പഠിച്ചിരുന്ന സ്‌കൂള്‍ ബോംബിട്ട് തകര്‍ത്തത് ഇന്ത്യ; ലഷ്‌കറെ ത്വയ്ബയില്‍ ചേര്‍ന്നത് ഇന്ത്യയോട് പകരംവീട്ടാന്‍; ഹെഡ്‌ലിയുടെ എതിര്‍വിസ്താരം തുടരുന്നു

മുംബൈ: പാകിസ്ഥാന്‍ തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയ്ബയില്‍ ചേര്‍ന്നത് ഇന്ത്യയോട് പകരം വീട്ടാന്‍ വേണ്ടിയായിരുന്നെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി.

1971ല്‍ പാകിസ്ഥാനില്‍ താന്‍ പഠിച്ചിരുന്ന സ്‌കൂള്‍ ബോംബിട്ട് തകര്‍ത്തത് ഇന്ത്യന്‍ യുദ്ധവിമാനങ്ങളായിരുന്നു. 1971 ഡിസംബര്‍ ഏഴാംതീയതിയാണ് വിമാനങ്ങള്‍ സ്‌കൂള്‍ ബോംബിട്ട് വച്ച് തകര്‍ത്തത്. അന്ന് എനിക്ക് 11 വയസായിരുന്നു പ്രായം. അന്ന് മുതല്‍ ഇന്ത്യയോടും ഇന്ത്യക്കാരോടും പ്രതികാരം ചെയ്യണമെന്ന് ആഗ്രഹം തുടങ്ങി. ഇന്ത്യയില്‍ പരമാവധി നഷ്ടങ്ങള്‍ ഉണ്ടാക്കുകയെന്നതായിരുന്നു പിന്നീടുള്ള ചിന്തയെന്നും ഹെഡ്‌ലി പറയുന്നു. ബോംബാക്രമണത്തില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും കൊല്ലപ്പെട്ടിരുന്നെന്നും ഹെഡ്‌ലി പറഞ്ഞു.

ഹെഡ്‌ലിയുടെ പിതാവ് പാക് പൗരനും മാതാവ് യുഎസ് പൗരയുമാണ്. 16 വയസുവരെ പാകിസ്ഥാനിലായിരുന്നു ഹെഡ്‌ലിയുടെ വിദ്യാഭ്യാസം. പിന്നീടാണ് അവര്‍ കുടുംബസമേതം യുഎസിലേക്ക് താമസം മാറിയത്.

മുംബൈ ഭീകരാക്രമണക്കേസിലെ എതിര്‍ വിസ്താരത്തിലാണ് ഹെഡ്‌ലി ഇക്കാര്യം പറഞ്ഞത്. വിസ്താരം മൂന്നാം ദിവസവും തുടരുന്നു. മുഖ്യപ്രതിയായ അബു ജിന്‍ഡാലിന്റെ അഭിഭാഷകന്‍ അബ്ദുള്‍ വഹാബ് ഖാനാണ് ഹെഡ്‌ലിയെ എതിര്‍വിസ്താരം ചെയ്യുന്നത്. വിസ്താരം നാലു ദിവസം വരെ തുടരുമെന്ന് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം വ്യക്തമാക്കി. അമേരിക്കയിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് വിസ്താരം നടക്കുന്നത്.

ഫെബ്രുവരി 13നാണ് ഹെഡ്‌ലിയുടെ ഒരാഴ്ച നീണ്ടുനിന്ന മൊഴിയെടുപ്പ് അവസാനിച്ചത്. മുംബൈ ഭീകരാക്രമണക്കേസില്‍ 35 വര്‍ഷത്തെ ജയില്‍ശിക്ഷ അമേരിക്കയില്‍ അനുഭവിക്കുകയാണ് ഹെഡ്‌ലി. ഭീകരാക്രമണത്തിന് ഐഎസ്‌ഐ സാമ്പത്തിക, സൈനിക, ധാര്‍മിക പിന്തുണ നല്‍കിയിരുന്നതായി ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു. ഭീകരസംഘടനകളായ ലക്ഷര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയ്ക്കായിരുന്നു സഹായം നല്‍കിയിരുന്നതെന്നായിരുന്നു വെളിപ്പെടുത്തല്‍. ആക്രമണം സംഘടിപ്പിക്കുന്നതില്‍ താനും പങ്കാളിയായിരുന്നുവെന്നും ഹെഡ്‌ലി സമ്മതിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here