നടൻ ജിഷ്ണു രാഘവന് മലയാളത്തിന്‍റെ അന്ത്യാഞ്ജലി; മലയാളിയെ അഭിനയം കൊണ്ടും മനക്കരുത്തുകൊണ്ടും വിസ്മയിപ്പിച്ച താരത്തിന്‍റെ മരണം രാവിലെ കൊച്ചിയിൽ

കൊച്ചി: പ്രശസ്ത ചലച്ചിത്രതാരം ജിഷ്ണു രാഘവന്‍ (35) മലയാളം വിടചൊല്ലി. ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന വിഷ്ണു രാവിലെ 8.15ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. സിനിമാ-സാംസ്കാരിക ലോകത്തുനിന്ന് നിരവധി പേർ ജിഷ്ണുവിന് അന്ത്യോപചാരം അർപ്പിച്ചു. മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നില്ല.

രണ്ടു വര്‍ഷം മുന്‍പാണ് ജിഷ്ണുവിനെ രോഗം ബാധിക്കുന്നത്. ചികിത്സക്ക് ശേഷം അദ്ദേഹം ഏതാനും സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും ചികിത്സ തേടിയെങ്കിലും ആരോഗ്യനില പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചെത്തിയിരുന്നില്ല. മാര്‍ച്ച് അഞ്ചാം തീയതി നില വഷളായതിനെ തുടര്‍ന്ന് എറണാകുളം അമൃത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. താന്‍ ഐസിയുവിലാണെന്നും എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ജിഷ്ണു കഴിഞ്ഞദിവസം ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു.

പ്രശസ്ത നടനായിരുന്ന രാഘവന്റെ മകനാണ് ജിഷ്ണു. 1987ല്‍ കിളിപ്പാട്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായാണ് ജിഷ്ണു അരങ്ങേറ്റം കുറിച്ചത്. 2002ല്‍ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് നായക വേഷത്തില്‍ ശ്രദ്ധേയനായത്. മലയാളം, തെലുങ്ക് സിനിമകള്‍ ഉള്‍പ്പടെ 21 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. റബേക്ക ഉതുപ്പ് കിഴക്കേമല ആണ് അവസാന മലയാളചിത്രം. ചൂണ്ട, ഫ്രീഡം, നേരറിയാന്‍ സിബിഐ, പൗരന്‍, ചക്കരമുത്ത്, ഓര്‍ഡിനറി, നിദ്ര, ഉസ്താദ് ഹോട്ടല്‍, ബാങ്കിംഗ് ഹവേഴ്‌സ്, അന്നും ഇന്നും എന്നും തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ട്രാഫിക് എന്ന ചിത്രത്തിന്റെ റീമേക്കിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഭാര്യ ധന്യ രാജന്‍.

മമ്മൂട്ടി, ജയറാം, ഫഹദ് ഫാസില്‍, നിവിന്‍ പോളി, കമല്‍, സിദ്ധാര്‍ഥ് ഭരതന്‍, ജഗദീഷ്, ജോമോള്‍ തുടങ്ങിയവര്‍ വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here