ടെടുത്തത്. വീട്ടുടമ കുറ്റൂക്കാരൻ ബിജു ഒളിവിൽ പോയി. പോലീസ് സ്‌ഫോടക വസ്തു നിയമ പ്രകാരം കേസെടുത്തു.
സ്‌പെഷൽ ബ്രാഞ്ചിനും ലോക്കൽ പോലീസിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. രണ്ടായിരത്തി ഒരുന്നൂറ് ഡിറ്റണേറ്ററുകൾ, അറുന്നൂറ്റി എൺപത്തിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ, 75 കിലോ അമോണിയം നൈട്രേറ്റ് എന്നിവയാണ് കണ്ടെത്തിയത്. അരിമ്പൂർ നാലാം കല്ല് കുറ്റൂക്കാരൻ ബിജുവിൻറെ വീടിനു മുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കിണർ നിർമാണ തൊഴിലാളിയായ ബിജു പണികൾക്കു വേണ്ടിയാണ് ഇവ സൂക്ഷിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ ഇത്രയധികം സ്‌ഫോടക വസ്തുക്കൾ ശേഖരിച്ചത് സംശയാസ്പദമാണെന്ന് പോലീസ് പറഞ്ഞു.
യാതൊരു ലൈസൻസും ഇല്ലാതെയാണ് ഇവ വീടിനു മുകളിൽ സൂക്ഷിച്ചത്. സ്‌ഫോടക സവസ്തു നിയമ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്‌സ്‌പ്ലോസീവ്‌സിനെ വിവരം അറിയിച്ചിട്ടുണ്ട്. ബിജുവിന് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദ്യം ഉണ്ടെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ ബിജുവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post