തൃശൂര്‍: തൃശൂര്‍ അയ്യന്തോളിലെ ഫ്‌ളാറ്റില്‍ കാമുകിയെച്ചൊല്ലി യുവാവിനെ മറ്റു കാമുകന്‍മാര്‍ കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം അവിഹിത ബന്ധത്തില്‍ മാത്രമൊതുക്കും. വന്‍ കള്ളപ്പണമാഫിയക്കു സംഭവവുമായി ബന്ധമുണ്ടെന്നിരിക്കേ കോണ്‍ഗ്രസ് നേതാവിനെയും കൂട്ടാളികളെയും രക്ഷിക്കാന്‍ പിടിയിലായവര്‍ അവിഹിതബന്ധത്തില്‍ മാത്രം മൊഴിനല്‍കി കേസ് അതില്‍മാത്രം ഒതുക്കാനാണ് നീക്കം. കാമുകിയെച്ചൊല്ലിയുള്ള തര്‍ക്കം പുറത്തു പറയുന്ന കാരണം മാത്രമാണെന്നും കള്ളപ്പണം വെളുപ്പിക്കലുമായുള്ള തര്‍ക്കമാണ് ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശി സതീശന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.
പൊലീസ് കള്ളപ്പണമാഫിയയെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍തന്നെ മൊഴി അവിഹിത ബന്ധത്തെക്കുറിച്ചു മാത്രം പറഞ്ഞാല്‍ മതിയെന്നു പിടിയിലായവര്‍ക്ക് നിര്‍ദേശം ലഭിച്ചതായാണു വിവരം. കെപിസിസി മുന്‍ സെക്രട്ടറി എം ആര്‍ രാംദാസിന്റെ പങ്ക് കള്ളപ്പണമാഫിയയുമായി ബന്ധപ്പെട്ടതാണെന്നും സൂചനയുണ്ട്. ശാശ്വതിയും കള്ളപ്പണ മാഫിയയിലെ മുഖ്യകണ്ണിയാണ്. കള്ളപ്പണം വെളുപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും സംബന്ധിച്ച തര്‍ക്കത്തിനിടയിലാണ് കൊലപാതകം നടന്നതെന്നും അവിഹിത ബന്ധം കെട്ടിച്ചമച്ചതാണെന്നും പൊലീസ് കരുതുന്നു.
മൂന്നു ദിവസം സതീശിനെ കെട്ടിയിട്ടു മര്‍ദിച്ചിരുന്നു. ശാശ്വതിയാണ് മര്‍ദനം നടത്തിയതെന്നാണു പിടിയിലായവരുടെ മൊഴി. ശാശ്വതിയാണു കൊന്നതെങ്കില്‍ മറ്റു രണ്ടുപേര്‍ക്കും സതീഷിനെ രക്ഷിക്കാനാവുമായിരുന്നു. മാത്രമല്ല, പരസ്പരം സുഹൃത്തുക്കളായ മൂന്നു പേരുമായും ശാശ്വതി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു എന്ന മൊഴിയും അവിശ്വസനീയമാണ്. റഷീദും കൃഷ്ണപ്രസാദും സതീഷിനെ കൊലപ്പെടുത്തുന്നതു നോക്കിനിന്നെന്നും വിശ്വസിക്കാനാവില്ല. കള്ളപ്പണം ഇടപാടില്‍ സതീഷ് വിശ്വാസ വഞ്ചന കാട്ടിയപ്പോള്‍ അതു ചോദ്യം ചെയ്തതാണ് കൊലയില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
സതീശന്‍ മാറ്റിയ പണം എവിടെനിന്നും കിട്ടില്ലെന്നുറപ്പായ സാഹചര്യത്തിലാണ് അവശനായ സതീശനെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുക. അന്വേഷണം ആരംഭിച്ചപ്പോള്‍ മാധ്യമങ്ങളെയും പൊലീസിനെയും വഴിതെറ്റിക്കാന്‍ ശാശ്വതിയെക്കൊണ്ട് അവിഹിത കഥ പറയിക്കുകയായിരുന്നു. ശാശ്വതിക്കു പലരുമായും ബന്ധമുണ്ടായിരുന്നു. കേസിലെ മുഖ്യ പ്രതിയായ റഷീദിന് ഇത് അറിയാമായിരുന്നു. ശാശ്വതിയുടെയും റഷീദിന്റെയും ബന്ധത്തെ ഇത് ഒരിക്കലും ബാധിച്ചിരുന്നില്ല. അതിനാല്‍തന്നെ സതീശനുമായി ശാശ്വതിക്കു ബന്ധമുണ്ടായിരുന്നെങ്കില്‍ തന്നെ അതു കൊലപാതകത്തില്‍ കലാശിക്കില്ലായിരുന്നു.
വന്‍ കള്ളപ്പണം ഇടപാടുകളാണ് ശാശ്വതിയുടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടന്നിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. പലരുടെയും കള്ളപ്പണം വെളുപ്പിച്ചു നല്‍കിയിരുന്നത് ഇവരാണെന്നും സൂചനയുണ്ട്. ശാശ്വതി മാത്രമായിരുന്നു ഇവിടെ താമസം. എങ്കിലും റഷീദും കൃഷ്ണപ്രസാദും സതീശനും ഇടയ്ക്കിടെ വരുമായിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post