ഭാര്യയുടെ ചൂടന്‍ ചിത്രത്തില്‍ പ്രതിരോധത്തിലായി ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണം; വാക്‌പോരുമായി ടെഡ് ക്രൂസും ട്രംപും

ന്യൂയോര്‍ക്ക്: ഭാര്യയുടെ നഗ്നചിത്രവും അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചരണായുധം. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വ പോരാട്ടം അന്തിമഘട്ടില്‍ എത്തിനില്‍ക്കെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും ബിസിനസുകാരനുമായ ഡൊണാള്‍ഡ് ട്രംപ് ആണ് പ്രതിരോധത്തിലായത്. ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ അര്‍ദ്ധനഗ്ന ചിത്രമാണ് പുറത്തുവന്നത്. ചിത്രത്തെച്ചൊല്ലി റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായ ട്രംപും ടെഡ് ക്രൂസും തമ്മില്‍ പൊരിഞ്ഞ വാക്‌പോരാണ് നടക്കുന്നത്.

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനേഷന്‍ തേടിയുള്ള പ്രചരണമാണ് ഒരുവശത്ത് പുരോഗമിക്കുന്നത്. പ്രചരണത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഒരുപിടി മുന്നിലാണ്. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ടെഡ് ക്രൂസ് പിന്നിലും. നോമിനേഷനിലേക്ക് മുന്നേറുന്നതിനിടയിലാണ് ട്രംപിന് പാരയായി ഭാര്യയുടെ നഗ്നചിത്രം എതിരാളികള്‍ പ്രചരണായുധമാക്കിയത്.

നിങ്ങളുടെ അടുത്ത പ്രഥമവനിത മെലാനിയ ട്രംപിനെ പരിചയപ്പെടൂ, അല്ലെങ്കില്‍ വ്യാഴാഴ്ച ടെഡ് ക്രൂസിനെ പിന്തുണയ്ക്കൂ എന്നാണ് പ്രചരിക്കുന്ന പരസ്യ വാചകം. മെലാനിയ ട്രംപിന്റെ നഗ്നചിത്രത്തിന്റെ മേലാണ് പരസ്യവാചകം അടിച്ചുവച്ചിരിക്കുന്നത്. ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ് മെലാനിയ നോസ്. 45കാരിയായ മെലാനിയ നോസ് നേരത്തെ അറിയപ്പെടുന്ന മോഡല്‍ ആയിരുന്നു. 2005ലാണ് ഇരുവരും വിവാഹിതരായത്.

പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ജിക്യുവിന്റെ പരസ്യത്തിനായി എടുത്ത ഫോട്ടോഷൂട്ട് ചിത്രമാണ് അതെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ വിശദീകരണം. മോഡലായിരിക്കെ എടുത്ത ചിത്രമാണ് ഇതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഒപ്പം റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ടെഡ് ക്രൂസിന് ഭീഷണിയും നല്‍കി. ടെഡ് ക്രൂസ് കള്ളം പറയുകയാണ് എന്നും കരുതിയിരിക്കാനും ട്രംപ് ട്വീറ്റ് ചെയ്തു.

എന്നാല്‍ പ്രചരിക്കുന്നത് തന്റെ ഭാര്യയുടെ ചിത്രമല്ലെന്നും ട്രംപിന്റെ ഭാര്യയുടെ ചിത്രമാണെന്നും ടെഡ് ക്രൂസ് ഓര്‍മ്മിപ്പിച്ചു. ആക്രമിക്കുകയാണെങ്കില്‍ താങ്കള്‍ കൂടുതല്‍ കരുതിയിരിക്കണമെന്നും ടെഡ് ക്രൂസ് ട്വിറ്ററിലൂടെ ഓര്‍മ്മിപ്പിച്ചു.  

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാക്‌പോരും പുതിയ പ്രചരണായുധവും അമേരിക്കന്‍ രാഷ്ട്രീയത്തിലും ലോക മാധ്യമങ്ങളിലും ചര്‍ച്ചയായിക്കഴിഞ്ഞു. ചൂടന്‍ ചിത്രങ്ങള്‍ ചര്‍ച്ചയായതോടെ യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ട് ജികെ മാഗസിനും വാര്‍ത്തകളില്‍ നിറയുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like